കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു 

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കെ ആര്‍ ഗൗരിയമ്മ (ഫയല്‍ ചിത്രം)
കെ ആര്‍ ഗൗരിയമ്മ (ഫയല്‍ ചിത്രം)
Updated on
1 min read

തിരുവനന്തപുരം: ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ(102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് രോഗം ഗുരുതരമാകുകയായിരുന്നു. പനിയും ശ്വാസംമുട്ടലിനെയും തുടര്‍ന്നാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

1957ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ കെ ആര്‍ ഗൗരിയമ്മ. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ 1960-70കളില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ് അവര്‍.

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് കെ ആര്‍ ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയില്‍ പെട്ട കെ ആര്‍  ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയായിരുന്നു. കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം കൊടുത്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്‌സിസ്റ്റ്) അംഗം ആയിരുന്ന ഇവര്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. 

ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ എ രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്.തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി എ ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കി.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാലാണ് ഗൗരിയമ്മ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com