

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ മുരളീധരൻ എംപി. തൃക്കാക്കരയിലെ ഇടതു കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരെയാണ് മുരളീധരൻ രംഗത്തെത്തിയത്. തൃക്കാക്കരയിലെ ജനങ്ങൾക്കു കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
'പിണറായി വിജയനു രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം. തൃക്കാക്കരയിലെ ജനങ്ങൾ ആദ്യമേ അതു തിരിച്ചറിഞ്ഞതാണ്. പക്ഷേ കേരള ജനതയ്ക്ക് അബദ്ധം പറ്റി. കേരളത്തിലെ ജനങ്ങൾക്കു പറ്റിയ അബദ്ധം തൃക്കാക്കരയിൽ ഇത്തവണ ആവർത്തിക്കണമെന്നാണു മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ അതു നടക്കില്ല.'
കേരള ജനതയ്ക്ക് അബദ്ധം തിരുത്താനുള്ള ആദ്യ അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ കോൺഗ്രസ് കൂടുതൽ ജാഗ്രതയിലായെന്നും കെ മുരളീധരൻ പറഞ്ഞു.
'കെവി തോമസിന് ഇഷ്ടമുള്ള നിലപാടെടുക്കാം. സാങ്കേതികത്വം പറഞ്ഞ് ഇരിക്കാം. പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകിയിട്ടുണ്ട്. അദ്ദേഹം പാർട്ടി നടപടി ക്ഷണിച്ചു വരുത്തുകയായിരുന്നു. മാഷ് കാരണം ഒരു വോട്ടു പോലും പോവില്ല. ഒരു പാർട്ടിയിലിരുന്നു മറ്റൊരു പാർട്ടിക്കായി പ്രവർത്തിക്കുന്നതു ശരിയല്ല. പാർട്ടി പരമാവധി ക്ഷമിച്ചു. കെവി തോമസിനെതിരായ നടപടി ഉചിതമാണ്. കൃത്യമായ സമയത്തു തന്നെയാണ് നടപടി എടുത്തത്'- മുരളീധരൻ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates