

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ വളരെ ഗൗരവമേറിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച് ഉചിതമായ തീരുമാനം പാര്‍ട്ടി തീരുമാനിക്കും. ഒരിക്കലും പാര്‍ട്ടി കുറ്റാരോപിതനെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. യുവതിയെ ഗർഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിർബന്ധിക്കുന്ന ശബ്ദരേഖയാണ് കഴിഞ്ഞദിവസം പുറത്തു വന്നത്.
ആരോപണം ഉയര്‍ന്നു വന്നപ്പോള്‍, രേഖാമൂലമുള്ള പരാതി ഇല്ലാതിരുന്ന സാഹചര്യത്തില്‍ പോലും പൊതുരംഗത്തെ ധാര്‍മ്മികതയുടെ പേരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടതുപ്രകാരമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തുടര്‍നടപടികളൊന്നും വേണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം വന്ന ശബ്ദരേഖകള്‍ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്. കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം ശബ്ദരേഖയുടെ ആധികാരികതയും പരിശോധിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെടേണ്ടതുണ്ട്. ആരും ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന് അന്വേഷിക്കാവുന്നതാണ്. പലര്‍ക്കും പല അസുഖങ്ങളൊക്കെ ഉണ്ടെങ്കില്‍ അതൊക്കെ എങ്ങനെയാണ് നമുക്കു മനസ്സിലാക്കാന്‍ കഴിയുക. അതൊക്കെ രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂവെന്ന് കെ മുരളീധരന്‍ പറഞ്ഞു.
എങ്ങനെ നമുക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുക. ആര് എവിടെയൊക്കെ മതില്‍ ചാടുന്നുവെന്ന് ആര്‍ക്കാണ് അറിയുക. മുകേഷിന്റെ കാര്യം പറഞ്ഞ് പാര്‍ട്ടി മാറി നില്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മാതൃകാപരമായ നിലപാട് എടുക്കും. പാര്‍ട്ടി വളരെ വിശാലമായ സമീപനമാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. നല്ലൊരു ചെറുപ്പക്കാരനാണ്, ഭാവിയുള്ള ആളാണ്. അങ്ങനെയുള്ള ഒരാളെ നിയമസഭയില്‍ എത്തിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. അതനുസരിച്ചാണ് പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പാലക്കാട് ബിജെപി എംഎല്‍എ വേണമെന്ന് സിപിഎമ്മിന് നിര്‍ബന്ധമില്ലെങ്കില്‍ കോണ്‍ഗ്രസ് ഭയപ്പെടേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates