

റാപ്പര്‍ വേടന്‍ പിടിയിലായതോടെ ചര്‍ച്ച പുലിനഖവും ആനക്കൊമ്പുമൊക്കെയാണ്. വയനാട് ജില്ലാ കലക്ടറുടെ ഓഫീസില്‍ വെച്ചിരിക്കുന്ന ആനക്കൊമ്പാണ് ഇപ്പോള്‍ ഏറ്റവും പുതിയ വിവാദം. മ്യൂസിയങ്ങളിലല്ലാതെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഇങ്ങനെ ആനക്കൊമ്പും പുലിനഖവുമൊക്കെ സൂക്ഷിക്കാന്‍ നിയമപരമായി അനുവാദമുണ്ടോയെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. പോസ്റ്റിന് താഴെ ഗൗരവത്തിലും ട്രോള്‍ സ്വഭാവത്തിലുമാണ് ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്. സ്വന്തമായി കൊണ്ട് കൊടുത്തതാണെങ്കില്‍ അങ്ങനെ വെയ്ക്കാം. ക്രിമിനല്‍ കുറ്റമല്ല എന്ന് ചിലര്‍ ട്രോളി. മോഹന്‍ലാലിന് വെക്കാമെന്ന് കേട്ടിട്ടുണ്ടെന്ന് മറ്റു ചിലര്‍. എന്തായാലും കലക്ടറുടെ ഫോട്ടോയില്‍ കാണുന്ന ആനക്കൊമ്പിന്റെ യാഥാര്‍ഥ്യമെന്താണെന്ന് അറിയാം. ഇതിന് കലക്ടര്‍ ഒരുപാടു മുന്‍പു തന്നെ വിശദീകരണം നല്‍കിയിട്ടുള്ളതാണ്.
ചേംബറിലെ ആനക്കൊമ്പുകള്‍ക്ക് വനം വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നാണ് കലക്ടര്‍ പറയുന്നത്. ചേംബറില്‍ ആനക്കൊമ്പ് സ്ഥാപിച്ചിട്ട് 30 വര്‍ഷമായി. ആനക്കൊമ്പ് പ്രദര്‍ശിപ്പിച്ചതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആരും വന്യജീവികളെ ഉപദ്രവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, നേരത്തെ മനുഷ്യാവകാശ കമ്മിഷനില്‍ വന്ന പരാതിക്കു മറുപടി നല്‍കിയപ്പോള്‍ കലക്ടര്‍ പറഞ്ഞു.
വയനാട് കലക്ടറുടെ ചേംബറിലെ ആനക്കൊമ്പുകള്‍ വന്യജീവി സംരക്ഷണത്തിന്റേയും വനസമ്പത്തിന്റേയും പ്രതീകമാണെന്നും തുടര്‍ന്നും ചേംബറില്‍ തന്നെ സംരക്ഷിക്കണമെന്നും കലക്ടര്‍ ഡി ആര്‍ മേഘശ്രീ പറയുന്നത്. 1990 ഡിസംബര്‍ 21ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വയനാടിന് അനുവദിച്ച ആനക്കൊമ്പുകളാണ് പ്രദര്‍ശിപ്പിച്ചതെന്ന കലക്ടറുടെ വാദം അംഗീകരിച്ചുകൊണ്ട് പരാതി ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് തള്ളുകയും ചെയ്തു.
വയനാട് കലക്ടറുടെ ചേംബറിലെ ആനക്കൊമ്പ് പ്രദര്‍ശനത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നിട്ടുള്ളതാണ്. രേണുരാജ് കലക്ടറായിരിക്കെ നടന്ന യാത്രയയപ്പു ചടങ്ങില്‍ ഈ ആനക്കൊമ്പുകള്‍ക്കു മുന്നില്‍ കലക്ടര്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായപ്പോഴാണ് ഏറ്റവുമൊടുവില്‍ ആനക്കൊമ്പുകള്‍ വീണ്ടും വിവാദമായത്.
1989ല്‍ അന്നത്തെ കലക്ടര്‍ മൈക്കിള്‍ വേദശിരോമണിയെ ആക്രമിച്ച കാട്ടാനയുടെ കൊമ്പുകളാണു പിന്നീട് വയനാട് കലക്ടറുടെ ചേംബറിലേക്കു മാറ്റിയത്. ഈ ആന മറ്റൊരാനയുമായി ഏറ്റുമുട്ടി വനത്തിനുള്ളില്‍ ചെരിഞ്ഞപ്പോള്‍ കൊമ്പുകള്‍ വനംവകുപ്പ് ഏറ്റെടുത്ത് കലക്ടറേറ്റിലേക്കു നല്‍കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates