തൃശൂര്‍: താഴ്ന്ന ജാതിക്കാരോടുള്ള കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോണ്‍ഗ്രസ് പ്രകടമാക്കിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജാതീയമായും സാമ്പത്തികമായും തൊഴില്‍ പരമായും പിന്നാക്കം നില്‍ക്കുന്ന ഏതൊരാളെയും അംഗീകരിക്കാന്‍ ആവില്ലെന്ന കോണ്‍ഗ്രസിന്റെ വരേണ്യമായ മനസ്സാണ് ഇന്ന് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിലൂടെ പ്രകടമായതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്റില്‍ ഉപരാഷ്ട്രപതിയെ അപമാനിച്ചതും അപമാനിച്ച ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലാണ്. അതിനൊക്കെ മുമ്പ് ഒരു പിന്നാക്ക സമുദായക്കാരിയെ രാഷ്ട്രപതിയാക്കിയതിലും കോണ്‍ഗ്രസിന്റെ അസഹിഷ്ണുത പ്രകടമായതാണ്. ഇതാണ് ഇപ്പോഴും നടന്നത്. പ്രധാനമന്ത്രി തൃശ്ശൂരില്‍ സംസാരിച്ച വേദിയില്‍ ചാണകവെള്ളം ഒഴിക്കാന്‍ വന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ അല്പത്വം കോണ്‍ഗ്രസിന്റെ വെറുപ്പിന്റെ മനസ്ഥിതിയാണ് കാണിക്കുന്നത്. ഈ നീക്കത്തെ ജനാധിപത്യപരമായി ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയെ കുറിച്ച് കോണ്‍ഗ്രസുകാരും ഇടതുപക്ഷവും സംസാരിച്ചത് തന്നെ സ്വാഗതാര്‍ഹമാണ്. പ്രധാനമന്ത്രി നടപ്പാക്കിയതും നടപ്പാക്കാന്‍ പോകുന്നതുമായ കാര്യങ്ങളാണ് തൃശ്ശൂരില്‍ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി പറഞ്ഞത്. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കപ്പെടുക തന്നെ ചെയ്യും എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ക്രിസ്മസ് കാലത്ത് തുടങ്ങിയ സ്‌നേഹ യാത്ര തുടരുമെന്നും, മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കേരളത്തില്‍ ഉടനീളം രണ്ടു മാസക്കാലം നീളുന്ന ജനസദസ്സുകള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ മണ്ഡലങ്ങളിലെയും ജനപ്രതിനിധികളെയും ജനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുള്ള ജനസദസ്സുകളാണ് ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നടത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു.
നിരോധിക്കപ്പെട്ട പി എഫ് ഐയുടെ പുതിയ ഭാവത്തിലുള്ള പ്രവര്‍ത്തകരാണ് ഇന്ന് തൃശൂര്‍ എംപിക്ക് ചുറ്റുമുള്ളതൊന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തൃശ്ശൂരിലെ നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും, സ്ത്രീശക്തി സമ്മേളനവും തകര്‍ക്കാന്‍ പൊലീസും സംസ്ഥാന പിആര്‍ഡിയും കൈകോര്‍ത്തത് അപലപനീയമാണ്. അതിന്റെ ഫലമായാണ് മാധ്യമപ്രവര്‍ത്തകരെ തടയുന്നതില്‍ വരെ എത്തിയത്. സമ്മേളനത്തിലേക്ക് വന്ന വനിതകളുടെ വാഹനങ്ങള്‍ വരെ പലയിടത്തും പിടിച്ചിട്ടതും അതിന്റെ ഭാഗമാണ്. എന്നിട്ടും തൃശ്ശൂരില്‍ ചരിത്രം കുറിച്ച സമ്മേളനത്തിനാണ് സാക്ഷ്യം വഹിച്ചത്. അതിനുവേണ്ടി സഹകരിച്ച മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരോടും ബിജെപി നന്ദി പറയുന്നതായി സുരേന്ദ്രന്‍ പറഞ്ഞു.
തൃശൂര്‍ ബിജെപി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ്‌കുമാര്‍ സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവരും പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates