

തിരുവന്തപുരം: തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയില്‍ രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു. രാവിനെ പകലാക്കി വീടുകളും മറ്റു സ്ഥാപനങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചും പടക്കംപൊട്ടിച്ചുമാണ് ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആശംസകള്‍ നേര്‍ന്നു. '500 വര്‍ഷങ്ങള്‍ക്കു ശേഷം ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രൗഢമായ ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്'- മോദി എക്‌സില്‍ കുറിച്ചു.
സംസ്ഥാനത്ത് ഒരുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി. ഇക്കൊല്ലം കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ദീപാവലി ഒരേ ദിവസം തന്നെ. കാരണം 31ന് പകല്‍ 23 നാഴിക 54 വിനാഴിക വരെ ചതുര്‍ദശിയും അതുകഴിഞ്ഞ് കറുത്ത വാവുമാണ്.
രാവണവധവും 14വര്‍ഷത്തെ വനവാസവും കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതും, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതുമൊക്കെയായി ദീപാവലിയുടെ ഐതിഹ്യങ്ങള്‍ നിരവധി. ജൈനമതക്കാര്‍ മഹാവീരന്റെ നിര്‍വാണം നേടിയ ദിവസമായാണ് ദീപാവലി ദിനത്തെ അനുസ്മരിക്കുന്നത്.
കുടുംബങ്ങളുടെ ഒത്തുചേരലും മധുരപലഹാരങ്ങള്‍ പങ്കുവയ്ക്കലുമായി ആഘോഷം ഏകതയുടെ പ്രതീകമാകും. ആഘോഷത്തിനിടെ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.
രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ആദ്യമായെത്തുന്ന ദീപാവലി അതിഗംഭീരമായി കൊണ്ടാടാനുള്ള തയ്യാറെടുപ്പിലാണ് അയോധ്യ നഗരം. രാം ലല്ലയുടെ പ്രതിഷ്ഠ പൂര്‍ത്തിയായ ശേഷം ആദ്യമെത്തുന്ന ദീപാവലി അക്ഷരാര്‍ത്ഥത്തില്‍ അയോധ്യ നിവാസികള്‍ ആഘോഷ പൂര്‍ണമാക്കാനാണ് തീരുമാനം. ചരിത്രപരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് അയോധ്യയിലേക്ക് എത്തിയത്.
നഗരം മുഴുവന്‍ നിറങ്ങളില്‍ മുങ്ങിയ കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് ഗിന്നസ് റെക്കോര്‍ഡുകളും ദീപാവലിയുടെ പേരില്‍ അയോധ്യയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടു. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പും അയോധ്യ ജില്ലാ ഭരണകൂടവും ഒരുമിച്ച് നിന്ന് നടത്തിയ ആഘോഷ പരിപാടികള്‍ക്കാണ് രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ നേടാനായത്. ദീപാവലിക്ക് മുന്നോടിയായുള്ള ദീപോത്സവത്തില്‍ 25 ലക്ഷം ചെരാതുകള്‍ തെളിയിക്കാനാണ് സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 25,12,585 ചെരാതുകള്‍ തെളിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates