

തിരുവനന്തപുരം: സര്‍ക്കാര്‍ സൗജന്യമായും കുറഞ്ഞ വിലയ്ക്കും നല്‍കുന്ന ജെനറിക് മരുന്നുകള്‍ രോഗം ശമിപ്പിക്കുന്നതില്‍ വിലകൂടിയ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കൊപ്പം തന്നെ ഫലം ചെയ്യുന്നവയാണെന്ന് പഠനം. വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ 22 ചികിത്സാ വിഭാഗങ്ങളിലായി 131 മരുന്നുകളില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത്തരത്തില്‍ ആദ്യം നടക്കുന്ന പഠനമാണിത്.
മിഷന്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത് (MESH) നടത്തിയ പഠനത്തില്‍ ജെനറിക് മരുന്നുകള്‍ ബ്രാന്‍ഡഡ് വകഭേദങ്ങളെപ്പോലെ തന്നെ ഫലപ്രദമാണെന്ന് കണ്ടെത്തി. ജെനറിക് മരുന്നുകളെ അപേക്ഷിച്ച് ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 5 മുതല്‍ 14 മടങ്ങ് വരെ വില കൂടുതലാണ്. മരുന്നുകളുടെ ഗുണനിലവാരത്തിന് വിലയുമായി ബന്ധമില്ലെന്നും 1 രൂപ വിലയുള്ള മരുന്നും 10 രൂപ വിലയുള്ള ടാബ്ലെറ്റും ലാബ് പരിശോധനകളില്‍ മികച്ച ഫലം നല്‍കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
വില കുറഞ്ഞ മരുന്നുകള്‍ മോശം ഫലം നല്‍കുന്നുവെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും പഠനത്തിലൂടെ കണ്ടെത്തിതയായി ക്ലിനീഷ്യന്‍-ശാസ്ത്രജ്ഞനും MESHന്റെ പ്രസിഡന്റുമായ ഡോ. സിറിയക് ആബി ഫിലിപ്‌സ് പറഞ്ഞു.'ഇത്തരം മരുന്നുകളുടെ ഗുണനിലവാരം മികച്ചതാണെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു. അതിലും പ്രധാനമായി, ഇത് ജനറിക്സിനെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുന്നു. ബ്രാന്‍ഡഡ് മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്ത രോഗികള്‍ക്ക് സുരക്ഷിതമായി ബ്രാന്‍ഡഡ് ജനറിക്സോ കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ മരുന്നുകളോ തെരഞ്ഞെടുക്കാം,' അദ്ദേഹം പറഞ്ഞു.
ജന്‍ ഔഷധി സ്റ്റോറുകള്‍ വഴിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംഎസ്‌സിഎല്‍) വഴിയും വിതരണം ചെയ്ത മരുന്നുകളാണ് പഠനത്തിന് ഉപയോഗിച്ചത്. കേരള മെഡിക്കന്‍ സര്‍വീസ് കോര്‍പ്പറേഷന്‍(KMSCL) സൗജന്യമായി നല്‍കുന്ന, പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നായ മെറ്റ്‌ഫോര്‍മിന്‍ ഇതിലൊന്നാണ്. ജന്‍ ഔഷധിയില്‍, ഒരു സ്ട്രിപ്പ് (10 ടാബ്ലെറ്റുകള്‍) 6.60 രൂപയ്ക്ക് വില്‍ക്കുന്നു, അതേസമയം ബ്രാന്‍ഡഡ് പതിപ്പുകള്‍ സ്വകാര്യ ഫാര്‍മസികളില്‍ 21.20 രൂപയ്ക്ക് വില്‍ക്കുന്നു. കാല്‍സ്യം സപ്ലിമെന്റുകള്‍ അല്ലെങ്കില്‍ ആസിഡ് റിഡ്യൂസറുകള്‍ എന്നിവയില്‍ ബ്രാന്‍ഡഡ് പേരുകള്‍ക്ക് രോഗികള്‍ ഏകദേശം 14 മടങ്ങ് കൂടുതല്‍ പണം നല്‍കേണ്ടിവരുന്നുണ്ട്.
ഇത്തരം മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കില്‍ ഏറ്റവും വിലകുറഞ്ഞ മരുന്നുകള്‍ വാങ്ങുന്നതിലൂടെ വാര്‍ഷത്തില്‍ മരുന്നു ചെലവ് 66,000 രൂപയില്‍ കൂടുതല്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഡോ. ഫിലിപ്‌സ് പറഞ്ഞു. 'സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന ജനറിക് മരുന്നുകള്‍ വലിയ ലാഭം നല്‍കുന്നു, പല കേസുകളിലും ഇവയുടെ ബ്രാന്‍ഡഡ് ബദലുകളേക്കാള്‍ ഏകദേശം 82% വില കുറവായിരിക്കും ഇവയ്ക്ക്. അതുകൊണ്ട് തന്നെ ഇവ ശരിയായ മാര്‍ഗങ്ങളിലൂടെ തന്നെ വാങ്ങണം,' അദ്ദേഹം പറഞ്ഞു.
പഠനത്തിനായി, 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ MESH ഗവേഷകര്‍ പ്രമേഹം, ഹൃദ്രോഗം, അണുബാധകള്‍, വേദന, ഉദര രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ 22 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 131 മരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു. ശരിയായ ഫലം ലഭിക്കുന്നതിനായി ഏഴ് തരം ഔട്ട്‌ലെറ്റുകളില്‍ നിന്ന് മരുന്നുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. കേന്ദ്ര സര്‍ക്കാരും യുഎസ് എഫ്ഡിഎയും അംഗീകരിച്ച അംഗീകൃത ലബോറട്ടറിയായ യുറീക്ക അനലിറ്റിക്കല്‍ സര്‍വീസസിലാണ് എല്ലാ സാമ്പിളുകളും പരീക്ഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates