'പിണറായിയുടെ കാലത്തെ അതേരീതി; സതീശനില്‍ അല്‍പമെങ്കിലും മാറ്റം പ്രതീക്ഷിച്ചു'; ദുരനുഭവം വിവരിച്ച് ജെ ദേവിക

ജനാധിപത്യവാദിയായ ഒരു നേതാവ് അധികാരത്തിലേറുമ്പോള്‍ കച്ചേരിക്കോയ്മയില്‍ അല്പമെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ അല്പമെങ്കലിലും പേറിയിരുന്നു. ഞങ്ങളവിടെ കണ്ട കാഴ്ച പക്ഷേ ശരിക്കും മലയാളി പിതൃമേധാവിത്വത്തിന്റെ അജയ്യതയുടേതായിരുന്നു'
VD Satheesan - J Devika
വിഡി സതീശന്‍ - ജെ ദേവിക
Updated on
3 min read

തിരുവനന്തപുരം: അപ്പോയിന്‍മെന്റ് എടുത്ത് മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസിലെത്തിയ ദുരനുഭവം വിവരിച്ച് എഴുത്തുകാരിയും സാമൂഹ്യശാസ്ത്രജ്ഞയുമായ ജെ ദേവിക. 'സ്വന്തം വീട്ടുകാര്യമോ സ്വാര്‍ത്ഥമോ പറയാനല്ല ഞങ്ങളവിടെ വന്നത് നേരെമറിച്ച്, മലയാളിസ്ത്രീകളുടെ, പ്രത്യേകിച്ചും അവരില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന സ്ത്രീകളുടെ, മുഖ്യമായ ഒരു വിഷയം താങ്കളുടെ മുന്നില്‍ വയ്ക്കാനാണ് അവിടെ വന്നത്. മറ്റു നേതാക്കളുടെ ശുപാര്‍ശ, കാര്യമായ നെറ്റ് വര്‍ക്കിങ്, ഇതൊന്നും കൂടാതെ. ജനാധിപത്യവാദിയായ ഒരു നേതാവ് അധികാരത്തിലേറുമ്പോള്‍ കച്ചേരിക്കോയ്മയില്‍ അല്പമെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ അല്പമെങ്കലിലും പേറിയിരുന്നു. ഞങ്ങളവിടെ കണ്ട കാഴ്ച പക്ഷേ ശരിക്കും മലയാളി പിതൃമേധാവിത്വത്തിന്റെ അജയ്യതയുടേതായിരുന്നു' -ജെ ദേവിക മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ പറയുന്നു.

'കേരളത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി പിണറായി ഭരണത്തെ ചെറുത്ത പരിസ്ഥിതിസംരക്ഷണ കര്‍മ്മശീലര്‍. ഇടയ്ക്കുള്ള വാതിലില്‍ കാവലായി കറുത്ത യൂനിഫോം ധരിച്ച ആണധികാരം. ആ നാടകം എന്നെ നിശബ്ദയാക്കാത്തതുകൊണ്ട് അതിനെ അംഗീകരിക്കാന്‍ പരസ്യമായി, ഉറക്കെ, വിസമ്മതിച്ചതുകൊണ്ടു മാത്രം ഞങ്ങള്‍ക്ക് വാതില്‍ തുറന്നുകിട്ടി. പക്ഷേ താങ്കളുമായി നടന്നത് ആശയവിനിമയമാണെന്ന തോന്നലല്ല എനിക്കുണ്ടായത്. ശല്യക്കാരിപ്പെണ്ണുങ്ങളായ കണക്കാക്കപ്പെടുന്ന കുടുംബാംഗങ്ങളോട് കുടുംബാധികാരികള്‍ കാട്ടാറുള്ള അസഹത്യത കലര്‍ന്ന അനുനയമായിരുന്നു താങ്കളുടെ പ്രതികരണമെന്നാണ് എനിക്കു തോന്നിയത്. അതായത്, താങ്കള്‍ ഞങ്ങളോട് ചില വാക്കുകള്‍ പറഞ്ഞുവെന്നത് നേരാണ്, പക്ഷേ ആ വാക്കുകള്‍ നിശബ്ദതയാണ് ആവശ്യപ്പെട്ടത്. വല്ലാത്ത തിരക്കിലായിരുന്നു താങ്കളെന്നും ഞാന്‍ കണ്ടു. പക്ഷേ ആ തിരക്കിനിടയിലും പുരുഷന്മാരായ സന്ദര്‍ശകര്‍ക്കൊപ്പമിരുന്ന് രണ്ടു നിമിഷം അവരെ കേള്‍ക്കാനുള്ള ക്ഷമ താങ്കള്‍ക്കുണ്ടായി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പ്രവര്‍ത്തിച്ച ഒരു സ്ത്രീയെ ആത്മഹത്യയിലേക്കു തള്ളിവിട്ട തൊഴിലിടസാഹചര്യങ്ങളെപ്പറ്റി പറയാനാണ് ഞങ്ങളവിടെ വന്നത്' ജെ ദേവിക പറയുന്നു.

'ഞങ്ങളെ കേള്‍ക്കാന്‍ തീരെ സമയമില്ലായിരുന്നു താങ്കള്‍ക്ക്. താങ്കള്‍ ഒപ്പമിരുന്നു സംസാരിച്ച മതമേധാവികളുടെ വിഷയങ്ങള്‍ ചില്ലറയാണെന്നു പറയുന്നില്ല എന്നാല്‍ ഞങ്ങളുന്നയിക്കാനിരുന്ന വിഷയത്തിന്റെ ഗൗരവം എന്തായാലും അതിനെക്കാള്‍ കുറവായിരുന്നില്ല, കുറവാകാന്‍ സാധ്യമല്ല, കാരണം സ്ത്രീകള്‍ എന്ന വിഭാഗം പൗരര്‍ കേരളത്തിലെ ഏതൊരു മതവിഭാഗത്തെക്കാള്‍, രാഷ്ട്രീയകക്ഷിയെക്കാള്‍ വലുതാണ്. താങ്കള്‍ക്കു മുന്നേ ഈ മുറിയിലിരുന്ന ആള്‍ പൗരരെ കാണാന്‍പോലും കൂട്ടാക്കിയിരുന്നില്ലെന്ന വാസ്തവം താങ്കളുടെ ഈ അവഗണനയെ ലഘൂകരിക്കുന്നുമില്ല. മുഖ്യമന്ത്രിയുമായുള്ള പൗരരുടെ കൂടിക്കാഴ്ചാസമ്പ്രദായത്തെ ജനാധിപത്യവത്ക്കരിക്കാന്‍, പ്രത്യേകിച്ച് അതിനുള്ള സാങ്കേതികവിദ്യ സജ്ജമായിരിക്കെ, എന്തുകൊണ്ട് താങ്കള്‍ മുതിരുന്നില്ല? ടോക്കണ്‍ സമ്പ്രദായം നടപ്പാക്കിയാല്‍ എന്താണ് പ്രശ്‌നം? അതു നടപ്പിലാക്കാതിരിക്കാന്‍ ഒരൊറ്റ രാഷ്ട്രീയകാരണമേ ഉള്ളൂ. പഴയ രാജ-പ്രജ ബന്ധത്തില്‍ പതഞ്ഞുപൊന്തുന്ന അധികാരരസം നുണയാനുള്ള അവസരം അതോടെ താങ്കളുടെ സഹായികള്‍ക്കെങ്കിലും നഷ്ടമാകുമെന്ന കാരണം. അധികാരവാതിലിനു മുമ്പിലെ ഇടുങ്ങിയ ഇടവഴിയില്‍ തിക്കിത്തിരക്കി, ഉന്തിത്തള്ളി, ബുദ്ധിമുട്ടി, സ്വന്തം സമയത്തെ വിലകുറച്ച് കാത്തുനില്‍ക്കുന്നവര്‍ ശക്തിവിഹീനരായ ആശ്രിത-പ്രജാനിലയിലേക്കു തള്ളപ്പെടുന്നു. വാതിലിനുള്ളിലേക്ക് സുഗമമായ പ്രവേശമുള്ളവര്‍ക്കും വാതില്‍ കാക്കുന്ന കാവല്‍ക്കാര്‍ക്കും രാജകിങ്കരന്മാര്‍ക്ക് പകര്‍ന്നുകിട്ടുന്ന അധികാരം നുണയാനുള്ള അവസരമുണ്ടാകുന്നു. അതിലെങ്കിലും ഒരു മാറ്റം വരുത്തിയില്ലെങ്കില്‍ അധികാരിയായ വി ഡി സതീശന്‍ ജനാധിപത്യവാദിയായ വി ഡി സതീശനെ മുക്കിക്കളഞ്ഞുവെന്ന് സങ്കടത്തോടെയാണെങ്കിലും സമ്മതിക്കേണ്ടിവരും'- മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

വി ഡി സതീശന് ഒരു തുറന്ന കത്ത്.

പ്രിയപ്പെട്ട വിഡിഎസ്,

ആദ്യം തന്നെ പറയട്ടെ, ഇത് ഞാനെഴുതുന്നത് കേരളമുഖ്യമന്ത്രിക്കല്ല, വി ഡി സതീശന്‍ എന്ന ജനാധിപത്യവാദിയായ രാഷ്ട്രീയപ്രവര്‍ത്തകനാണ് . ഈ രണ്ടു നിലകളും തമ്മില്‍ ഒരന്തരം ഉണ്ടെന്ന വിശ്വാസത്തോടെയാണ് ഇതെഴുതുന്നത്. ഇന്നലെ താങ്കളുടെ ഓഫീസില്‍ വന്നതിന്റെ അനുഭവത്തെപ്പറ്റിയാണ് എഴുതുന്നത്.

മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ ജനാധിപത്യവാദിയായ രാഷ്ട്രീയപ്രവര്‍ത്തകനെ കാണാനാകുമെന്ന പ്രതീക്ഷ തന്നെ അമിതമല്ലേ എന്ന് അധികാരസ്ഥാപനങ്ങളുടെ സ്വതഃസിദ്ധമായ യുക്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളെ പരിചയിച്ചിട്ടുള്ള എന്റെ ഉള്ളിലെ സാമൂഹ്യശാസ്ത്രജ്ഞ ചോദിക്കുന്നു. ആ ചോദ്യത്തെ ഞാന്‍ അവഗണിക്കുന്നില്ല. പക്ഷേ എന്റെ ഉള്ളില്‍ത്തന്നെ ഇന്നും ജീവിക്കുന്ന, കേരളമെന്ന സ്വപ്നത്തെ നിരന്തരം പിന്‍തുടരുന്ന, ജനാധിപത്യവാദിയായ പൗര വീണ്ടും എന്നോടു പറയുന്നു അങ്ങനെയുള്ള പ്രതീക്ഷയെ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് നിന്റെ ജീവിതം.

താങ്കളുടെ സമയം വളരെയേറെ വിലപ്പെട്ടതും, അതുപോലെ കേരളത്തിലെ സകലപൗരജനങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതുമാണെന്ന തികഞ്ഞ ബോധ്യത്തോടെയാണ് ഞങ്ങള്‍ -- ആല്‍ത്തിയാ സഹോദരീസംഘത്തിന്റെ അംഗങ്ങള്‍ -- താങ്കളെ കാണാന്‍ ഇന്നലെ എത്തിയത്. അതുകൊണ്ടു തന്നെ കൃത്യമായി അപ്പോയിന്‍മെന്റ് വഴി കൂടിക്കാഴ്ചാസമയം ചോദിച്ചു വാങ്ങിയിരുന്നു. സ്വന്തം വീട്ടുകാര്യമോ സ്വാര്‍ത്ഥമോ പറയാനല്ല ഞങ്ങളവിടെ വന്നത് നേരെമറിച്ച്, മലയാളിസ്ത്രീകളുടെ, പ്രത്യേകിച്ചും അവരില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന സ്ത്രീകളുടെ, മുഖ്യമായ ഒരു വിഷയം താങ്കളുടെ മുന്നില്‍ വയ്ക്കാനാണ് അവിടെ വന്നത്. സാധാരണ പൗരജനങ്ങളായാണ് ഞങ്ങളവിടെ വന്നതും അതായത്, മറ്റു നേതാക്കളുടെ ശുപാര്‍ശ, കാര്യമായ നെറ്റ് വര്‍ക്കിങ്, ഇതൊന്നും കൂടാതെ. ജനാധിപത്യവാദിയായ ഒരു നേതാവ് അധികാരത്തിലേറുമ്പോള്‍ കച്ചേരിക്കോയ്മയില്‍ അല്പമെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ അല്പമെങ്കലിലും പേറിയിരുന്നു അതും സത്യം തന്നെ.

ഞങ്ങളവിടെ കണ്ട കാഴ്ച പക്ഷേ ശരിക്കും മലയാളിപിതൃമേധാവിത്വത്തിന്റെ അജയ്യതയുടേതായിരുന്നു. പന്ത്രണ്ടു മണിയുടെ അപ്പോയിന്റുമായി എത്തിയിട്ടും കുറേയധികം കാത്തുനില്‍ക്കേണ്ടിവന്നുവെന്നതല്ല പ്രശ്‌നം അത്തരം താമസം പ്രതീക്ഷിതം മാത്രമാണ്, വൈദ്യശാലയിലും അധികാരകേന്ദ്രത്തിലും. എന്നാല്‍ താങ്കളുടെ ശ്രദ്ധയും സമയവും അപ്പോയിന്‍മെന്റില്ലാതെ തന്നെ പിടിച്ചുപറ്റുന്ന വളരെയേറെപ്പേരെ താങ്കളുടെ മുറിയ്ക്കു പുറത്തുള്ള വല്ലാതെ ഇടുങ്ങിയ ആ ഇടവഴിയില്‍ ഞങ്ങള്‍ കണ്ടു. അവിടേയ്ക്കു തിക്കിത്തിരക്കിയെത്തിയ പുരുഷന്മാരില്‍ പലവിധക്കാരുണ്ടായിരുന്നു മതമേലധികാരികള്‍, ഖദര്‍ധാരികള്‍. അപ്പോയിന്‍മെന്റെടുത്തു കാത്തു നിന്നവരുടെ മുന്നിലൂടെ അവരെയെല്ലാം സൗഹൃദത്തോടെ താങ്കളുടെ കാവല്‍ക്കാര്‍ അകത്തേയ്ക്കു കയറ്റിവിട്ടു. താങ്കളുടെ സമയത്തിന്റെ വിലയെ മാനിച്ച് സമയം ചോദിച്ചുവാങ്ങി കാത്തുനിന്നവര്‍, പക്ഷേ, അവഗണിക്കപ്പെട്ടു. മുഖ്യമന്ത്രി പുറപ്പെടാറായി, ഇനി കാണാന്‍ പറ്റില്ല, വാതില്‍ക്കല്‍ നിന്ന യൂനിഫോമിട്ട കാവല്‍ക്കാരന്‍ ഗമയില്‍ ഞങ്ങളോടു പറഞ്ഞു നിങ്ങള്‍ അപ്പോയിന്‍മെന്റ് എടുത്തിട്ടു വരണമായിരുന്നു...

ശരിക്കും ഒരു നാടകം കാണുന്ന പ്രതീതിയാണ് എനിക്കുണ്ടായത്. കേരളരാഷ്ട്രീയമണ്ഡലത്തെ മുഴുവന്‍ ചുരുക്കിയവതരിപ്പിച്ച നാടകം. മതാധികാരികളും രാഷ്ട്രീയഗുണംപറ്റികളും മറ്റും അധികാരത്തിന്റെ സ്വീകരണമുറിയ്ക്കക്കത്തേയ്ക്കും പുറത്തേയ്ക്കും സുഗമമായി ഇറങ്ങിക്കയറുന്നു. വാതിലിനിപ്പുറത്ത്, ജനസംഖ്യയിലും വോട്ടര്‍പ്പട്ടികയിലും പഞ്ചായത്ത് സംവിധാനങ്ങളിലും ഭൂരിപക്ഷമായ സ്ത്രീകളുടെ പ്രതിനിധികള്‍, കേരളത്തിന്റെ പാരിസ്ഥിതികസുസ്ഥിരതയ്ക്കായി പിണറായിഭരണത്തെ ചെറുത്ത പരിസ്ഥിതിസംരക്ഷണ കര്‍മ്മശീലര്‍. ഇടയ്ക്കുള്ള വാതിലില്‍ കാവലായി കറുത്ത യൂനിഫോം ധരിച്ച ആണധികാരം.

ആ നാടകം എന്നെ നിശബ്ദയാക്കാത്തതുകൊണ്ട് അതിനെ അംഗീകരിക്കാന്‍ പരസ്യമായി, ഉറക്കെ, വിസമ്മതിച്ചതുകൊണ്ടു മാത്രം ഞങ്ങള്‍ക്ക് വാതില്‍ തുറന്നുകിട്ടി. പക്ഷേ താങ്കളുമായി നടന്നത് ആശയവിനിമയമാണെന്ന തോന്നലല്ല എനിക്കുണ്ടായത്. ശല്യക്കാരിപ്പെണ്ണുങ്ങളായ കണക്കാക്കപ്പെടുന്ന കുടുംബാംഗങ്ങളോട് കുടുംബാധികാരികള്‍ കാട്ടാറുള്ള അസഹത്യത കലര്‍ന്ന അനുനയമായിരുന്നു താങ്കളുടെ പ്രതികരണമെന്നാണ് എനിക്കു തോന്നിയത്. അതായത്, താങ്കള്‍ ഞങ്ങളോട് ചില വാക്കുകള്‍ പറഞ്ഞുവെന്നത് നേരാണ്, പക്ഷേ ആ വാക്കുകള്‍ നിശബ്ദതയാണ് ആവശ്യപ്പെട്ടത്.

വല്ലാത്ത തിരക്കിലായിരുന്നു താങ്കളെന്നും ഞാന്‍ കണ്ടു. പക്ഷേ ആ തിരക്കിനിടയിലും പുരുഷന്മാരായ സന്ദര്‍ശകര്‍ക്കൊപ്പമിരുന്ന് രണ്ടു നിമിഷം അവരെ കേള്‍ക്കാനുള്ള ക്ഷമ താങ്കള്‍ക്കുണ്ടായി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പ്രവര്‍ത്തിച്ച ഒരു സ്ത്രീയെ ആത്മഹത്യയിലേക്കു തള്ളിവിട്ട തൊഴിലിടസാഹചര്യങ്ങളെപ്പറ്റി പറയാനാണ് ഞങ്ങളവിടെ വന്നത്. മരിച്ചു പോയ ആ യുവതിയുടെ നീതിവിഷയത്തിന്റെ സൂചിമുന കിടക്കുന്നത് അതിലാണ്. അതായത്, മലയാളിസ്ത്രീകളുടെ ഒരു പ്രധാനപ്പെട്ട പൊതുവിഷയം സംസാരിക്കാനാണ് ഞങ്ങള്‍ സമയം ചോദിച്ചുവാങ്ങി വന്നത്. പക്ഷേ ഞങ്ങളെ കേള്‍ക്കാന്‍ തീരെ സമയമില്ലായിരുന്നു താങ്കള്‍ക്ക്. താങ്കള്‍ ഒപ്പമിരുന്നു സംസാരിച്ച മതമേധാവികളുടെ വിഷയങ്ങള്‍ ചില്ലറയാണെന്നു പറയുന്നില്ല എന്നാല്‍ ഞങ്ങളുന്നയിക്കാനിരുന്ന വിഷയത്തിന്റെ ഗൌരവം എന്തായാലും അതിനെക്കാള്‍ കുറവായിരുന്നില്ല, കുറവാകാന്‍ സാധ്യമല്ല, കാരണം സ്ത്രീകള്‍ എന്ന വിഭാഗം പൌരര്‍ കേരളത്തിലെ ഏതൊരു മതവിഭാഗത്തെക്കാള്‍, രാഷ്ട്രീയകക്ഷിയെക്കാള്‍ വലുതാണ്. താങ്കള്‍ക്കു മുന്നേ ഈ മുറിയിലിരുന്ന ആള്‍ പൌരരെ കാണാന്‍പോലും കൂട്ടാക്കിയിരുന്നില്ലെന്ന വാസ്തവം താങ്കളുടെ ഈ അവഗണനയെ ലഘൂകരിക്കുന്നുമില്ല.

മുഖ്യമന്ത്രിയുമായുള്ള പൌരരുടെ കൂടിക്കാഴ്ചാസമ്പ്രദായത്തെ ജനാധിപത്യവത്ക്കരിക്കാന്‍, പ്രത്യേകിച്ച് അതിനുള്ള സാങ്കേതികവിദ്യ സജ്ജമായിരിക്കെ, എന്തുകൊണ്ട് താങ്കള്‍ മുതിരുന്നില്ല ? ടോക്കണ്‍ സമ്പ്രദായം നടപ്പാക്കിയാല്‍ എന്താണ് പ്രശ്‌നം ? അതു നടപ്പിലാക്കാതിരിക്കാന്‍ ഒരൊറ്റ രാഷ്ട്രീയകാരണമേ ഉള്ളൂ പഴയ രാജ-പ്രജ ബന്ധത്തില്‍ പതഞ്ഞുപൊന്തുന്ന അധികാരരസം നുണയാനുള്ള അവസരം അതോടെ താങ്കളുടെ സഹായികള്‍ക്കെങ്കിലും നഷ്ടമാകുമെന്ന കാരണം. അധികാരവാതിലിനു മുമ്പിലെ ഇടുങ്ങിയ ഇടവഴിയില്‍ തിക്കിത്തിരക്കി, ഉന്തിത്തള്ളി, ബുദ്ധിമുട്ടി, സ്വന്തം സമയത്തെ വിലകുറച്ച് കാത്തുനില്‍ക്കുന്നവര്‍ ശക്തിവിഹീനരായ ആശ്രിത-പ്രജാനിലയിലേക്കു തള്ളപ്പെടുന്നു. വാതിലിനുള്ളിലേക്ക് സുഗമമായ പ്രവേശമുള്ളവര്‍ക്കും വാതില്‍ കാക്കുന്ന കാവല്‍ക്കാര്‍ക്കും രാജകിങ്കരന്മാര്‍ക്ക് പകര്‍ന്നുകിട്ടുന്ന അധികാരം നുണയാനുള്ള അവസരമുണ്ടാകുന്നു. അതിലെങ്കിലും ഒരു മാറ്റം വരുത്തിയില്ലെങ്കില്‍ അധികാരിയായ വി ഡി സതീശന്‍ ജനാധിപത്യവാദിയായ വി ഡി സതീശനെ മുക്കിക്കളഞ്ഞുവെന്ന് സങ്കടത്തോടെയാണെങ്കിലും സമ്മതിക്കേണ്ടിവരും.

എങ്കിലും ഇപ്പോഴും പ്രതീക്ഷയുള്ളതുകൊണ്ടാണ് ഈ കത്തെഴുതുന്നത്. ആശാസമരവേദിയില്‍ താങ്കള്‍ നടത്തിയ നിരീക്ഷണങ്ങളെ ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നു. ആ സമരത്തില്‍ ഇടയ്ക്കിടെ വന്നു പ്രസംഗിച്ചു പോയ ആള്‍ മാത്രമായിരുന്നില്ല, താങ്കള്‍ -- ആശാത്തൊഴിലാളികള്‍ പ്രതിഷേധിച്ച ജനാധിപത്യലംഘനത്തെ ആഴത്തില്‍ തിരിച്ചറിയുക മാത്രമല്ല, അത് ആഴത്തില്‍ 'തോന്നുക' കൂടി ചെയ്ത ആളാണ് താങ്കള്‍ എന്ന് നേരിട്ടറിയാം. ആ വി ഡി സതീശന്‍ സ്ത്രീകളെ കേള്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ആശിക്കുന്നു.

Summary

J. Devika recounts her bitter experience at the Chief Minister's office after arriving for a scheduled appointment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
devika
Namitha
Sowbhagya Venkitesh
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com