

പത്തനംതിട്ട: കണ്ണൂരില്‍ മരിച്ച എഡിഎമ്മിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍ ആരോപിച്ചു. ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പിന്നെ അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വരുമെന്നും അനില്‍ ചോദിച്ചു.
ഇക്കാര്യം വിശദീകരിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടന്നില്ല. ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുണ്ട്. മൃതശരീരത്തില്‍ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം ഒരു മുറിവ് ശരീരത്തില്‍ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നു എന്ന് പറയേണ്ടത് പൊലീസിന്റെ ബാധ്യതയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണെന്നും അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം തുടക്കം മുതല്‍ ശരിയായ ദിശയിലല്ല നടക്കുന്നത്. ഒരു പ്രതി മാത്രമല്ല ഇതിലുള്ളത്. ഒന്നിലധികം പേര്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണം. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം കോടതി പ്രഖ്യാപിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അനില്‍ പി നായര്‍ പറഞ്ഞു.
പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത
നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബര്‍ 15-ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ മൃതദേഹപരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ല. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ക്വസ്റ്റ് നടത്താന്‍ ബന്ധുക്കള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. എഫ്ഐആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും ഇല്ല. മരണത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്ഐആറിലെ ഉള്ളടക്കം.
മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ ഡിസിപിയോട് ആവശ്യപ്പെട്ടിരുന്നു. പിപി ദിവ്യയുടെ ഭര്‍ത്താവും, കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കലക്ടറോട് പറഞ്ഞപ്പോള്‍, ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നുവെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ മറുപടി പറഞ്ഞുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates