കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും

കെപിസിസി ആസ്ഥാനത്തുവച്ചായിരിക്കും ചുമതലയേറ്റെടുക്കുക
കെ സുധാകരന്‍ / ഫയല്‍ ചിത്രം
കെ സുധാകരന്‍ / ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിൽ കെപിസിസി ആസ്ഥാനത്തുവച്ചായിരിക്കും ചുമതലയേറ്റെടുക്കുക. പത്തു മണിയോടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലെത്തി ഹാരാർപ്പണം അർപ്പിക്കും. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാർപ്പണം നടത്തും. 

പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ എത്തുന്ന സുധാകരന് സേവാദൾ വോളന്‍റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് സുധാകരൻ പാർട്ടി പാതക ഉയർത്തും. പതിനൊന്ന് മണിയോടെയാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക. ഇതിന് ശേഷം സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിടവാങ്ങൽ പ്രസംഗം നടത്തും. അധികാരമേറ്റ കെ സുധാകരനും തന്റെ ആമുഖ പ്രസംഗം നടത്തും. 

വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം സ്ഥാനമേൽക്കും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തരത്തിൽ അവർക്കു കൂടി സൗകര്യപ്രദമായ ദിവസമാണ് ചുമതലയേൽക്കാൻ സുധാകരൻ നിശ്ചയിച്ചത്. കണ്ണൂരിൽ നിന്നടക്കം പ്രവർത്തകർ തലസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com