ഓഫീസുകൾ കയറിയിറങ്ങേണ്ട, സേവനങ്ങൾ വിരൽത്തുമ്പിൽ ; 150 പഞ്ചായത്തുകളിൽ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയർ സംവിധാനം

ഫോൺനമ്പരും ഇമെയിൽ ഐഡിയും ആധാർ നമ്പരും ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിന് ശേഷം പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉപയോഗിക്കാനാകും
മന്ത്രി എം വി ​ഗോവിന്ദൻ ഉദ്ഘാടനം നിർവഹിക്കുന്നു / ഫെയ്സ്ബുക്ക് ചിത്രം
മന്ത്രി എം വി ​ഗോവിന്ദൻ ഉദ്ഘാടനം നിർവഹിക്കുന്നു / ഫെയ്സ്ബുക്ക് ചിത്രം
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയർ വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം 
മന്ത്രി എം വി ​ഗോവിന്ദൻ നിർവഹിച്ചു. ഓഫീസുകളിലേക്ക് പോകാതെ തന്നെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാവുകയാണ്. ഇത് ഭരണസംവിധാനത്തിനാകെ വേഗത കെെവരിക്കുവാൻ സഹായകരമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  
 
ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം അഥവാ ഐഎൽജിഎംഎസ്. ആദ്യഘട്ടത്തിൽ കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിച്ചിട്ടുണ്ട്.  

രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.  ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനും ഓൺലൈൻ പെയ്മെന്റ് നടത്തുന്നതിനും സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 

ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കുന്നതിനുമുള്ള സംവിധാനം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായുള്ള സിറ്റിസൺ പോർട്ടലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തിയാണ് ഐഎൽജിഎംഎസ് അപ്ലിക്കേഷൻ വികസിപ്പിച്ചത്.

ഫ്രണ്ട് ഓഫീസിൽ അപേക്ഷ നൽകുമ്പോൾ തന്നെ അത് പരിശോധിച്ച് പൂർണമാണോ എന്നും അനുബന്ധ രേഖകളെല്ലാം ഉണ്ടോ എന്നും ഉറപ്പുവരുത്താനും സ്വീകരിക്കുന്ന അപേക്ഷ ഓൺലൈനായി തന്നെ പരിശോധിച്ച് സമയബന്ധിതമായി തീർപ്പു കല്പിക്കാനും ഐഎൽജിഎംഎസിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.  അപേക്ഷകളുടെ തൽസ്ഥിതി പൊതുജനങ്ങൾക്ക് ഉൾപ്പെടെ ട്രാക്ക് ചെയ്യാനും സേവനം ഉറപ്പു വരുത്താനും സാധിക്കും. 

കെട്ടിടത്തിന്റെ ഓണർഷിപ്പ്, ബിപിഎൽ ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ,  വസ്തു നികുതി ഒഴിവിനുള്ള അപേക്ഷ,  വിവരാവകാശ അപേക്ഷ,  എന്നിങ്ങനെ ഈസ് ഓഫ് ഡൂയിങ് ഉറപ്പാക്കുന്ന,  ലൈസൻസ് ലഭിക്കുന്നതിനും  പുതുക്കുന്നതിനുമുള്ള അപേക്ഷകൾ മുതൽ വികസന- പദ്ധതി നിർദേശങ്ങൾ നൽകുന്നതിനു വരെയുള്ള സൗകര്യം ഐഎൽജിഎംഎസിലും അതിന്റെ ഭാഗമായുള്ള സിറ്റിസൺ പോർട്ടലിലും ലഭ്യമാണ്. 

നിലവിൽ ലഭിക്കുന്നത് 213 സേവനങ്ങളാണ്. അവയുടെ എണ്ണം ഇനിയും വർദ്ധിക്കും. 303 പഞ്ചായത്തുകളിലാണ് നിലവിൽ ഐഎൽജിഎംഎസ് സേവനം ലഭ്യമായിട്ടുള്ളത്. ഈ പഞ്ചായത്തുകളിൽ https://erp.lsgkerala.gov.in/ എന്ന ലിങ്കിലൂടെയും ശേഷിക്കുന്ന 638 പഞ്ചായത്തുകളിൽ മേൽപ്പറഞ്ഞ സേവനങ്ങൾ http://citizen.lsgkerala.gov.in/ എന്ന പോർട്ടലിലൂടെയും പൊതുജനങ്ങൾക്ക് ലഭ്യമാകും. 
ഫോൺനമ്പരും ഇമെയിൽ ഐഡിയും ആധാർ നമ്പരും ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിന് ശേഷം പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉപയോഗിക്കാനാവുമെന്ന് മന്ത്രി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com