

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയ്ക്കുള്ളിലെ ഭിന്നതകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണം നിഷേധിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. പിന്നിൽ നിന്ന് അമ്പെയ്യുന്ന ആളല്ല താനെന്നും, നേർക്കുനേർ നിന്ന് പ്രവർത്തിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനും ചില മന്ത്രിസഭാംഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായെന്നും, ഇതിന്റെ വിവരങ്ങൾ മുരളീധരൻ ചോർത്തിയെന്നുമാണ് ആരോപണങ്ങൾ ഉയർന്നിരുന്നത്. ഇതിനോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"പിന്നിൽ നിന്ന് അമ്പെയ്യുന്ന സ്വഭാവം എനിക്കില്ല. എന്റെ പ്രവർത്തനരീതി നേർക്കുനേരെയാണ്, ഇത്തരം ഒളിയാക്രമണങ്ങൾക്ക് ഞാൻ നിൽക്കാറില്ല. ഇപ്പോൾ ഇതിനെക്കുറിച്ച് ഒരു ചർച്ചയുടെയും ആവശ്യമില്ല. സർക്കാർ ചെയ്യുന്ന നിരവധി നല്ല കാര്യങ്ങൾ ഇത്തരം വിവാദങ്ങൾ കാരണം പിന്തള്ളപ്പെട്ടുപോകുകയാണ്. ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന് പകരം സർക്കാരിന്റെ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സർക്കാർ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. അതാണ് ഞങ്ങൾ കൂട്ടായി എടുത്തിട്ടുള്ള തീരുമാനം," കെ. മുരളീധരൻ പറഞ്ഞു.
കോൺഗ്രസിലും യുഡിഎഫിലും യാതൊരുവിധ ഏകോപനക്കുറവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "അങ്ങനെയായിരുന്നെങ്കിൽ ഞങ്ങൾക്ക് 102 സീറ്റുകൾ നേടാൻ കഴിയുമായിരുന്നില്ല. കോൺഗ്രസ് നിർജ്ജീവമായിരുന്നെങ്കിൽ 102 സീറ്റുകൾ ലഭിക്കുമായിരുന്നോ? പാർട്ടിയും മുന്നണിയും സർക്കാരും ഇനിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകും," അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമേറ്റതുമുതൽ എല്ലാ ബുധനാഴ്ചകളിലും മന്ത്രിസഭായോഗം ചേരുന്നുണ്ടെന്നും, തീരുമാനങ്ങൾ മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിക്കുന്നുണ്ടെന്നും ഇത് സർക്കാരിന്റെ ചിട്ടയായ പ്രവർത്തനത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ പ്രസ്ഥാനങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അവ പരിഹരിക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്സി അംഗങ്ങളുടെ പട്ടിക അന്തിമമാക്കുന്നതിൽ വലിയ കാലതാമസമുണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. "ഒരു പേരിനെക്കുറിച്ച് മുഖ്യമന്ത്രി ചെറിയൊരു സംശയം ഉന്നയിച്ചിരുന്നു. പിറ്റേന്ന് അദ്ദേഹം ഡൽഹിക്ക് പോകുന്നതിന് മുൻപ് അന്നുതന്നെ അത് പരിഹരിക്കുകയും ചെയ്തു. പട്ടിക ഗവർണർക്ക് അയച്ചിട്ടുണ്ട്. ഗവർണറുടെ ഉത്തരവ് വരുന്നതോടെ നാലോ അഞ്ചോ അംഗങ്ങളുടെ നിയമനം വിജ്ഞാപനം ചെയ്യും," അദ്ദേഹം അറിയിച്ചു. പാർട്ടി ക്വാട്ടയിൽ ഇത്രയധികം പിഎസ്സിഅംഗത്വവും ഗവൺമെന്റ് പ്ലീഡർ പദവികളും മുൻപ് കോൺഗ്രസിന് ലഭിച്ചിട്ടില്ലെന്നും, എന്നാൽ നെഗറ്റീവ് കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഹോദരി പത്മജ വേണുഗോപാൽ ബിജെപ. വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആ വിഷയത്തിൽ താൻ മുൻപ് പ്രതികരിച്ചിട്ടുണ്ടെന്നും അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മുരളീധരന്റെ മറുപടി. "അത്തരം കാര്യങ്ങളിൽ കെപിസിസി. പ്രസിഡന്റിനും മുഖ്യമന്ത്രിക്കും തീരുമാനമെടുക്കാം. പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു, ഇനി കൂടുതൽ ഇടപെടേണ്ട ആവശ്യമില്ല," അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്.പിന്തുണയോടെ വിജയിച്ച അമ്പലപ്പുഴയിലെ സ്വതന്ത്ര എംഎൽഎ. ജി സുധാകരൻ കോൺഗ്രസ് നേതാക്കളെ വിമർശിച്ചതിനെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. സുധാകരൻ മുതിർന്ന രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് വലിയ വില കൽപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. "അദ്ദേഹം മുതിർന്ന നേതാവാണ്, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് പോലുള്ള വിഷയങ്ങളിൽ അദ്ദേഹം ന്യായമായ ഇടപെടലുകൾ നടത്തുന്നുണ്ട്, അദ്ദേഹത്തിന്റെ പല നിർദ്ദേശങ്ങളും ഞങ്ങൾ നടപ്പിലാക്കിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടെ പരിഗണിക്കും," മുരളീധരൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates