

ന്യൂഡൽഹി: കേരള സർക്കാരിന്റെ പുതിയ പൊലീസ് നിയമ ഭേദഗതിയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിയമ ഭേദഗതി നിർദയമാണെന്നും എതിരഭിപ്രായത്തെ നിശബ്ദമാക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷൺ പറഞ്ഞു.
ഐടി നിയമത്തിലെ സമാനമായ സെക്ഷൻ 66എ റദ്ദ് ചെയ്യപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം. പൊലീസ് നിയമത്തിൽ 118എ എന്ന വകുപ്പ് കൂട്ടിച്ചേർത്തതാണ് ഭേദഗതി.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ച് വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.
2000ലെ ഐ.ടി. ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമ വ്യവസ്ഥകളൊന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates