

കൊച്ചി: വൈപ്പിന്‍ ഓച്ചന്തുരുത്തില്‍ നിര്‍ധനരായ രോഗികളെ ചികിത്സിക്കുന്ന, പാലിയേറ്റീവ് കെയര്‍ സെന്ററായ ജെറമിയാസ് അഞ്ജലി ഹോമില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ച ഐസിയുവിന്റെയും ലാബിന്റെയും ഉദ്ഘാടനം നാളെ. കൈത്താങ് എന്ന പേരിലുള്ള പദ്ധതി അനുസരിച്ച് 6 കിടക്കകളുള്ള ഐസിയുവാണ് സജ്ജമാക്കുന്നത്.
ലെവല്‍-1 ഐസിയുവില്‍ നൂതന കിടക്കകള്‍, ഓക്‌സിജന്‍ ഉപകരണങ്ങള്‍, ഒന്നിലധികം മോണിറ്ററുകള്‍, രക്തസമ്മര്‍ദ്ദ നിരീക്ഷണ ഉപകരണങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രോഗികള്‍ക്ക് 24 മണിക്കൂറും പരിചരണം ലഭിക്കുന്നതിന് നഴ്‌സിങ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വൃക്ക വൈകല്യമുള്ള രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സേവനങ്ങള്‍ നല്‍കുന്ന സൗകര്യം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. റോട്ടറി ജില്ലാ ഗവര്‍ണര്‍ ഇലക്ട് ഡോ. ജി എന്‍ രമേശ് ഐസിയുവിന്റെയും വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ പാത്തോളജി ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എംപി അടക്കം നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
നിലവില്‍ വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ട 77 വ്യക്തികളാണ് ജെറമിയാസ് ഹോം ആന്റ് ബെര്‍ട്ടോണി പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ നേതൃത്വത്തിലുള്ള അഞ്ജലി ഹോമിലുള്ളത്. സൗജന്യ ഡയാലിസിസ് വാഗ്ദാനം ചെയ്യുക, ആശുപത്രികളില്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക, ആവശ്യാനുസരണം സൗജന്യ വൈദ്യ സേവനങ്ങളും പരിചരണവും നല്‍കുക എന്നിവയുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പീറ്ററിന്റെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഉടനടി അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഐസിയു സജ്ജമാക്കിയത്.
റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലില്‍ 95 അംഗങ്ങളാണ് ഉള്ളത്. പ്രസിഡന്റ് ഡോ. സുജിത് ജോസിന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ ഈ പദ്ധതിക്ക് ആഗോള ഗ്രാന്റ് ലഭിക്കുന്നതിന് വളരെയധികം പരിശ്രമിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലില്‍ കൂടുതല്‍ പേരും മെഡിക്കല്‍ പ്രൊഫഷണലുകളാണ്. ഓരോ വര്‍ഷവും ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് അടക്കം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തി വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
