

കൊച്ചി: മലയാള സാഹിത്യത്തിലെ പ്രതിഭകളില്‍ ഒരാളായ ഒവി വിജയനും വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്ന് കലാ നിരൂപകനും എഴുത്തുകാരനുമായ ജോണി എംഎല്‍. വിജയന്റെ നോവല്‍ ശില്പത്തെയും ആത്മീയ യാത്രകളെയും കുറിച്ചുള്ള സക്കറിയയുടെ നിരീക്ഷണങ്ങളെ ഭൂരിപക്ഷാഭിപ്രായത്തിന്റെ പേരില്‍ മാത്രം ആക്രമിക്കുന്നത് ശരിയല്ലെന്നും ജോണി എംഎല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 'എക്സ്പ്രസ് ഡയലോഗി'ല്‍ പോള്‍ സക്കറിയ നടത്തിയ 'വിജയന്‍ അങ്ങനെ നിന്ന് പിഴച്ചു' എന്ന പരാമര്‍ശവും അതിനെത്തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളുമാണ് കുറിപ്പിന് ആധാരം.
മലയാളികള്‍ എപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട വിഗ്രഹങ്ങളെ തൊടാന്‍ അനുവദിക്കാത്ത ഒരു മുന്‍വിധി സൂക്ഷിക്കാറുണ്ട്. സക്കറിയ തപസ്യ അവാര്‍ഡുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങളെ ഭൂരിപക്ഷാഭിപ്രായത്തിന്റെ പേരില്‍ മാത്രം പ്രതിരോധത്തിലാക്കുകയാണുണ്ടായത്. വിജയന്റെ ആത്മീയതയിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ജീവിച്ചിരുന്ന കാലത്ത് തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. മതാധിഷ്ഠിത വലതുപക്ഷത്തിന്റെ വളര്‍ച്ചാഘട്ടത്തില്‍ ഇത്തരം തിരഞ്ഞെടുപ്പുകള്‍ കൃത്യമായി വിശദീകരിക്കപ്പെടേണ്ടതുണ്ടായിരുന്നു. സല്‍മാന്‍ റുഷ്ദിയെപ്പോലെയുള്ള എഴുത്തുകാര്‍ മതതീവ്രവാദത്തോടും വാശികളോടും പുലര്‍ത്തുന്ന കര്‍ശന നിലപാടുകളുമായി ഇതിനെ ജോണി എംഎല്‍ താരതമ്യം ചെയ്യുന്നു.
ഒവി വിജയന്റെ നോവല്‍ രൂപത്തെക്കുറിച്ചുള്ള സക്കറിയയുടെ വിമര്‍ശനങ്ങളില്‍ കാര്യമുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. 'ഖസാക്കിന്റെ ഇതിഹാസ'ത്തിന് ശേഷം വന്ന രചനകളില്‍ വിജയന്‍ ഒരു നിത്യസന്ദേഹിയായി മാറുന്നത് കാണാം. ഒരു ഗുരുവിനെ സ്വീകരിച്ചുകഴിഞ്ഞാല്‍ ഉണ്ടാകുന്ന ആത്മീയമായ ഉറപ്പില്ലായ്മ അദ്ദേഹത്തിന്റെ പില്‍ക്കാല രചനകളില്‍ പ്രകടമാണെന്ന് കുറിപ്പില്‍ചൂണ്ടിക്കാണിക്കുന്നു. പരസ്പരം വിമര്‍ശിക്കുമ്പോഴും സക്കറിയയും വിജയനും തമ്മിലുള്ള സാഹിത്യപരമായ ആത്മബന്ധവും പരസ്പര ബഹുമാനവും 'മൂന്നാംകിട സാഹിത്യത്തിന്റെ അന്ത്യം' പോലുള്ള കഥകളിലൂടെ പ്രകടമാണെന്ന് ജോണി ഓര്‍മിപ്പിക്കുന്നു.
ഒവി വിജയന്റെ നോവല്‍ ക്രാഫ്റ്റിനെക്കുറിച്ചും തിരഞ്ഞെടുപ്പുകളെക്കുറിച്ചും സംസാരിച്ചതിന്റെ പേരില്‍മാത്രം സക്കറിയയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും, വ്യത്യസ്തമായ അഭിപ്രായങ്ങളെ അതിന്റെ ആഴത്തില്‍ ഉള്‍ക്കൊള്ളുകയാണ് സാഹിത്യസമൂഹവും വായനക്കാരും ചെയ്യേണ്ടതെന്നും ഈ കുറിപ്പ് ഓര്‍മിപ്പിക്കുന്നു.
സക്കറിയ പങ്കെടുത്ത എക്‌സ്പ്രസ് ഡയലോഗ് എപ്പിസോഡ് കാണാം:
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates