

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. പ്രസംഗത്തില്‍ ഇ പി ജയരാജന് പൂര്‍ണപിന്തുണ നല്‍കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. പി സരിനെ ഇപി ജയരാജന് അറിയുക പോലുമില്ലായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ഇപി ജയരാജന്റെ പുസ്തക വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അത് യുഡിഎഫിനെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാള്‍ പുസ്തകം എഴുതിയാല്‍ പ്രകാശനത്തിന് അയാള്‍ വേണ്ടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. താനൊരു ആത്മകഥ എഴുതുന്നുണ്ട് എന്നത് ശരിയാണെന്നും എന്നാല്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്നുമാണ് ഇപി വ്യക്തമാക്കിയത്. ആരെയും പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം ഏല്‍പ്പിച്ചിട്ടുമില്ല. ഒരു പ്രസിദ്ധീകരണശാലയുമായി കരാര്‍ ഒപ്പിട്ടുമില്ല. എഴുതുന്നതറിഞ്ഞ് ചില പ്രസിദ്ധീകരണശാലകള്‍ ബന്ധപ്പെട്ടിരുന്നു. എഴുതി തീരട്ടെ നമുക്ക് ആലോചിക്കാമെന്നാണ് ഇപി മറുപടി നല്‍കിയത്. എഴുതിയ ആളില്ലാതെ ഒരു പ്രകാശനം സാധാരണ നടക്കുമോ? എഴുതിയ ആള്‍ക്ക് മറ്റെന്തെങ്കിലും സംഭവിച്ചാല്‍ നടക്കുമായിരിക്കും. പുസ്തകം വായനക്കുള്ളതാണ്. വായനക്കുള്ള പുസ്തകം നേരെ വാട്‌സ് ആപ്പ് സന്ദേശമായി ആരെങ്കിലും കൊടുക്കുമോയെന്നും പിണറായി വിജയന്‍ ചോദിച്ചു.
പ്രസിദ്ധീകരണശാല ആ പുസ്തകത്തിന്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചതെന്ന് ഡിസിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. വിവാദമായ വിഷയങ്ങള്‍ താന്‍ ആ പുസ്തകത്തില്‍ എഴുതിയിട്ടുമില്ല. എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നാണ് ഇപി പറഞ്ഞത്. സരിനെന്ന് പറഞ്ഞയാളെ ഇപിക്ക് അറിയാമോയെന്ന് ഞങ്ങള്‍ ചോദിച്ചു.സരിന്‍ പുതുതായി വന്നയാളാണ് മിടുക്കനാണ്. നേരത്തെ സരിന്‍ മറ്റൊരു ചേരിയിലായിരുന്നല്ലോ. സരിനെ തനിക്കറിയില്ലെന്നും അറിയാത്ത ആളെക്കുറിച്ച് താന്‍ എഴുതേണ്ട ആവശ്യമില്ല എന്നുമാണ് ഇപി പറഞ്ഞത്. സരിനെക്കുറിച്ച് യാതൊന്നും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രളയം വന്നപ്പോള്‍ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെതിരെ കോണ്‍ഗ്രസ് മിണ്ടിയില്ല. വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. അതില്‍ നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്തു. കേന്ദ്രം മറ്റു സംസ്ഥങ്ങള്‍ക്ക് സഹായം നല്‍കി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മള്‍ എന്താ ഇന്ത്യക്ക് പുറത്തുള്ളവര്‍ ആണോയെന്നും പിണറായി വിജയന്‍ ചോദിച്ചു. വലതുപക്ഷ മാധ്യമങ്ങളും ചര്‍ച്ചക്കാരും പറഞ്ഞത്, കേരളം കൊടുത്തത് കള്ള കണക്ക് ആണെന്നാണ്. ഇതാണോ നാടിന് വേണ്ടിയുള്ള മാധ്യമ പ്രവര്‍ത്തനമെന്നും പിണറായി വിമര്‍ശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates