

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കെട്ടടങ്ങാതെ തുടരുകയാണ്. ആദ്യം ലൈഫ് മിഷന്‍ കേസിലെന്നും പിന്നീട് ലാവലിന്‍ കേസിലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമന്‍സില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇങ്ങനെയൊരു സമന്‍സിനെപ്പറ്റി താനോ കുടുംബമോ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു. അതിനൊപ്പം മുഖ്യമന്ത്രി വ്യക്തമാക്കിയത്, അധികാരകേന്ദ്രങ്ങളില്‍ എവിടെയും എത്തിനോക്കാത്ത, ജോലിയും വീടുമായി കഴിയുന്നയാളാണ് തന്റെ മകന്‍ എന്നാണ്. ഈ പശ്ചാത്തലത്തില്‍ വിവേക് കിരണുമായി ബന്ധപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ്, വിവേകിന്റെ സഹപാഠിയും മാധ്യമ പ്രവര്‍ത്തകനുമായ ജിബി സദാശിവന്‍.
ജിബി എഴുതിയ കുറിപ്പ് വായിക്കാം:
മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് ഇ ഡി സമന്‍സ് നല്‍കിയോ ഇല്ലയോ എന്ന തര്‍ക്കം നിലനില്‍ക്കുകയാണല്ലോ. മകന്‍ അഭിമാനമാണ്, ജോലി കഴിഞ്ഞാല്‍ വീട് എന്നുള്ള സ്വഭാവക്കാരനാണ് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. എനിക്ക് നേരിട്ട് അറിയാവുന്ന കാര്യം പറയാതെ പോകുന്നത് ശരിയല്ലല്ലോ.
ഞാന്‍ കളമശേരി എസ് സി എം എസില്‍ ജേര്‍ണലിസം പഠിക്കുന്ന സമയം. മെന്‍സ് ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. അന്ന് എം ബി എയ്ക്ക് തുല്യമായ പിജിഡിഎം കോഴ്സ് അവിടെയുണ്ട്. 90 ശതമാനവും ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളാണ്. മലയാളികള്‍ വളരെ കുറവായത് കൊണ്ട് തന്നെ ഉള്ളവര്‍ തമ്മില്‍ അടുത്ത ബന്ധവുമുണ്ടായിരുന്നു. നന്നായി ആസ്വദിച്ചു പഠിച്ച കലാലയവും ഹോസ്റ്റല്‍ കാലവുമായിരുന്നു അത്. അന്നാണ് വിവേക് കിരണിനെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും. ഞങ്ങള്‍ ജോളിയടിച്ച് ചെറിയ അലമ്പൊക്കെയുണ്ടാക്കി നടക്കുമ്പോഴും വിവേക് ശാന്ത സ്വഭാവക്കാരനായിരുന്നു. ആദ്യമൊന്നും ഇത് പിണറായി വിജയന്റെ മകനാണ് എന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ആരോ പറഞ്ഞത് അത് സഖാവ് പിണറായിയുടെ മകനാണെന്ന്. സത്യം പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത്ര ശാന്തനായിരുന്നു. പഠനം എന്നതിനപ്പുറം മറ്റ് എന്റര്‌ടെയ്‌ന്മെന്റുകള്‍ക്ക് കാര്യമായി നില്‍ക്കാറില്ലായിരുന്നു. പിണറായിയെ പോലെ അല്ലെങ്കിലും അല്പം ഗൗരവം മുഖത്തുണ്ടായിരുന്നു. കാണുമ്പൊള്‍ ഒന്ന് പുഞ്ചിരിക്കും എന്നതിനപ്പുറം ഒരു അടിപൊളി ക്യാരക്ടര്‍ ഒന്നും ആയിരുന്നില്ല. എന്തെങ്കിലും തരത്തിലുള്ള ആര്‍ഭാടങ്ങള്‍ ഉള്ളയാളുമായിരുന്നില്ല. ആരെയും വെറുപ്പിക്കാനോ അനാവശ്യമായി എന്തെങ്കിലും കാര്യത്തില്‍ ഇടപെടുകയോ ചെയ്തിരുന്നില്ല.
ഇന്ദു മാമിന് (പ്രമോദ് സാറിന്റെ വൈഫ് ആയിരുന്ന ഇന്ദു നായര്‍ ആയിരുന്നു അന്ന് ഞങ്ങളുടെ ഹോസ്റ്റലിന്റെയും അഡ്മിനിസ്‌ട്രേഷന്റെയും ചുമതല ഉണ്ടായിരുന്നത്) ഞങ്ങളൊക്കെ പലവട്ടം തലവേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വിവേകിനെ കൊണ്ട് അവിടെ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അത്ര പാവമായിരുന്നു. അന്നും പിണറായി പാര്‍ട്ടിയില്‍ പ്രതാപിയായിരുന്നു. ഒന്നെനിക്ക് ഉറപ്പാണ്. വിവേക് കിരണ്‍ അധികാരത്തിന്റെ ഉന്മാദാവസ്ഥ ബാധിച്ച ഒരാളല്ല, നല്ല വിദ്യാഭ്യാസം ഉള്ളയാളാണ്, അധികാരത്തിന്റെ ഇടനാഴികളില്‍ അവതാരപ്പിറവി എടുത്തിട്ടുമില്ല. ഇപ്പോള്‍ വന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷണത്തില്‍ തെളിയട്ടെ. പക്ഷെ, ഞാന്‍ കണ്ടിട്ടുള്ള വിവേക് കിരണ്‍ ഏതായാലും അധികാരത്തണലില്‍ എന്തെങ്കിലും ആകാന്‍ ആഗ്രഹിച്ചയാളല്ല. അയാള്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് സ്വന്തം അധ്വാനം കൊണ്ടാകാനാണ് വഴി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
