കാറ്റാടിയന്ത്ര കമ്പനിയില്‍ നിക്ഷേപം, വന്‍ലാഭം; വാട്സ്ആപ്പ് വഴി പുതിയ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ്

സീമെന്‍സ് ഗെയിംസ് റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് (SGRE) കമ്പനിയുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കി ഉത്പനങ്ങളില്‍ നിക്ഷേപം ലക്ഷണിച്ചും മണി ചെയിന്‍ മാതൃകയില്‍ കൂടുതല്‍ പേരെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചുമാണ് തട്ടിപ്പ്
Online job scams; Police warn against money mule crimes
പ്രതീകാത്മക ചിത്രം ഫെയ്‌സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: പ്രമുഖ കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ വാട്‌സ്ആപ്പില്‍ ലഭിക്കുന്ന സന്ദേശം പുതിയ സാമ്പത്തിക തട്ടിപ്പെന്ന് കേരള പൊലീസ്. സീമെന്‍സ് ഗെയിംസ് റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് (SGRE) കമ്പനിയുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കി ഉത്പന്നങ്ങളില്‍ നിക്ഷേപം ലക്ഷണിച്ചും മണി ചെയിന്‍ മാതൃകയില്‍ കൂടുതല്‍ പേരെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചുമാണ് തട്ടിപ്പെന്ന് പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സീമെന്‍സ് ഗെയിംസ് റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശത്തോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പലര്‍ക്കും സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ആയിരിക്കും ഈ സന്ദേശം ലഭിക്കുക. പിന്നീട് പല ഘട്ടങ്ങളായി ആളുകളുടെ വിശ്വാസം നേടിയാണ് തട്ടിപ്പിന്റെ ഭാഗമാക്കുന്നത്.

വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടുകൂടി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അംഗമാകുന്നു. കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിര്‍മ്മാണകമ്പനിയില്‍ നിക്ഷേപം നടത്തി ലാഭം കൈവരിക്കുന്നതിനുള്ള പ്രരണയാണ് പിന്നീട് ലഭിക്കുക. തുടര്‍ന്ന് കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുകൊണ്ട് പ്രസ്തുത കമ്പനിയുടെ ഉത്പന്നങ്ങളില്‍ നിക്ഷേപം നടത്താനുള്ള പ്രേരണയും ലഭിക്കും.

നിക്ഷേപം നടത്തുന്നവര്‍ക്ക് തുടക്കത്തില്‍ ലാഭവിഹിതം എന്ന പേരില്‍ ചെറിയതുകകള്‍ നല്‍കി വിശ്വാസം നേടിയെടുക്കുന്നു. മാത്രമല്ല കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ നിക്ഷേപകരായി ചേര്‍ക്കുന്നതിലൂടെ ഒരു നിശ്ചിത ശതമാനം അധികലാഭം നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വ്യാപിപ്പിക്കുന്നതുമാണ് ഇവരുടെ രീതി. നിക്ഷേപകര്‍ പണം മടക്കി ആവശ്യപ്പെടുമ്പോള്‍ ലഭിക്കാതിരിക്കുന്നതോടെയാണ് മിക്കവരും തട്ടിപ്പ് തിരിച്ചറിയുന്നത് എന്ന് പൊലീസ് പറയുന്നു.

അമിതലാഭം വാഗ്ദാനം നല്‍കിക്കൊണ്ടുള്ള ജോലി വാഗ്ദാനങ്ങളിലോ, ഓണ്‍ലൈന്‍ നിക്ഷേപങ്ങളിലോ പൊതുജനങ്ങള്‍ ഇടപാടുകള്‍ നടത്താതിരിക്കുക. ഇത്തരം തട്ടിപ്പുകാര്‍ക്ക് യഥാര്‍ത്ഥ കമ്പനിയുമായി യാതൊരു വിധ ബന്ധവുമില്ല. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ നിക്ഷേപവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ പരസ്യങ്ങള്‍, ലിങ്കുകള്‍, ആപ്പുകള്‍ എന്നിവ പൂര്‍ണ്ണമായും അവഗണിക്കുകയുമാണ് സുരക്ഷിതമെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികള്‍ സമര്‍പ്പിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com