തിരുവനന്തപുരം: അപകടകരമായ മയക്കു മരുന്ന് പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ എംപി. പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തതിനെ പരാമർശിച്ചാണ് തരൂർ പഴയ നിലപാട് ഇപ്പോൾ ആവർത്തിച്ചത്. നേരത്തെ തന്നെ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് തരൂർ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
യുഎൻ നാർക്കോട്ടിക് മയക്കുമരുന്ന് കമ്മീഷനിൽ വന്ന (സിഎൻഡി) പ്രമേയത്തെ അനുകൂലിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇന്ത്യ വോട്ട് ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തരൂർ വീണ്ടും രംഗത്തെത്തിയത്.
'ഞാൻ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. രണ്ട് വർഷം മുമ്പ് ഇത് നിയമ വിധേയമാക്കാനുള്ള നയ ശുപാർശ നടത്തിയപ്പോൾ എനിക്ക് നേരെ ആക്രമണമുണ്ടായി. കഞ്ചാവ് കൈവശം വെച്ചതിന് ബോളിവുഡ് താരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനിടയിലും, അപകടകരമായ മയക്കു മരുന്നുകളുടെ വിഭാഗത്തിൽ നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎൻ കമ്മീഷൻ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു'- തരൂർ ട്വിറ്ററിൽ കുറിച്ചു.
2018-ൽ കഞ്ചാവിനെ നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച് താനിട്ട ട്വീറ്റും തരൂർ ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. 'എന്റെ അനന്തരവൻ അവിനാശ് തരൂരുമായി, രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും അനുകൂലമായി വാദിച്ചുകൊണ്ട് ഞാൻ മയക്കുമരുന്ന് നയ ചർച്ചയിൽ ഏർപ്പെട്ടു'- പഴയ ട്വീറ്റിൽ തരൂർ ഇങ്ങനെ കുറിച്ചു.
1961ലെ മയക്കുമരുന്ന് മരുന്നുകൾക്കായുള്ള സിംഗിൾ കൺവെൻഷന്റെ ഷെഡ്യൂൾ ഫോറിൽനിന്ന് കഞ്ചാവ് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായിട്ടാണ് മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വോട്ട് ചെയ്തത്. 53 അംഗ സിഎൻഡി അംഗ രാജ്യങ്ങളിൽ ഇന്ത്യ, യുഎസ് അടക്കം 27 രാജ്യങ്ങളാണ് കഞ്ചാവിനെ ഈ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ചൈന, പാകിസ്ഥാൻ, റഷ്യ തുടങ്ങി 25 രാജ്യങ്ങൾ എതിർത്തു. അംഗ രാജ്യമായ യുക്രൈൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates