

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. മുൻമന്ത്രിയും എംഎൽഎയുമായ ഡോ. കെ ടി ജലീൽ ആണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് ജലീൽ ഫെയ്സ്ബുക്ക് പോജിൽ പങ്കുവെച്ചു. കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു എന്നാണ് ജലീൽ ഫിറോസിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
കാര്യമായ വരുമാനമാർഗങ്ങളില്ലാത്ത ഫിറോസ് കുന്നമംഗലത്ത് ദേശീയപാതയോരത്ത് ലക്ഷങ്ങൾ വിലവരുന്ന ഭൂമി സ്വന്തമാക്കി ആഡംബര വീട് പണിതു. കോഴിക്കോട് ബ്ലൂ ഫിൻ എന്ന പേരിൽ വില്ല പ്രോജക്ടും ആരംഭിച്ചു. പികെ ഫിറോസിന് പരമ്പരാഗതമായി സ്വത്തോ ജോലിയോ ഇല്ല. പാര്‍ട്ടി എന്തെങ്കിലും ധന സഹായം നല്‍കിയതായി അറിവില്ല. എന്നിട്ട് എങ്ങനെ ഇത്രയധികം സ്വത്ത് സമ്പാദിച്ചു?. ഇതിന്റെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്ന് ജലീൽ പരാതിയിൽ ആവശ്യപ്പെട്ടു.
കെഎസ്ആർടിസി- ഡ്രൈവറായി വിരമിച്ചയാളാണ് ഫിറോസിന്റെ ബാപ്പ. 15 സെന്റും ചെറിയ വീടുമാണ് കുടുംബസ്വത്ത്. അത് ഭാഗംവച്ചിട്ടില്ല. നിയമബിരുദമുണ്ടെങ്കിലും ഫിറോസ് അഭിഭാഷകവൃത്തി സ്വീകരിച്ചിട്ടില്ല. കുന്നമംഗലത്ത് ദേശീയപാതയോട് ചേർന്ന് സെന്റിന് 10 ലക്ഷം വിലവരുന്ന 12.5 സെന്റ് 2011ലാണ് വാങ്ങിയത്. അതിൽ ഒരുകോടി രൂപയുടെ വീടും നിർമിച്ചു. ഇൗ കാലയളവിൽ ഭാര്യ എയ്‌ഡഡ് സ്കൂളിൽ അധ്യാപക നിയമനവുംനേടി. ഫിറോസ് തനിച്ചും കുടുംബസമേതവും നിരവധി വിദേശയാത്ര നടത്തിയിട്ടുണ്ട്.
കത്വവയിലും ഉന്നാവയിലും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ പേരിൽ യൂത്ത് ലീഗ് സ്വദേശത്തും വിദേശത്തുമായി വലിയ ഫണ്ട് ശേഖരിച്ചിരുന്നു. എന്നാൽ, കുടുംബങ്ങൾക്ക് ആറുലക്ഷം രൂപയാണ് നൽകിയത്. ഇതുസംബന്ധിച്ച് കുന്നമംഗലം മജിസ്‌ട്രേട്ട് കോടതിയിൽ കേസുണ്ട്. യൂത്ത് ലീഗിന്റെ ദോത്തി ചലഞ്ചിൽ 2.72ലക്ഷം ദോത്തികൾ 600 രൂപയ്‌ക്ക് കീഴ്‌കമ്മിറ്റികൾക്ക് നൽകിയതിലും ക്രമക്കേടുണ്ട്.
സ്ഥലം വാങ്ങിയപ്പോള്‍ ആധാരത്തില്‍ ബിസിനസ് എന്നാണ് ചേര്‍ത്തിരുന്നത്. അന്നും ഇന്നും ഫിറോസിന്റെ ബിസിനസുകള്‍ ദുരൂഹമാണെന്ന് കെ ടി ജലീല്‍ പറയുന്നു. ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ ദുരൂഹത നിലനിൽക്കെയാണ് മയക്കുമരുന്ന് കേസിൽ അദ്ദേഹത്തിൻ്റെ സഹോദരൻ പി.കെ ജുബൈർ പൊലീസ് പിടിയിലാകുന്നത്. ഫിറോസിൻ്റെയും സഹോദരൻ ജുബൈറിൻ്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണം. മയക്കുമരുന്ന് ഇടപാടിൽ ഫിറോസിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates