

കണ്ണൂര്‍: ഛത്തീസ്ഗഡ് ജയിലില്‍ അടച്ച കന്യാസ്ത്രീകളുടെ ജാമ്യഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് നിഗൂഢനീക്കമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ കാറ്റില്‍ പറത്തിയെന്നും തെരുവില്‍ പ്രതിഷേധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും പാംപ്ലാനി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'കന്യാസ്ത്രീകളുടെ ജാമ്യം നിഷേധിച്ചത് ഏറെ ദുഖകരമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടുകയും ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കുകയില്ലെന്ന് പറഞ്ഞത് രാജ്യം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് കേട്ടത്. പക്ഷെ കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ കാറ്റില്‍പ്പറത്തി സംസ്ഥാന സര്‍ക്കാര്‍ നീഗൂഡമായ നീക്കത്തിലൂടെ ജാമ്യഹര്‍ജിയെ എതിര്‍ത്തത് അങ്ങേയറ്റം ദുഖകരവും അപലപനീയവുമാണ്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമയോചിതവും സത്വരവുമായ ഇടപെടല്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചു; പാംപ്ലാനി പറഞ്ഞു.
'രാജ്യത്ത് നീതി നിഷേധിക്കുമ്പോള്‍ ഭരണകൂടങ്ങളെയല്ലാതെ മറ്റാരെയാണ് തങ്ങള്‍ സമീപിക്കേണ്ടത്. ഇപ്രകാരമുള്ള നീതി നിഷധിക്കുമ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയല്ലാതെ മറ്റ് എന്താണ് ജനാധിപത്യവിശ്വാസിക്ക് ചെയ്യാന്‍ സാധിക്കുക. നിര്‍ബന്ധിതമതപരിവര്‍ത്തനമെന്ന് വിളിച്ചുകൂവിയാല്‍ നിര്‍ബന്ധിതമതപരിവര്‍ത്തനം ആകില്ല. അതിനെ അപ്രകാരം ആക്കിതീര്‍ക്കാന്‍ ശ്രമിക്കുന്ന ചില തീവ്രവാദ സംഘടകളുണ്ട്. ആ സംഘടനകളെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാത്തതാണ് ഇവിടെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യാഖ്യാനം ചെയ്യുന്നത് ആരാണ്. ഇപ്രകാരമുള്ള ആള്‍ക്കൂട്ടങ്ങളുടെ വിചാരണയിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്നതാണ് അപകടകരമായ വസ്തുതയാണ്. ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതുമായ നിയമങ്ങള്‍ പിന്‍വലിക്കണം. നിര്‍ബന്ധിതമതപരിവര്‍ത്തനത്തിന് ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല' പാംപ്ലാനി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates