

കൊച്ചി: കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായത് ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവ്. ഗൃഹപ്രവേശനം നടന്ന വീട്ടില്‍ ഉപയോഗിച്ച കിണര്‍ വെള്ളമാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായതെന്നും പി രാജീവ് പറഞ്ഞു.
ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. കളമശ്ശേരിയിലെ 10,12,13 വാര്‍ഡുകളിലാണ് രോഗവ്യാപനം. ഈ വാര്‍ഡുകളില്‍ ക്യാമ്പ് നടത്തുമെന്നും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൂന്ന് വാര്‍ഡുകളില്‍ നിന്നുമായി 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ ചിലരുടെ നില ഗുരുതമാണ്. പത്താം വാര്‍ഡായ പെരിങ്ങഴയിലും പന്ത്രണ്ടാം വാര്‍ഡായ എച്ച്എംടി കോളനി എസ്റ്റേറ്റിലും പതിമൂന്നാം വാര്‍ഡായ കുറുപ്രയിലും നിരവധിപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. വ്യാപനം തടയാനാവശ്യമായ നടപടികള്‍ തുടരുകയാണെന്ന് നഗരസഭാ ചെയര്‍പേര്‍സണ്‍ അറിയിച്ചു. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്.
കൈ കഴുകുന്നതും പാത്രം കഴുകുന്നതും ശുദ്ധജലത്തിലാക്കാന്‍ ശീലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ചു. ശുചിമുറി മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും രോഗവ്യാപനത്തിന് കാരണമായേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates