NDPS case- കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോ​ഗം കൂടുന്നു; കടത്താൻ സ്കൂൾ വിദ്യാർഥികളും; 2 മാസത്തിനിടെ 36 കേസുകൾ

2022 മുതൽ എൻഡിപിഎസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വർദ്ധന
Involvement of minors in NDPS cases on rise in state
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത്, ലഹരി ഉപയോ​ഗ കേസുകളിൽ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയാകുന്നു. ലഹരി ഇടപാടുകാർ സ്കൂൾ വിദ്യാർഥികളെ മനഃപൂർവം ലക്ഷ്യമിടുന്നതായും അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 2022 മുതൽ മയക്കുമരുന്ന് കടത്തിയതിനു 134 പ്രായപൂർത്തിയാകാത്തവരെ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാർ നിയമപരമായ പഴുതുകൾ ഉപയോഗപ്പെടുത്തിയാണ് പ്രായപൂർത്തിയാകാത്തവരെ കെണിയിൽ വീഴ്ത്തുന്നത്.

2022 മുതൽ എൻഡിപിഎസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വർദ്ധനവ് ഉണ്ടായതായി ഉദ്യോഗസ്ഥർ പറയുന്നു. 2021ൽ 23 എൻഡിപിഎസ് കേസുകളായിരുന്നു. 2022ൽ ഇത് 40 ആയി ഉയർന്നു. 2023 ൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ 39 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു. 2024ൽ കേസുകളുടെ എണ്ണം 55 ആയി. ഈ വർഷമാകട്ടെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ പ്രായപൂർത്തിയാകാത്തവർക്കെതിരെ 36 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 മുതൽ എക്സൈസ് രജിസ്റ്റർ ചെയ്ത എൻ‌ഡി‌പി‌എസ് കേസുകളിൽ 86 പ്രായപൂർത്തിയാകാത്തവരെ ശിക്ഷിച്ചു. ഒരാൾ മാത്രം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

സ്കൂൾ കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗമാണ് ഏറ്റവും വലിയ ആശങ്ക. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന എൻ‌ഡി‌പി‌എസ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് സൂചിപ്പിക്കുന്നത് മയക്കുമരുന്ന് വിൽപ്പനക്കാർ ഇപ്പോൾ സ്കൂൾ വിദ്യാർഥികളെ മനഃപൂർവം ലക്ഷ്യമിടുന്നു എന്നാണ്. നിർഭാഗ്യവശാൽ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നോ അതിന്റെ വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ അറിയുന്നതു പോലുമില്ലെന്നു ഒരു എക്സൈസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

പിടിക്കപ്പെട്ടാലും പ്രായപൂർത്തിയാകാത്തവർക്ക് ചെറിയ ശിക്ഷകൾ മാത്രമാണ് ചുമത്തുന്നത്. പരമാവധി ശിക്ഷ 4,000 രൂപ പിഴ മാത്രമായിരിക്കും. ഇത്തരം കേസുകളിൽ കുട്ടി കുറ്റവാളികൾക്കു ജുവനൈൽ ജസ്റ്റിസ് ബോർഡ് പലപ്പോഴും ജാമ്യം നൽകുന്നു. ഈ കുട്ടികൾ വീണ്ടും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്നതിനാണ് മുൻഗണന. അവരുടെ മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകുകയും കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുമായി നിരന്തരം സമ്പർക്കം പുലർത്തുകയുമാണ് എക്സൈസ് ലക്ഷ്യമിടുന്നതെന്നും മറ്റൊരു ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

12 വയസുള്ള മകനെ മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ച കുട്ടപ്പുഴ സ്വദേശിയെ ഈ മാസം ആദ്യം തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സംശയിക്കില്ലെന്ന് കരുതിയാണ് തന്റെ കുട്ടിയെ മയക്കുമരുന്ന് എത്തിക്കാൻ ഉപയോഗിച്ചതെന്നു ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.

പ്രായപൂർത്തിയാകാത്തവരെ മയക്കുമരുന്ന് കൊറിയർമാരായി ഉപയോഗിച്ച കേസുകൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ‌പി‌എഫ്) കണ്ടെത്തിയിട്ടുണ്ട്. ഒഡിഷ, പശ്ചിമ ബംഗാൾ ട്രെയിനുകൾ വഴി മയക്കുമരുന്നും കഞ്ചാവും കടത്തുന്ന വ്യക്തികൾ പിടിക്കപ്പെടുന്നതിനാൽ കടത്തുകാർ സ്ത്രീകളെയും കുട്ടികളെയും കാരിയർമാരായി ഉപയോഗിക്കുന്നു. ഓരോ യാത്രയിലും കഞ്ചാവ് കടത്തിയാൽ 5,000 രൂപ വരെ സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നു. സമീപ വർഷങ്ങളിൽ ഇത്തരം കേസുകൾ ഗണ്യമായി വർദ്ധിച്ചു. കൂടുതൽ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും കൊച്ചിയിലെ ഒരു ആർ‌പി‌എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com