

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആര്‍ക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ താനില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ലെന്നുള്ള അഭിപ്രായം തനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മതരാഷ്ട്ര വാദം എന്ന നിലപാട് തള്ളിയത്. ജമാഅത്തെ ഇസ്ലാമി അമീര്‍ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്. പിന്നെ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റ് എന്താണെന്നുമായിരുന്നു വി ഡി സതീശന്‍ ഉയര്‍ത്തിയ ചോദ്യം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകണം എന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, താന്‍ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്ന ജനങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച തുകയില്‍ തിരിമറി ഇല്ലെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു. എന്നാല്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പില്‍ ഉയരുന്ന ആരോപണങ്ങളില്‍ സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്തസാക്ഷികള്‍ക്ക് വേണ്ടി പിരിച്ച തുകയ്ക്ക് മുഖ്യമന്ത്രി കണക്ക് പറയണം. അഭിമന്യു രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ സിപിഎം വെട്ടിപ്പ് നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates