'കെപിസിസി പ്രസിഡന്റ് അല്ലെങ്കില്‍ പറന്നുപോവുകയൊന്നുമില്ല'; പദവിയില്‍ കടിച്ചുതൂങ്ങില്ലെന്ന് കെ സുധാകരന്‍

'കെപിസിസി പ്രസിഡന്റ് അല്ലെങ്കില്‍ താന്‍ വായുവിലൊന്നും പറന്നുപോകുകയൊന്നുമില്ല'
k sudhakaran
കെ സുധാകരൻ ഫയൽ
Updated on
2 min read

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയില്‍ കടിച്ചുതൂങ്ങാന്‍ താനില്ലെന്ന് കെ സുധാകരന്‍. തനിക്ക് അത് ആഢംബരമായി കരുതി, വിട്ടുകൊടുക്കില്ല എന്ന വാശിയൊന്നുമില്ല. അധ്യക്ഷപദവിയില്‍ കടിച്ചുതൂങ്ങുന്ന ആളല്ല താന്‍. ആരെയും കെപിസിസി പ്രസിഡന്റായി എഐസിസിക്ക് നിയമിക്കാം. ആ പ്രസിഡന്റിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും. തന്റെ വലിയ സ്വപ്‌നമൊന്നുമല്ല കെപിസിസി പ്രസിഡന്റ് പദവിയും മുഖ്യമന്ത്രി പദവിയുമെന്നും കെ സുധാകരന്‍ പറഞ്ഞു.

അതിനുവേണ്ടിയൊന്നും ശഠിക്കാന്‍ താന്‍ പോകുന്നില്ല. തന്റെ രാഷ്ട്രീയം സിപിഎമ്മിനെതിരെയുള്ള കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. ഏഴെട്ടു വയസ്സുമുതല്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നയാളാണ്. ആ പ്രവര്‍ത്തനം തുടരും. എല്ലാവര്‍ക്കും താല്‍പ്പര്യം ഉണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരാന്‍ സമ്മതിച്ചാല്‍ മതി. തനിക്ക് അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. കെപിസിസി പ്രസിഡന്റ് അല്ലെങ്കില്‍ താന്‍ വായുവിലൊന്നും പറന്നുപോകുകയൊന്നുമില്ല. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ താനുണ്ട്. പാർട്ടിയിൽ നേതൃമാറ്റ ചർച്ചയൊന്നും ഇപ്പോഴില്ലെന്നും കെ സുധാകരൻ പറഞ്ഞു.

തനിക്കെതിരെയുള്ള പ്രചാരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ആരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. അത്തരത്തില്‍ ആരെങ്കിലും ഉള്ളതായി മാധ്യമങ്ങള്‍ക്ക് വിവരം കിട്ടിയാല്‍ തന്നെ അറിയിച്ചാല്‍ വളരെ നന്ദിയുണ്ടായിരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നമുണ്ടോയെന്ന ചോദ്യത്തിന്, എന്നെ കണ്ടാല്‍ അങ്ങനെ തോന്നുന്നുണ്ടോ എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. ആരെങ്കിലും അത്തരത്തില്‍ പ്രചരിപ്പിച്ചാല്‍ അവര്‍ വന്നു തെളിയിക്കണം. നേതൃമാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തോട്, ആരെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

കെപിസിസി പ്രസിഡന്റ് മാറിയാല്‍ പ്രതിപക്ഷ നേതാവ് മാറണം എന്നൊന്നുമില്ല. ഇതു രണ്ടും തമ്മില്‍ ബന്ധമൊന്നുമില്ല. ഇതിനെ കണക്ടു ചെയ്യേണ്ടതുമില്ല. കെ സുധാകരന്‍ മാറുമ്പോള്‍ സതീശന്‍ മാറണമെന്നൊന്നും ഇല്ല. നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പാര്‍ട്ടിയെ നയിക്കാനുണ്ടാകും. എന്നാല്‍ മത്സരത്തിന് ഉണ്ടാകില്ല. നയിക്കലും മത്സരവും വേറെ വേറെയാണ്. മത്സരിക്കാന്‍ താല്‍പ്പര്യമില്ല. പാര്‍ട്ടി നിര്‍ബന്ധിച്ചാലോയെന്ന ചോദ്യത്തിന്, നിര്‍ബന്ധിച്ചാല്‍ അനുസരിക്കേണ്ടേ?, അല്ലാതെ തനിക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനം എന്നത് തുടര്‍ച്ചയാണ്. അത് ഒരുമാസത്തേക്കോ ഒരാഴ്ചത്തേക്കോ ഉള്ളതല്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംയുക്ത സമ്മേളനം നടത്താതിരുന്നത് എഐസിസി സെക്രട്ടറിക്ക് അപകടത്തില്‍പ്പെട്ടതുമൂലമാണ്. അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുകയാണോ വേണ്ടത്?. കള്ളം പ്രചരിപ്പിക്കലല്ല മാധ്യമങ്ങളുടെ ജോലി. വാര്‍ത്തയുണ്ടാക്കി അടിക്കുന്നത് തറവാടിത്തമില്ലായ്മയും അന്തസ്സില്ലായ്മയുമാണ്. മാധ്യമപ്രവര്‍ത്തകരുടെ തലയ്ക്കകത്ത് എന്തെങ്കിലും ഉണ്ടാകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയകാര്യസമിതിയില്‍ ഒരു തരത്തിലുള്ള വാക്കേറ്റവും നടന്നിട്ടില്ല. സമിതിയില്‍ കെ പി അനില്‍കുമാറും വിഡി സതീശനും തമ്മില്‍ തര്‍ക്കമുണ്ടായിട്ടില്ല. മാന്യമായ ചര്‍ച്ച നടന്നിട്ടുണ്ട്. അതില്‍ തെറ്റൊന്നും തനിക്ക് തോന്നുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. നേതാക്കളെ ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താത്തത്, ഐക്യമില്ലാത്തതു കൊണ്ടല്ല. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്ക് വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്. ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിനോട് അവര്‍ക്ക് വിയോജിപ്പുണ്ട്. അവര്‍ പ്രവര്‍ത്തനനിരതയായ നേതാവാണ്. അവര്‍ പറയുന്നത് ഞങ്ങള്‍ അനുസരിക്കുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ മൊഴിയെടുക്കാനുള്ള പൊലീസ് നീക്കത്തില്‍ തനിക്ക് നോട്ടീസൊന്നും കിട്ടിയിട്ടില്ല. എങ്ങനെ പ്രതികരിക്കണമെന്ന് നിയമപരമായി ആലോചിച്ച് തീരുമാനിക്കും. താന്‍ ഒരുപാട് കേസ് നടത്തി വളര്‍ന്നുവന്നയാളാണ്. പിണറായി വിജയന് ബുദ്ധിയുള്ള കാലം മുതല്‍ തന്നെ ഒരുപാട് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. നിയമബിരുദമുണ്ട്. കേസ് ഒരുപാട് നടത്തിയിട്ടുണ്ട്. അതുകൊണ്ട് എന്നെ പേടിപ്പിക്കാനും വിറപ്പിക്കാനും ആരും നോക്കേണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

ചോദ്യം ചെയ്യണമെങ്കില്‍ ആദ്യം തന്നെ ബോധ്യപ്പെടുത്തണം. അങ്ങനെ ചെയ്താല്‍ ഏതു പൊലീസ് സ്റ്റേഷനിലും പോകും. അത്തരത്തില്‍ ബോധ്യപ്പെടുത്തിയാല്‍ പൊലീസിന്റെ നിര്‍ദേശം അനുസരിക്കും. മനസാ വാചാ കര്‍മണാ ബന്ധമില്ലാത്ത കാര്യത്തില്‍ തന്നെ കൂട്ടിക്കലര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്. എന്‍എം വിജയന്റെ കത്ത് തനിക്കാണ്. അതിന്മേല്‍ ജില്ലാ നേതാക്കളുമായി സംസാരിച്ചിരുന്നു. അവര്‍ക്ക് നിര്‍ദേശം നല്‍കിയത് അതിന്റെ അടിസ്ഥാനത്തിലാണ്. എന്തായാലും അതിനകത്ത് വീഴ്ചയുണ്ട്. കെപിസിസി കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെടുക്കും. ന്യായമായ ബാധ്യതകള്‍ പഠിച്ച് നടപടിയെടുക്കും. സിപിഎമ്മുകാര്‍ അവരുടെ മരിച്ചയാളുകളുടെ വീട്ടുകാര്‍ക്ക് ആദ്യം കൊടുക്കട്ടെ എന്നും കെ സുധാകരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com