

മലപ്പുറം: തെരഞ്ഞെടുപ്പ് വിധി വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി മുസ്ലീം ലീഗ്. എവിടെ ചെന്നാലും ആളുകള്‍ അതൃപ്തി അറിയിക്കുകയാണെന്നും തെരഞ്ഞടുക്കപ്പെട്ട എംഎല്‍എമാരുടെ പരിപാടിയ്ക്കില്ലെന്ന് അണികള്‍ പറയുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നും മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് പറഞ്ഞു. ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായിട്ടില്ലെങ്കില്‍ അതിന്റെതായ പ്രത്യാഘാതങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഉണ്ടാകും. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പലപ്രവര്‍ത്തകരും നേരിട്ട് വിളിച്ച് അസംതൃപ്തി അറിയിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരോട് വരേണ്ടെന്ന് പറയുന്ന ഘട്ടം വരെ ഉണ്ടായിട്ടുണ്ട്' പി അബ്ദുള്‍ ഹമീദ് പറഞ്ഞു.
' മലപ്പുറം ജില്ലയില്‍ നിന്ന് സ്ത്രീകളടക്കം നേരിട്ട് വിളിച്ച് ചോദിക്കുകയാണ്, ഇതിനാണോ വോട്ട് ചെയ്യിച്ചതെന്ന്; സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ട സന്ദര്‍ഭത്തില്‍ അത് അനിശ്ചിതമായ നീട്ടിക്കൊണ്ടുപോകുന്നത് എല്ലാതലങ്ങളിലും പ്രതിഫലിക്കുകയാണ്. ഒരുപരിധിവരെ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയും. ജനവിധി മറന്ന് പ്രവര്‍ത്തിക്കരുത്'.
'മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. അക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തെ അളക്കാന്‍ പാടില്ലെന്നാണ് ലീഗിന് പറയാനുള്ളത്. രാഷ്ട്രീയ പ്രബുദ്ധരാണ് കേരളത്തിലെ ജനങ്ങള്‍. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മാസങ്ങളോളം കാത്തുനിന്നില്ലേ, ഇവിടെ 23 വരെ സമയം ഉണ്ടല്ലോ എന്ന് നമ്മുടെ അണികളോട് പറഞ്ഞാല്‍ മോന്തയ്ക്ക് അടികിട്ടും' പി അബ്ദുള്‍ ഹമീദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates