

കൊച്ചി: ഇന്ത്യയില്‍ പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണോ? കേരളമാണെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് എന്‍ പ്രശാന്ത് ഐഎഎസ് പറയുന്നത്. ഇന്ത്യയില്‍ പണപ്പെരുപ്പനിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 6.71 ശതമാനമാണ്. കേരളത്തില്‍ ഭക്ഷ്യവസ്തുക്കളായ വെളിച്ചെണ്ണ, അരി, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, മാംസം, മത്സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. വ്യക്തിഗത പരിചരണം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലും കേരളത്തില്‍ ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലുടനീളം ഏകീകൃത ചരക്ക് സേവന നികുതിയും (ജിഎസ്ടി), RBI നിശ്ചയിക്കുന്ന ഏകീകൃത പലിശ നിരക്കുകളും കാരണം ഇന്ത്യയില്‍ ഒട്ടാകെ വിലക്കയറ്റം ചരിത്രപരമായ കുറഞ്ഞ റേറ്റില്‍ എത്തിയിട്ടും കേരളത്തില്‍ വില കൂടാനുള്ള കാരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അക്കമിട്ട് വിശദീകരിച്ചിരിക്കുകയാണ് എന്‍ പ്രശാന്ത്.
കാര്യക്ഷമമായ കമ്പോള ഇടപെടലും ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ഡിയര്‍ന്നെസ് അലവന്‍സ് നല്‍കുന്നതുമാണ് ഭീകരമായ വിലക്കയറ്റത്തിന്റെ വേദന ഒരല്‍പമെങ്കിലും കുറക്കാന്‍ ഷോര്‍ട്ട് ടേമില്‍ ചെയ്യേണ്ടത്. എന്നാല്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ കമ്പോള ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നും എന്‍ പ്രശാന്ത് കുറിപ്പില്‍ ഓർമ്മിപ്പിക്കുന്നു.
കുറിപ്പ്:
കേരളത്തില്‍ മാത്രം വിലക്കയറ്റം ഉണ്ടാവുമോ?
ജയില്‍ ചാടിയ ഗോവിന്ദച്ചാമി അവശ്യസാധനങ്ങളുടെ വിലപ്പട്ടിക കണ്ട് വേഗം ജയിലിലേക്ക് മടങ്ങിയതാണെന്നൊരു ട്രോള്‍ കണ്ടു. ലേശം ഗവേഷണം ചെയ്യണമല്ലോ!
ഇന്ത്യയില്‍ പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നത് എത്രപേര്‍ ശ്രദ്ധിച്ചു എന്നറിയില്ല. (ലിങ്ക് കമന്റില്‍) ഇന്ത്യയില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1% ഉള്ളപ്പോള്‍ കേരളത്തില്‍ 6.71% ആണ് പണപ്പെരുപ്പം. അവിശ്വസനീയമല്ലേ?
ഭക്ഷ്യവസ്തുക്കളായ വെളിച്ചെണ്ണ, അരി, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, മാംസം, മത്സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. വ്യക്തിഗത പരിചരണം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയതായി കണക്കുകള്‍.
ഇന്ത്യയിലുടനീളം ഏകീകൃത ചരക്ക് സേവന നികുതിയും (ജിഎസ്ടി), RBI നിശ്ചയിക്കുന്ന ഏകീകൃത പലിശ നിരക്കുകളും ഉള്ളപ്പോള്‍ ഇന്ത്യയില്‍ ഒട്ടാകെ വിലക്കയറ്റം ചരിത്രപരമായ കുറഞ്ഞ റേറ്റ് എത്തിയപ്പോള്‍, കേരളത്തില്‍ എന്തുകൊണ്ട് വില കൂടുതലാവുന്നു?
1. ചരക്ക് ഗതാഗത ചെലവും ലോജിസ്റ്റിക്‌സ് ചെലവും:
കേരളം ഇന്ത്യയുടെ തെക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്, ഇവിടേക്ക് ചരക്ക് നീക്കം കുറവാണ്. കൂടാതെ വലിയ ഉല്‍പ്പാദന കേന്ദ്രങ്ങളുമില്ല, അതിനാല്‍ സാധനങ്ങള്‍ ദീര്‍ഘദൂരം കടത്തിക്കൊണ്ടുവരണം. തുറമുഖങ്ങള്‍ ഉണ്ടെങ്കിലും അതുവഴി ഇറക്കുമതി ലാഭകരമല്ലാത്ത വിധത്തിലുള്ള ഓവര്‍ ഹെഡ് ചിലവുകളുണ്ട്.
ഗതാഗത ചെലവ് പൂര്‍ണ്ണമായും ജിഎസ്ടി ഇന്‍പുട്ട് ക്രെഡിറ്റുകള്‍ വഴി നികത്തപ്പെടുന്നില്ല, പ്രത്യേകിച്ച് ജിഎസ്ടി-ക്ക് പുറത്തുള്ള ഇന്ധനത്തിന് (ഡീസല്‍/പെട്രോള്‍). ഇത് ജിഎസ്ടി ചുമത്തുന്നതിന് മുമ്പുതന്നെ സാധനങ്ങളുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിക്കുന്നു.
ഉദാഹരണം: ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവരുന്ന 20 കിലോ ഗ്യാസ് സിലിണ്ടറിനോ അരി ചാക്കിനോ ഒരേ ജിഎസ്ടി നിരക്കുകള്‍ ആണെങ്കിലും ഹൈദരാബാദിനെക്കാള്‍ കോഴിക്കോട് എത്താന്‍ കൂടുതല്‍ ചിലവാകും.
2. ഉയര്‍ന്ന റീട്ടെയില്‍ വാടകയും കൂലിചെലവുകളും:
കേരളത്തില്‍ നിര്‍മ്മാണം, സേവനങ്ങള്‍, റീട്ടെയില്‍, ഗാര്‍ഹിക ജോലികള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന ദിവസക്കൂലിയാണ് ഉള്ളത്. കടമുറികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കുമുള്ള വാടക, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍, കൂടുതലാണ്. ഉയര്‍ന്ന നിരക്കിലുള്ള പഞ്ചായത്ത്-കോര്‍പ്പറേഷന്‍ നികുതികള്‍, സെസ്സുകള്‍, യൂസര്‍ ഫീസുകള്‍, നോക്കുകൂലി - ഇതെല്ലാം സ്ഥാപന നടത്തിപ്പിന്റെ ചെലവ് കൂട്ടുന്നു. ഈ ചെലവുകള്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉയര്‍ന്ന വിലയായി ഉപഭോക്താക്കളിലേക്ക് എത്തുന്നു.
3. ഉപഭോഗം കൂടുതലുള്ളതും പ്രവാസിപ്പണം ഒഴുകുന്നതുമായ സമ്പദ്വ്യവസ്ഥ:
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ഉല്‍പ്പാദന അധിഷ്ഠിതമല്ല, മറിച്ച് പ്രവാസിപ്പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഈ ഉയര്‍ന്ന വാങ്ങല്‍ ശേഷി പ്രാദേശിക വ്യാപാരികളെയും സേവനദാതാക്കളെയും ഉയര്‍ന്ന വില ഈടാക്കാന്‍ സഹായിക്കുന്നു. സ്‌കൂള്‍, ആരോഗ്യം എന്നിവയ്ക്ക് മലയാളികള്‍ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യമേഖലയെ ആണ്. ഏറ്റവും കൂടുതല്‍ 'സ്വന്തം പണം' (out of pocket) ചെലവാക്കി ചികിത്സ തേടുന്ന സംസ്ഥാനവും കേരളമാണെന്നത് ഓര്‍ക്കണം.
ഫലം: വിദ്യാഭ്യാസം, ആരോഗ്യം, പലചരക്ക് സാധനങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നു.
4. ജിഎസ്ടിക്ക് പുറത്തുള്ള സംസ്ഥാനതല നികുതികളും ലെവികളും:
ഇന്ധനം, മദ്യം, വൈദ്യുതി തുടങ്ങിയ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ വ്യത്യസ്ത നികുതികള്‍ ചുമത്തുന്നു.
പെട്രോള്‍ ഡീസല്‍ നിര്‍ക്കുകള്‍ വര്‍ദ്ധിക്കുന്നതാണ് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. കേരളത്തിലെ പെട്രോള്‍ ഡീസല്‍ നിര്‍ക്കുകള്‍ ഇന്ത്യയിലെ ഏറ്റവും കൂടിയവയാണ്. വൈദ്യുതി നഷ്ടം, റെഗുലേറ്ററി കാര്യക്ഷമതയില്ലായ്മ എന്നിവ കാരണം വൈദ്യുതി നിരക്കുകള്‍ കൂടുതലാണ്. വൈദ്യുതി നിരക്കുകള്‍ ഇന്ധന നിരക്കുകള്‍ പോലെയാണ് - അത് എല്ലാത്തിലും പ്രതിഫലിക്കും. പുതിയ നികുതികള്‍, ഫീസുകള്‍, പലവിധ സെസ്സുകള്‍, യൂസര്‍ ചാര്‍ജ്ജുകള്‍, അനവധി ക്ഷേമനിധി ഫണ്ടുകള്‍, സ്റ്റാമ്പുകള്‍ - ഇവ ഓരോന്നും വര്‍ദ്ധിക്കുമ്പോള്‍ ബിസിനസ് ചെയ്യാനുള്ള ചെലവ് കൂടുകയും അത് ഉപഭോക്താവിലേക്ക് എത്തുകയും ചെയ്യും. ഇവയെല്ലാം കേരളത്തില്‍ ക്രമാനുഗതം കൂട്ടുന്ന പ്രവണതയാണ് കാണുന്നത്.
5. ഇറക്കുമതിയെ ആശ്രയിക്കുന്നത്
കേരളം അരി, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ പോലും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. ശക്തമായ പ്രാദേശിക ഉല്‍പ്പാദന കേന്ദ്രത്തിന്റെ അഭാവം വിലയില്‍ വ്യതിയാനങ്ങള്‍ക്കും, റീട്ടെയില്‍ വില വര്‍ദ്ധനവിനും കാരണമാകുന്നു, പ്രത്യേകിച്ച് പെട്ടെന്ന് നശിച്ചുപോകുന്ന സാധനങ്ങളില്‍.
കേരളത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം (CPI) 2014 മുതല്‍ 2019 വരെ ദേശീയ പ്രവണതകളെയാണ് പ്രധാനമായും പ്രതിഫലിച്ചത്. ഈ കാലയളവില്‍ ശരാശരി 4-5% ആയിരുന്നു പണപ്പെരുപ്പം. 2020-ന് ശേഷം, കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന്, വിതരണ ശൃംഖലയിലെ തടസ്സങ്ങളും ആരോഗ്യ സംരക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കുമുള്ള ചെലവ് വര്‍ദ്ധിച്ചതും കാരണം രാജ്യത്തുടനീളം പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു. ദേശീയ പണപ്പെരുപ്പം 2020-21-ല്‍ ഏകദേശം 6.7% ആയി ഉയര്‍ന്നപ്പോള്‍, കേരളത്തിലും ഉയര്‍ന്ന നില രേഖപ്പെടുത്തി. 2022 മുതല്‍ ഇന്ത്യയുടെ CPI ക്രമാനുഗതമായി കുറയാന്‍ തുടങ്ങിയപ്പോള്‍, കേരളത്തിലെ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. 2024-25 കാലയളവില്‍ ഈ അന്തരം കുത്തനെ വര്‍ദ്ധിച്ചു.
2025 ജൂണില്‍, ഇന്ത്യ CPI പണപ്പെരുപ്പത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1% രേഖപ്പെടുത്തിയപ്പോള്‍, കേരളം 6.7% ആയി ഉയര്‍ന്നു. ഇത് എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഇനിയെന്ത് ചെയ്യും മല്ലയ്യാ?
സത്യത്തില്‍ സര്‍ക്കാറും സര്‍ക്കാര്‍ ജീവനക്കാരും ഇല്ലെങ്കിലും ഇക്കണോമി നടക്കും. എന്നാല്‍ സര്‍ക്കാര്‍ നടക്കണമെങ്കില്‍ ഇക്കണോമിയെ ടാക്‌സ് ചെയ്യണം. അത് അമിതമായാല്‍ ഇക്കണോമി ഇടിച്ച് നില്‍ക്കും. ടാക്‌സ് കുറഞ്ഞാല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ പണമില്ലാതെ വരും. ഇതിനൊരു ബാലന്‍സുണ്ട്. പണപ്പെരുപ്പം നോക്കിയാണ് നികുതി നിശ്ചയിക്കേണ്ടത്. പ്രത്യേകിച്ച് indirect taxes. ഇന്ധനനികുതി, മറ്റ് സെസ്സുകള്‍, കെട്ടിട നികുതി, ഓവര്‍ഹെഡ് ചാര്‍ജ്ജുകള്‍, വൈദ്യുതി നിരക്ക് തുടങ്ങിയവ കുറച്ചില്ലെങ്കില്‍ ക്രമാനുഗതമായ വിലക്കയറ്റം തുടരും. സര്‍ക്കാര്‍ നടത്തിക്കൊണ്ട് പോകാന്‍ നികുതി പിരിക്കണമെങ്കിലും അതിന്റെ തോത് കുറച്ച് ബോയന്‍സിയിലൂടെ വേണം വരുമാനം കൂട്ടാന്‍. Tax buoyancy വര്‍ദ്ധിക്കണമെങ്കില്‍ economic activity വര്‍ദ്ധിക്കണം.
കൃഷിയിലും വ്യവസായത്തിലും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മള്‍ ചെയ്യേണ്ടത്. മാര്‍ക്കറ്റിനെ ഒഴിവാക്കി എല്ലാം സര്‍ക്കാറുദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ ഓടിക്കാനാവില്ല. ഈ കാഴ്ചപ്പാട് കാരണം കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വൈകുന്നത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. ഉദാഹരണത്തിന്, മലയാളികള്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും കൃഷി ചെയ്ത് കോടികള്‍ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ കര്‍ഷകന് ആധുനിക ഇന്റഗ്രേറ്റട് ഫാമിംഗ് നടത്താന്‍ തടസ്സം നില്‍ക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ മോണോക്രോപ് ചിന്താഗതിയാണ്. തോട്ടം മേഖലയില്‍ അനുവദിച്ചിട്ടുള്ള 6 വിളകള്‍ക്ക് ഒരു ദിവ്യത്തവും ഇല്ല. റമ്പൂട്ടാനെക്കാള്‍ എന്ത് കേമത്തമാണ് റബറിനുള്ളത്? അതുപോലെ, ഇന്ന് കാണുന്ന NH നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് കാരണം 15 വര്‍ഷം വൈകിയാണ് യാഥാര്‍ത്ഥ്യമാവുന്നത്. ഈ വൈകി ഉദിക്കുന്ന വിവേകത്തിന് വലിയ വില നല്‍കേണ്ടിവരുന്നുണ്ട്.
കാര്യക്ഷമമായ കമ്പോള ഇടപെടലും, ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ഡിയര്‍ന്നെസ് അലവന്‍സ് നല്‍കുന്നതുമാണ് ഭീകരമായ വിലക്കയറ്റത്തിന്റെ വേദന ഒരല്‍പമെങ്കിലും കുറക്കാന്‍ ഷോര്‍ട്ട് ടേമില്‍ ചെയ്യേണ്ടത്. എന്നാല്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ കമ്പോള ഇടപെടലുകള്‍ക്ക് പരിമിതിയുണ്ട്.
പണപ്പെരുപ്പം ക്രൂരമായ നികുതിയാണെന്ന് പറയാറുണ്ട്- കാരണം അത് ബാധിക്കുന്നത് ഏറ്റവും പാവപ്പെട്ടവരെയാണ്.
വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമോ?
ഇന്ത്യയില്‍ പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന എന്‍ പ്രശാന്തിന്റെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. പോസ്റ്റിനോട് യോജിപ്പ് പ്രകടിപ്പിച്ചും എതിര്‍പ്പ് രേഖപ്പെടുത്തിയും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വളരെ യാഥാര്‍ഥ്യങ്ങള്‍ നിറഞ്ഞതാണെന്നും കേരളത്തിലെ സംഘടിത തൊഴില്‍ നിയമങ്ങള്‍ ഒരു പരിധി വരെ വില കൂടുന്നതിനും കാരണമാകുന്നു എന്ന തരത്തിലാണ് പ്രശാന്തിന്റെ പോസ്റ്റിനെ പിന്തുണച്ചുള്ള കുറിപ്പുകള്‍. കേരളത്തില്‍ ഇന്‍ഫ്‌ലേഷന്‍ ഏറ്റവും കൂടുതലാണ് എന്ന് കണ്ടാല്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വില എന്നതല്ല അര്‍ത്ഥമെന്നാണ് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ആര്‍ രാമകുമാറിന്റെ പ്രതികരണം.
'കേരളത്തില്‍ ഇന്‍ഫ്‌ലേഷന്‍ കൂടുതലാണ് എന്ന് കണ്ടാല്‍, അതിന്റെ ശരിയായ അര്‍ത്ഥമിതാണ്: താരതമ്യം ചെയ്യുന്ന കഴിഞ്ഞ വര്‍ഷത്തെയോ, കഴിഞ്ഞ വര്‍ഷത്തെ പ്രത്യേകമായ ഒരു മാസത്തെയോ, അപേക്ഷിച്ച് വിലകള്‍ ഏറ്റവും വേഗത്തില്‍ വര്‍ദ്ധിച്ചത് കേരളത്തിലാണ്. ഈ രണ്ട് നിഗമനങ്ങളും കടലും കടലാടിയും പോലെ പരിപൂര്‍ണ്ണമായി വ്യത്യസ്തമാണ്. കേവല വിലകള്‍ ഏറ്റവും കുറഞ്ഞു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് വന്നാല്‍ പോലും ചിലപ്പോള്‍ ചില സാഹചര്യങ്ങളില്‍ കേരളത്തിലെ ഇന്‍ഫ്‌ലേഷന്‍ ഇന്ത്യയിലെ ഏറ്റവും കൂടിയ ഇന്‍ഫ്‌ലേഷനാകാം. അതിന് പരിമിതമായ അര്‍ത്ഥങ്ങളെയുള്ളൂ. ഇതിനെ കയറി ഘടനാപരമായിട്ടൊക്കെ സൈദ്ധാന്തികവല്‍ക്കരിക്കാന്‍ നിന്നാല്‍ ആകെ പ്രശ്‌നമാകും.'- രാമകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതിനിടെ കേരളത്തില്‍ വിലക്കയറ്റം ഇല്ലെന്ന കമന്റുകള്‍ക്ക് മറുപടിയുമായി മറ്റൊരു കുറിപ്പും എന്‍ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.
ആര്‍ രാമകുമാറിന്റെ കുറിപ്പ്:
ഇൻഫ്ലേഷൻ ആണെന്ന് തോന്നുന്നു "സ്പിരിറ്റ് ഓഫ് ദ ടൈം"! ഇന്ത്യയുടെ ഒരു "മാപ്പ്" ഓടി നടക്കുന്നതും കണ്ടു. അതിൽ കേരളത്തിലാണത്രേ ഏറ്റവും കൂടുതൽ ഇൻഫ്ലേഷൻ. വലിയ അപകടമാണ്. കൂലംകുഷമായ ചർച്ചകൾ നടക്കുന്നു. കേരളത്തിൽ ഗതാഗത ചെലവ് കൂടുതലാണ്, വാടകയും കൂലിയും കൂടുതലാണ്, പ്രവാസി പണം ഓടി നടക്കുന്നു, നികുതികളും ലെവികളും കാരണം ജനങ്ങൾക്ക് നടക്കാൻ മേലാ, ഭയങ്കര ഇറക്കുമതിയാണ്...ഇങ്ങനെ പോകുന്നു സിദ്ധാന്തങ്ങൾ. പിണറായി വിജയൻ രാജി വെക്കണം എന്നും ചിലർ പറയുന്നുണ്ട്!
സമയക്കുറവുണ്ട്. മല്ലയ്യൻ സുഹൃത്താണ്. എങ്കിലും... പെട്ടെന്ന് പറയാം. അല്പം സങ്കീർണ്ണമാണ് ഈ പോസ്റ്റ് എന്ന ചിലർ പറഞ്ഞു. എന്നാൽ അങ്ങനെ തന്നെയിരിക്കട്ടെ എന്ന് ഞാനും കരുതി.
എന്താണ് ഇൻഫ്ലേഷൻ? പണപ്പെരുപ്പം ആണോ? വിലക്കയറ്റം ആണോ? സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ വിലക്കയറ്റം എന്നുതന്നെ തർജ്ജമ ചെയ്യണം എന്ന് ഒരു പണ്ഡിത സഖാവ് ഒരിക്കൽ ഉപദേശിച്ചതോർക്കുന്നു. ഈ ആശയക്കുഴപ്പത്തിൽ തുടങ്ങുന്നു ആ മാപ്പിന്റെ പ്രശ്നം.
ആ മാപ്പിലെ കണക്കുകൾ നോക്കിയപ്പോൾ 1, 2, 3, 4 എന്നിങ്ങനെയാണ് ഓരോ സംസ്ഥാനത്തിന് അടുത്തും ഡേറ്റ ലേബൽ കൊടുത്തിരിക്കുന്നത്. ഈ സംഖ്യകളുടെ അർത്ഥമെന്താണ്?
ഇൻഫ്ലേഷൻ എന്ന് നമ്മൾ വിളിക്കുന്നത് കുറെയധികം കണക്കുകൂട്ടലുകൾക്കും കിഴിക്കലുകൾക്കും ശേഷം കിട്ടുന്ന ഒരു സംഖ്യയെയാണ്. ശതമാനത്തിലാണത് രേഖപ്പെടുത്തുക. കുറെയധികം ചരക്കുകളുടെ വിലകൾ എടുത്ത്, ഒരു പ്രത്യേക വെയിംങ് ഡയഗ്രാം (weighing diagram) ഉപയോഗിച്ച് ഒരു ശരാശരി കണക്കാക്കി, അതിനെയെല്ലാം പിന്നെയും കറക്കി പിഴിഞ്ഞ് ഒരു പ്രത്യേക വർഷത്തിൽ 100 എന്ന കണക്കിനോട് ചേർത്തുനിർത്തുന്ന (normalise), അങ്ങനെ ഒരു ഇൻഡക്സ് നിർമ്മിക്കുന്ന, ഒരു രീതിശാസ്ത്രമാണതിനുള്ളത്. ഏറ്റവും അവസാനത്തെ ഔദ്യോഗിക രീതിശാസ്ത്രമനുസരിച്ച്, 2011-12 വർഷത്തിൽ ഈ കറക്കി പിഴിഞ്ഞ ശരാശരി 100 ആയിരുന്നെങ്കിൽ അതിനുശേഷം ഓരോ വർഷത്തിലും ഈ 100 എന്ന സംഖ്യ എത്ര കണ്ട് വർദ്ധിച്ചു എന്ന് പരിശോധിക്കുന്നു. ഉദാഹരണത്തിന്, 2025ൽ ഈ സംഖ്യ 180 ആണെങ്കിൽ, അതിനർത്ഥം 2011നും 2025നും ഇടയ്ക്ക് 80% കണ്ട് വിലകൾ പൊതുവായി ഉയർന്നു എന്നു വേണമെങ്കിൽ പറയാം.
അപ്പോൾ ഈ 80 ശതമാനമാണോ ഇൻഫ്ലേഷൻ? അല്ലല്ലോ. ഇൻഫ്ലേഷൻ എന്നു പറയുന്നത് അങ്ങനെ ദീർഘകാല അടിസ്ഥാനത്തിൽ പറയുന്ന ഒന്നല്ല. ഹ്രസ്വകാലാടിസ്ഥാനത്തിൽ മാത്രമാണത് കണക്കാക്കുന്നത്. 100 എന്ന സംഖ്യയിൽ നിന്ന് ഉയർന്ന വരുന്ന ആ സംഖ്യ 2024ൽ 175, 2025ൽ 180 എന്നാണെന്ന് വയ്ക്കാം. 2025ലെ ഇൻഫ്ലേഷൻ വാർഷിക രൂപത്തിൽ കണക്കാക്കിയാൽ, 2024നും 2025നും ഇടയ്ക്ക് ഈ സംഖ്യ എത്ര ശതമാനം കണ്ട് വർദ്ധിച്ചു എന്ന് പറയുന്നതാണ് ഇൻഫ്ലേഷൻ. അതായത്, 180-175 = 5; (5/175)*100 = 2.85. ഈ 2.85% ആണ് വാർഷിക അടിസ്ഥാനത്തിൽ 2025ലെ ഇൻഫ്ലേഷൻ. ഇയർ-ഓൺ-ഇയർ എന്ന് ഈ ഇൻഫ്ലേഷനെ വിളിക്കുന്നത് ഇതു മൂലമാണ്. ഇതിനെത്തന്നെ മാസാടിസ്ഥാനത്തിലും കണക്കാക്കാം. ഉദാഹരണത്തിന്, 2024 ജൂലൈ മാസത്തിൽ 199. അത് 2023 ജൂലൈ മാസത്തിൽ 191. അങ്ങനെയാവുമ്പോൾ, 199-191 = 8; (8/191)*100 = 4.19. ഈ 4.19% ആണ് മാസ അടിസ്ഥാനത്തിൽ (ജൂലൈ-ടു-ജൂലൈ) 2024 ജൂലൈ മാസത്തിലെ ഇൻഫ്ലേഷൻ.
ഇതിൽനിന്ന് നമുക്ക് എന്താണ് മനസ്സിലാവുന്നത്? ഇൻഫ്ലേഷൻ എന്നത് ഒരു വിലയുടെ കേവല കണക്കോ നിലവാരമോ അല്ല. കേരളത്തിൽ ഇൻഫ്ലേഷൻ ഏറ്റവും കൂടുതലാണ് എന്ന് കണ്ടാൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ വില എന്നതല്ല അർത്ഥം. കേരളത്തിൽ ഇന്‍ഫ്ലേഷൻ കൂടുതലാണ് എന്ന് കണ്ടാൽ, അതിൻ്റെ ശരിയായ അർത്ഥമിതാണ്: താരതമ്യം ചെയ്യുന്ന കഴിഞ്ഞ വർഷത്തെയോ, കഴിഞ്ഞ വർഷത്തെ പ്രത്യേകമായ ഒരു മാസത്തെയോ, അപേക്ഷിച്ച് വിലകൾ ഏറ്റവും വേഗത്തിൽ വർദ്ധിച്ചത് കേരളത്തിലാണ്. ഈ രണ്ട് നിഗമനങ്ങളും കടലും കടലാടിയും പോലെ പരിപൂർണ്ണമായി വ്യത്യസ്തമാണ്. കേവല വിലകൾ ഏറ്റവും കുറഞ്ഞു നിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് വന്നാൽ പോലും ചിലപ്പോൾ ചില സാഹചര്യങ്ങളിൽ കേരളത്തിലെ ഇൻഫ്ലേഷൻ ഇന്ത്യയിലെ ഏറ്റവും കൂടിയ ഇൻഫ്ലേഷനാകാം. അതിന് പരിമിതമായ അർത്ഥങ്ങളെയുള്ളൂ. ഇതിനെ കയറി ഘടനാപരമായിട്ടൊക്കെ സൈദ്ധാന്തികവൽക്കരിക്കാൻ നിന്നാൽ ആകെ പ്രശ്നമാകും.
കറങ്ങി നടക്കുന്ന മാപ്പ് കണ്ടപ്പോൾ എൻ്റെ ഓർമ്മയിൽ ആദ്യം വന്നത് 2024 ആദ്യ മാസങ്ങളിൽ കറങ്ങി നടന്ന ഒരു വാർത്തയാണ്. ആ വാർത്തയുടെ ലിങ്ക് കമന്റിൽ കൊടുത്തിട്ടുണ്ട്. ഇന്നുവരുന്ന വാർത്തകൾക്ക് നേരെ വിപരീതമായിരുന്നു കഴിഞ്ഞവർഷം വന്ന വാർത്തകൾ. അതനുസരിച്ച് കേരളത്തിലായിരുന്നുവത്രേ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഇൻഫ്ലേഷൻ! അപ്പൊ ഈ സിദ്ധാന്തങ്ങൾക്കൊക്കെ എന്തുപറ്റി? ഒറ്റ വർഷം കൊണ്ട് കാര്യങ്ങളൊക്കെ തിരിഞ്ഞു മറിഞ്ഞ് നേരെ വിപരീതമാവാൻ ഇവിടെ എന്തു വിപ്ലവമാണ് നടന്നത്? ഒന്നും നടന്നില്ല.
അവിടെയാണ് കണക്ക് അധ്യാപകർ സ്ഥിരമായി പറഞ്ഞു തരുന്ന "ബേസ് ഇഫക്ട്" എന്താണെന്ന് നമുക്ക് മനസ്സിലാകുന്നത്. അതായത്, താരതമ്യം ചെയ്യുന്ന കഴിഞ്ഞ വർഷത്തെയോ, കഴിഞ്ഞ വർഷത്തിലെ മാസത്തിലെയോ, കണക്ക് ഏതെങ്കിലും കാരണവശാൽ കുറഞ്ഞു നിൽക്കുന്ന അവസ്ഥയുണ്ടായാൽ, ഈ വർഷത്തെ ശതമാനകണക്കിലെ വർദ്ധനവ് അസാധാരണമായി തോന്നാം. അത് വെറുമൊരു ഇല്യൂഷൻ ആവാനാണ് സാധ്യത. വിവിധ സംസ്ഥാനങ്ങളിലെ ഇൻഫ്ലേഷൻ നിരക്കുകൾ ഈ ബേസ് ഇഫക്ട് മനസ്സിലാക്കാതെ താരതമ്യം ചെയ്യാൻ നമ്മൾ ഇറങ്ങി കഴിഞ്ഞാൽ അത് ആകെ കുഴപ്പമാകും. അതൊന്നും മനസ്സിലാക്കാതെ ഒരു പടത്തിൽ വട്ടം കയറി പിടിച്ച് കഥകൾ ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കരുത്.
ഇൻഫ്ലേഷൻ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കുന്നതിന് വാർഷിക കണക്കാണോ മാസ കണക്കാണോ താരതമ്യം ചെയ്ത് ഉപയോഗിക്കേണ്ടത്? മാസക്കണക്കിനേക്കാൾ നല്ലത് വാർഷിക കണക്കാണ്. കാരണം സീസണൽ ആയ മാറ്റങ്ങളെ അത് സ്വയമേ കൈകാര്യം ചെയ്തുകൊള്ളും. നമുക്ക് ഒരു രസത്തിന് 2020-21 മുതൽ 2023-24 വരെയുള്ള ഇൻഫ്ലേഷൻ കണക്കുകൾ സംസ്ഥാനാടിസ്ഥാനത്തിൽ ഒന്നു പരിശോധിച്ചു നോക്കാം. ഇൻഫ്ലേഷൻ കണക്ക് കൂട്ടാൻ പലതരം "കൺസ്യൂമർ പ്രൈസ് ഇൻഡക്സ്" ഉപയോഗിക്കാമെങ്കിലും ഞാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് "കൺസ്യൂമർ പ്രൈസ് ഇൻഡക്സ് -- ജനറൽ" ആണ്. ഓരോ വർഷത്തെയും ഇൻഡക്സ് സംസ്ഥാനാടിസ്ഥാനത്തിൽ എടുത്ത്, ശതമാനാടിസ്ഥാനത്തിലുള്ള ഇൻഫ്ലേഷൻ കണക്കാക്കി, പ്രധാനപ്പെട്ട 21 സംസ്ഥാനങ്ങളെ ഈ ഇൻഫ്ലേഷന്റെ അടിസ്ഥാനത്തിൽ ഞാൻ റാങ്ക് ചെയ്തു. ഇൻഫ്ലേഷൻ കൂടുതലാണെങ്കിൽ ആ സംസ്ഥാനത്തിന്റെ റാങ്കും ഉയർന്നു നിൽക്കും. സിദ്ധാന്തങ്ങൾ ശരിയാണെങ്കിൽ കേരളം ഒന്നാം റാങ്കിൽ വരണമല്ലോ? പോട്ടെ, ആദ്യത്തെ 3 റാങ്കിൽ? ആദ്യത്തെ 5 റാങ്കിൽ?
ഇവിടെ ചേർത്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ കാണൂ. ആദ്യത്തെ ചിത്രത്തിൽ കാണുന്നത് ശതമാന കണക്കിലുള്ള ഇൻഫ്ലേഷൻ നിരക്കുകളാണ്. രണ്ടാമത്തെ ചിത്രത്തിൽ കാണുന്നതൊക്കെ റാങ്കുകളാണ്. എന്താണ് മനസ്സിലാകുന്നത്?
ഒന്ന്, നമ്മൾ പരിശോധിക്കുന്ന എല്ലാ വർഷങ്ങളിലും കേരളത്തിലെ വാർഷിക ഇൻഫ്ലേഷൻ നിരക്ക് ഇന്ത്യയുടെ വാർഷിക ഇൻഫ്ലേഷൻ നിരക്കിനേക്കാൾ കുറവാണ്. ഒന്ന് കൂടി പറയാം, "കുറവാണ്". 2024-25-ലേക്കുള്ള കണക്കുകൾ വരട്ടെ. അടുത്ത മാസമാണ് വരേണ്ടത്. എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിലും അത് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഡിമാൻഡിന്റെയോ സപ്ലൈയുടെയോ പ്രശ്നം ആവാനാണ് സാധ്യത. പരിഹരിച്ചു പോകാവുന്നവ എന്നർത്ഥം.
രണ്ട്, റാങ്കുകളുടെ കാര്യമെടുത്താൽ അങ്ങു താഴെ 14നും 17നും ഇടയ്ക്കാണ് ഈ വർഷങ്ങളിൽ 21 സംസ്ഥാനങ്ങൾക്കിടയിലെ കേരളത്തിൻ്റെ റാങ്ക്. വരാൻ പോകുന്ന കണക്കുകൾ അനുസരിച്ച് 2024-25ലും കേരളത്തിൻറെ റാങ്ക് ഇതിനിടയിൽ ആവാനേ തരമുള്ളൂ. നിരന്തരമായി കേരളത്തിന് മുകളിൽ റാങ്ക് ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ ഏതൊക്കെ? അവയൊക്കെ കാർഷികപ്രധാനവും വ്യവസായപ്രധാനവുമായ സംസ്ഥാനങ്ങളാണ്. ഇവരൊക്കെ കഴിഞ്ഞു മാത്രമേ കേരളം ചിത്രത്തിൽ വരുന്നുള്ളൂ. അപ്പോ ഈ സംസ്ഥാനങ്ങളിലൊക്കെ ഗതാഗത ചെലവും വാടകയും കൂലിയും പ്രവാസി പണവും നികുതികളും ലെവികളും ഇറക്കുമതികളും ഒക്കെ ഒരു പ്രശ്നമാണെന്ന് വരുമോ? അതിനെക്കാളൊക്കെ രൂക്ഷതയും തീവ്രതയും കുറഞ്ഞു നിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്നു വരുമോ? കുഴഞ്ഞല്ലോ!
കാർഷികപ്രധാനവും വ്യവസായപ്രധാനവുമായ മേൽ സംസ്ഥാനങ്ങളെയൊക്കെ കടത്തിവെട്ടി ഇതൊന്നുമില്ലാത്ത കേരളത്തിന് എങ്ങനെ വിലകൾ താരതമ്യേന കുറച്ച് നിർത്താൻ സാധിക്കുന്നു? അതു മനസ്സിലാക്കാൻ നമുക്ക് "കൺസ്യൂമർ പ്രൈസ് ഇൻഡക്സ്" എങ്ങനെ കണക്കു കൂട്ടുന്നു എന്നൊന്ന് പെട്ടെന്ന് നോക്കി വരേണ്ടിവരും. വെയിങ് ഡയഗ്രാം (weighing diagram) എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. അതനുസരിച്ച് ഇന്ത്യയിലെ "കൺസ്യൂമർ പ്രൈസ് ഇൻഡക്സ്" കണക്കുകൂട്ടുമ്പോൾ അതിൽ ഏകദേശം 46% വെയ്റ്റ് (അതായത്, ശരാശരി കണക്കുകൂട്ടുമ്പോഴുള്ള ആപേക്ഷിക പ്രാധാന്യം) ഭക്ഷ്യവസ്തുക്കളുടെ വിലകൾക്കാണ്. വിവിധ എണ്ണ ഉൽപ്പന്നങ്ങളുടെയും വൈദ്യുതി ചാർജിന്റെയും വെയിറ്റ് 7% മാത്രമേയുള്ളൂ. ഹൗസിംഗിന് ആകട്ടെ 10% മാത്രമേ വെയിറ്റ് ഉള്ളൂ. ഇവയിലെ ഏറ്റക്കുറച്ചിലുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ല എന്ന് സാരം. ഈ ഉൽപ്പന്നങ്ങളുടെ എല്ലാം വിലകളിൽ നമ്മൾ കൊടുക്കുന്ന കൂലി നിരക്കുകൾ കടന്നുവരുന്നുണ്ട് എന്നതുകൊണ്ട് കൂലികൾ പ്രത്യേകമായി ഈ കണക്കുകൂട്ടലിൽ എടുക്കുന്നുമില്ല.
അതായത്, ഇന്ത്യയിലും മറ്റേത് സംസ്ഥാനത്തും ഭക്ഷ്യവിലകൾ കൂടുമ്പോഴാണ് ഏറ്റവും കൂടുതലായി ഇൻഫ്ലേഷൻ വർദ്ധിക്കുന്നത്. ഭക്ഷ്യവിലകൾ പിടിച്ചു നിർത്താൻ സാധിച്ചാൽ വലിയൊരു പരിധി വരെ ഇൻഫ്ലേഷനെ നിയന്ത്രിച്ചു നിർത്താം.
അവിടെയാണ് കേരളം സ്കോർ ചെയ്യുന്നത്. ഇവിടുത്തെ മികച്ച പൊതുവിതരണ സമ്പ്രദായം, അത്ര കാര്യക്ഷമമല്ലെങ്കിലും കാര്യമായ ഇടപെടലുകൾ നടത്തുന്ന സപ്ലൈകോ പോലെയുള്ള വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ... ഇവയെല്ലാം ഒരുമിച്ചു വരുമ്പോൾ കാർഷികപ്രധാനം അല്ലാത്ത കേരളത്തിലും ഭക്ഷ്യവിലകൾ ഉയർന്നല്ല നിൽക്കുന്നത് എന്നുവരുന്നു. തമിഴ്നാട് മുതൽ ഗുജറാത്ത് വരെ മേൽപ്പറഞ്ഞ സംസ്ഥാനങ്ങൾക്ക് സ്കോർ ചെയ്യാൻ കഴിയാത്തതും ഇവിടെത്തന്നെ.
അപ്പോൾ ഇൻഫ്ലേഷൻ എന്നത് പണപ്പെരുപ്പമോ വിലക്കയറ്റമോ? ചോദ്യം ചിലപ്പോൾ അവിടെ തന്നെ നിൽക്കും എന്നാണല്ലോ ഒരു പ്രമുഖൻ പറഞ്ഞിട്ടുള്ളത്! അവിടെ നിൽക്കട്ടെ.
അപ്പോ ശരി.
എൻ പ്രശാന്തിന്റെ മറുപടി
ഇന്നലത്തെ പോസ്റ്റിന്റെ തുടർച്ചയാണിത്. CPI (Consumer Price Index) അളക്കുന്നതിലെ എന്തോ സാങ്കേതിക തകരാറോ"അടിസ്ഥാന വില പ്രതിഭാസത്തിന്റെ പ്രശ്നമോ" (base effect illusion) ആണെന്നും കേരളത്തിൽ വിലക്കയറ്റം ഇല്ലെന്നും ചിലർ താത്വികമായി വാദിക്കുന്നതായി പലരും പറയുന്നു.
ആദ്യമായി, CPI പണപ്പെരുപ്പം എന്താണ് അളക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് പ്രധാനമാണ്.
1. പണപ്പെരുപ്പം എന്നത് സാധനങ്ങളുടെ കേവല വിലയല്ല, മറിച്ച് മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിലകൾ വർദ്ധിക്കുന്ന നിരക്കാണ്. കേരളത്തിലെ പണപ്പെരുപ്പം ഏറ്റവും ഉയർന്നതാണെന്ന് പറയുന്നത് ഇവിടുത്തെ വിലകൾ ഇന്ത്യയിൽ ഏറ്റവും ഉയർന്നതാണെന്ന് അർത്ഥമാക്കുന്നില്ല; മറിച്ച് കേരളത്തിൽ വിലകൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വേഗത്തിൽ വർദ്ധിക്കുന്നു എന്നാണ്. പണപ്പെരുപ്പം കുടുംബങ്ങളുടെ ചിലവ് വർദ്ധിക്കുന്നതിന്റെ വേഗതയെ പ്രതിഫലിപ്പിക്കുന്നതിനാൽ ഈ വ്യത്യാസം നിർണായകമാണ് - കേരളത്തിൽ ആ വേഗത ഇപ്പോൾ ആശങ്കാജനകമായ നിലയിലാണ്.
2. ഇതൊരു base effect പ്രശ്നം ആണെന്ന വിശദീകരണം convincing അല്ല. തെറ്റിദ്ധാരണാജനകവുമാണ്. മുൻവർഷത്തെ പണപ്പെരുപ്പം അസാധാരണമാംവിധം കുറവായിരുന്നെങ്കിൽ ഒരു മാസത്തെ വർദ്ധനവ് ഒരു base effect കൊണ്ട് വിശദീകരിക്കാൻ സാധിച്ചേക്കാം. എന്നാൽ, കേരളം തുടർച്ചയായി നാല് മാസങ്ങളിൽ - 2025 മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ - പണപ്പെരുപ്പ ചാർട്ടുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ജ്യോമെട്രിക് ആയി വർദ്ധിക്കുന്നത് കണ്മുന്നിൽ കണ്ടിട്ട്, അതെങ്ങനെയാണ് ഇല്ലെന്ന് വാദിക്കുന്നത്! ഈ തുടർച്ചയായ പ്രവണത സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് നിലനിൽക്കുന്ന, ഘടനാപരമായ പണപ്പെരുപ്പ സമ്മർദ്ദമാണ്. ഇത് ഒരു സ്റ്റാറ്റിസ്റ്റിക്കൽ പിഴവല്ല; ഇത് നേരിട്ട് അനുഭവിച്ചറിയുന്ന സാമ്പത്തിക യാഥാർത്ഥ്യമാണ്.
3. കാർഷികപരമായോ വ്യാവസായികപരമായോ മുൻപന്തിയിലുള്ള സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളം പണമിടപാട് കേന്ദ്രീകൃതമായ, ഉപഭോഗം കൂടുതലുള്ള സമ്പദ്‌വ്യവസ്ഥയാണ്. ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും പ്രാദേശിക ഉത്പാദനം ഇവിടെ പരിമിതമാണ്. അരി, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവയ്ക്കായി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ സംസ്ഥാനം വലിയ തോതിൽ ആശ്രയിക്കുന്നു. ഗതാഗത ചെലവുകൾ വർദ്ധിക്കുമ്പോൾ - പ്രധാന വിതരണ കേന്ദ്രങ്ങളിൽ നിന്ന് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ദൂരം കണക്കിലെടുക്കുമ്പോൾ ഇത് സ്വാഭാവികമായും സംഭവിക്കും - ആ ചെലവുകൾ നേരിട്ട് ഉപഭോക്താവിലേക്ക് വരാതെ തരമില്ല. ഇതിനോടൊപ്പം, ഉയർന്ന പെട്രോൾ, ഡീസൽ വിലകളും, ഉയർന്ന വൈദ്യുതി നിരക്കുകളും (പ്രത്യേകിച്ച് ഉയർന്ന ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക്) കേരളത്തിലുണ്ട്.ഈ വിലവർദ്ധനവ് ഇന്ധന ബില്ലുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അവ സമ്പദ്‌വ്യവസ്ഥയിലുടനീളം വ്യാപിക്കുന്നു - ഭക്ഷണം, ലോജിസ്റ്റിക്സ്, നിർമ്മാണം, റീട്ടെയിൽ, സേവനങ്ങൾ എന്നിവയിലെ വില വർദ്ധിപ്പിക്കുന്നു. CPI കണക്കനുസരിച്ച്, ഭക്ഷ്യവസ്തുക്കൾക്ക് സൂചികയിൽ ഏറ്റവും ഉയർന്ന വെയിറ്റേജ് ഉണ്ട് (ഏകദേശം 46%). കേരളത്തിൽ, വെളിച്ചെണ്ണ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവയുടെ വിലയിലുണ്ടായ വലിയ വർദ്ധനവാണ് ഭക്ഷ്യ പണപ്പെരുപ്പത്തിന് ഒരു കാരണം. കേരളത്തിന്റെ ഉപഭോഗ ബാസ്കറ്റിൽ ഉയർന്ന വെയിറ്റേജുള്ള മറ്റൊരു CPI വിഭാഗമായ വ്യക്തിഗത പരിചരണത്തിനുള്ള വസ്തുക്കൾക്കും 30-35% വരെ വിലവർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇവ അമൂർത്തമായ സംഖ്യകളല്ല; സാധാരണ കുടുംബങ്ങൾക്ക് ഇത് ദൈനംദിന ചിലവുകളായി അനുഭവിക്കാൻ സാധിക്കും.
4. ഇന്ധനത്തിനും വൈദ്യുതിക്കും CPI-യിൽ കുറഞ്ഞ വെയിറ്റേജ് ഉള്ളതുകൊണ്ട് അവയ്ക്ക് പണപ്പെരുപ്പത്തിന് കാരണമാകാൻ കഴിയില്ലെന്ന് ചിലർ വാദിക്കുന്നു. ഇത് തെറ്റിദ്ധാരണയാണ്. ഒരു ക്ലാസിൽ കയറുകയും സിലബസിലെ വേറെ ഭാഗം മിസ്സായതും പോലെയാണീ വ്യാഖ്യാനം. ഇന്ധനത്തിനും വൈദ്യുതിക്കും നേരിട്ടല്ല, പരോക്ഷമായ സ്വാധീനം വലുതാണ്. ഇത് സാമാന്യബുദ്ധി കൂടിയാണ്. ഗതാഗത, ഊർജ്ജ ചെലവുകൾ ഓരോ റീട്ടെയിൽ ഇനത്തിന്റെയും വിലയിൽ ഉൾച്ചേർന്നിരിക്കുന്നു - പലചരക്ക് സാധനങ്ങൾ മുതൽ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം വരെ. പ്രാദേശിക ഉത്പാദനം പരിമിതമായ ഒരു സംസ്ഥാനത്ത് ഈ ഇൻപുട്ട് ചെലവുകൾ വർദ്ധിക്കുമ്പോൾ, അതിന്റെ സ്വാധീനം കൂടുതൽ രൂക്ഷമാകും.
5. കേരളത്തിലെ CPI പണപ്പെരുപ്പം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സേവനങ്ങളിലെ സമ്മർദ്ദങ്ങളെയും പ്രതിഫലിക്കുന്നുണ്ട്. ജനസംഖ്യയുടെ വലിയൊരു വിഭാഗം സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ മേഖലകളിലെ നേരിട്ടുള്ള ചിലവുകൾ ഇന്ത്യയിൽ ഏറ്റവും ഉയർന്നവയിൽ ഒന്നാണ്. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായവും സപ്ലൈക്കോ, മാവേലി സ്റ്റോറുകൾ വഴിയുള്ള വിപണി ഇടപെടലുകളും ചരിത്രപരമായി പണപ്പെരുപ്പം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ സമീപകാല വിവരങ്ങൾ സൂചിപ്പിക്കുന്നത് ഈ സംവിധാനങ്ങൾ പോലും വർദ്ധനവ് തടയാൻ പാടുപെടുന്നുണ്ടെന്നാണ്.
6. കേരളത്തിന്റെ മുൻ വർഷങ്ങളിലെ ചരിത്രപരമായ കുറഞ്ഞ പണപ്പെരുപ്പം ഉദ്ധരിച്ച് ഈ പണപ്പെരുപ്പ പ്രവണതയെ തള്ളിക്കളയാൻ കഴിയില്ല. പണപ്പെരുപ്പം ഒരു present-tense metric ആണ്. 2022-ലോ 2023-ലോ കേരളത്തിൽ CPI കുറവായിരുന്നു എന്നത്, കഴിഞ്ഞ വർഷം 100 രൂപയായിരുന്ന ഒരു സാധനത്തിന് ഇപ്പോൾ 130 രൂപ നൽകേണ്ടിവരുന്ന ഒരു കുടുംബത്തിന്റെ ഭാരം കുറയ്ക്കുന്നില്ല. ഉപഭോക്താവ് വർത്തമാനകാലത്താണ് ജീവിക്കുന്നത് - നമ്മുടെ വിശകലനവും അങ്ങനെയായിരിക്കണം.ചുരുക്കത്തിൽ, കേരളത്തിലെ നിലവിലെ പണപ്പെരുപ്പ പ്രതിസന്ധി ഒരു സ്റ്റാറ്റിസ്റ്റിക്കൽ മിഥ്യാബോധമോ, CPI ചാർട്ടുകൾ മനസ്സിലാവാത്തതോ അല്ല. ഇത് ഭക്ഷണം, ഗതാഗതം, ഊർജ്ജം, പാർപ്പിടം, സേവനങ്ങൾ എന്നിവയിലെ യഥാർത്ഥവും അളക്കാവുന്നതും ആണ്.
7. ഈ പ്രശ്നങ്ങൾക്ക് സമൂഹത്തിന്റെ നയപരമായ ശ്രദ്ധ ആവശ്യമാണ്, അല്ലാതെ തത്വചിന്താപരമായോ സാങ്കേതികതമായോ ഉള്ള നിരാകരണമല്ല പരിഹാരം. കേരളത്തിലെ കുടുംബങ്ങൾക്ക് സാമ്പത്തികമായ കെട്ടുറപ്പും, ആത്മാഭിമാനത്തോടെയുള്ള ജീവിതവും ഉറപ്പാക്കണമെങ്കിൽ, നമ്മൾ പണപ്പെരുപ്പത്തെ ഗൗരവമായി കാണണം - ഒരു ഗ്രാഫ് ആയി മാത്രമല്ല, ഇവിടത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള ഒരു സൂചനയായി. പണവും ഊർജ്ജവും മുടക്കി ഇത്തരം സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കുന്നത് ഇതിനൊക്കെ വേണ്ടിയാണ്.
ആദ്യം, വിലക്കയറ്റം ഉണ്ടെന്ന് മനസ്സിലാക്കിയാലേ അത് അംഗീകരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കാൻ പറ്റൂ. ഇതൊന്നും ആരുടെയും കുറ്റമായോ കുറവായോ കാണേണ്ടതില്ല. കഴിവുള്ളവർ, നാട്ടുകാർക്കൊക്കെ അറിയാവുന്ന സത്യത്തെ നിഷേധിക്കാൻ അവരുടെ കഴിവും ഊർജ്ജവും പാഴാക്കാതെ, ക്രിയാത്മകമായി പ്രശ്നത്തെ അഭിമുഖീകരിക്കുന്നത് കൂടുതൽ നന്നാവും എന്നാണെനിക്ക് തൊന്നുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
