

എറണാകുളം: കടമക്കുടി ദ്വീപിലെ ഗ്രാമീണ കായല്‍ ടൂറിസം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. പദ്ധതിക്ക് 7.79 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നതെന്ന് കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ വ്യക്തമാക്കി. ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പദ്ധതിക്ക് രൂപം നല്‍കുമെന്നത് തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വൈകാതെ തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കാനാകും. കായല്‍ സൗന്ദര്യവും ദേശാടനക്കിളികളുടെ സാന്നിധ്യവും കൊണ്ട് സഞ്ചാരികളുടെയും പ്രകൃതി സ്‌നേഹികളുടെയും ഇഷ്ടകേന്ദ്രമാണ് കടമക്കുടി. തനതായ ജീവിതരീതികളും ഉപജീവനമാര്‍ഗങ്ങളും പിന്തുടരുന്നവരാണ് കടമക്കുടിയിലെ ജനങ്ങള്‍. ഗ്രാമീണ കായല്‍ ടൂറിസം പദ്ധതി വരുന്നതോടെ കടമക്കുടിയുടെ മുഖച്ഛായ തന്നെ മാറും. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും പദ്ധതി വലിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടവനക്കാട് പഞ്ചായത്തിനു അടുത്ത ബജറ്റ് വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ ഉറപ്പാക്കുമെന്നും എംഎല്‍എ വാഗ്ദാനം ചെയ്തു. പഞ്ചായത്തില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ കണക്കിലെടുത്താണ് ഒരു കോടി അനുവദിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നത്. ചെറിയ റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates