

കല്‍പ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് ഏപ്രില്‍ 27-ന് നടക്കും. ആദ്യഘട്ടത്തിലെ 51 വീടുകളുടെ താക്കോല്‍ ഫെബ്രുവരി 28-ന് കൈമാറിയിരുന്നെങ്കിലും കുടുംബങ്ങള്‍ ഇതുവരെ താമസം തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് 51 കുടുംബങ്ങള്‍ക്കായി ഒരേ ദിവസം ഗൃഹപ്രവേശം നടത്താന്‍ തീരുമാനിച്ചതെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ പറഞ്ഞു.
മൂന്ന് കിടപ്പുമുറികളുള്ള, 1,050 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓരോ വീടും എല്ലാ ഫര്‍ണിച്ചറുകളും സജ്ജീകരിച്ച് താമസത്തിന് പൂര്‍ണ സജ്ജമാണ്. അന്നേദിവസം ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും പുനരധിവാസ ഉപസമിതി അംഗവുമായ ടി. മുഹമ്മദ് പറഞ്ഞു. 'അടുത്ത ബന്ധുക്കള്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു' അദ്ദേഹം പറഞ്ഞു.
പുനരധിവാസ പദ്ധതിയിലെ ആകെ 105 വീടുകളില്‍ 51 വീടുകളുടെ താക്കോല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പരീക്ഷകളും നിയമസഭാ തെരഞ്ഞെടുപ്പും കാരണം ഉദ്ഘാടനച്ചടങ്ങ് വൈകുകയായിരുന്നു.
ഓരോ വീടിനും മൂന്ന് കിടപ്പുമുറികള്‍, രണ്ട് ബാത്ത്‌റൂമുകള്‍, കിച്ചന്‍, ഡൈനിംഗ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവയുണ്ട്. ഇഷ്ടിക പാകിയ മുറ്റവും ഉണ്ട്. കുടിവെള്ളം, വൈദ്യുതി എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. മരങ്ങളും പൂച്ചെടികളും വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മേപ്പാടിയില്‍ നിന്ന് അഞ്ച് കിലോമീറ്ററും മുട്ടില്‍ ടൗണില്‍ നിന്ന് നാല് കിലോമീറ്ററും അകലെയാണ് പുതിയ വീടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates