തൃശൂര്‍: 'വല്ലാത്ത സര്‍പ്രൈസ് ആയിപ്പോയല്ലോ ആശാനേ..'കലാമണ്ഡലം ഗോപിയാശാനെ പെട്ടെന്ന് മുന്നില്‍ കണ്ടപ്പോള്‍ പി ജയചന്ദ്രന് അത്ഭുതം അടക്കാനായില്ല. കാലില്‍ തൊട്ടു നമസ്‌കരിച്ച ജയചന്ദ്രനെ പിടിച്ചെഴുന്നേല്‍പ്പിച്ചു കലാമണ്ഡലം ഗോപി പറഞ്ഞു, 'ഇതല്‍പം കടന്ന കയ്യായിപ്പോയല്ലോ..' പുഞ്ചിരിയോടെ ജയചന്ദ്രന്റെ മറുപടി: 'കടന്ന കയ്യല്ല, ഇതാണാശാനേ ശരിയായ കൈ..!' ചുറ്റും പൊട്ടിച്ചിരി മുഴങ്ങുന്നതിനിടെ ഗോപിയാശാന്റെ ആത്മഗതം: 'ന്റെ ഗുരുവായൂരപ്പാ..'ജെസി ഡാനിയേല്‍ പുരസ്‌കാരം നേടിയ ഗായകന്‍ പി ജയചന്ദ്രനെ അഭിനന്ദിക്കാന്‍ നേരിട്ടെത്തിയതായിരുന്നു കലാമണ്ഡലം ഗോപി. സ്വീകരണങ്ങള്‍ക്കു നിന്നുകൊടുക്കാന്‍ മടിയുള്ള ജയചന്ദ്രനോടു മുന്‍കൂട്ടി പറയാതെയായിരുന്നു വരവ്.
ഒരുപാട് ആഗ്രഹിച്ചതാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച എന്ന് ഗോപിയാശാന്‍ പറഞ്ഞു. ഈ വരവ് വല്ലാത്ത അധ്വാനമായിപ്പോയില്ലേ എന്നു ജയചന്ദ്രന്റെ അടുത്ത ചോദ്യം. ഗായകന്റെ തൊണ്ടയില്‍ ആദരവോടെ തൊട്ടശേഷം ഗോപിയാശാന്‍ പറഞ്ഞു,'ഈ തൊണ്ട കൊണ്ടുള്ള അധ്വാനം മാത്രം പകരം മതി...'
സംവിധായകന്‍ മോഹന്‍, ഭാര്യയും അഭിനേത്രിയുമായ അനുപമ, സീരിയല്‍ സംവിധായകന്‍ അനില്‍ വാസുദേവ്, സി വേണുഗോപാല്‍, ഷിബു ടുലിപ്‌സ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സൗഹൃദ സദസ്സാണു ജയചന്ദ്രന് ഒച്ചയും ബഹളവുമില്ലാത്തൊരു സ്വീകരണമൊരുക്കിയത്. വിവരമറിഞ്ഞ കലാമണ്ഡലം ഗോപി വഞ്ചിക്കുളത്തെ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെത്തുകയായിരുന്നു. ജയചന്ദ്രനും വിദ്യാധരനുമൊത്ത് ഗോപിയാശാന്‍ ഏറെനേരം ഓര്‍മകള്‍ പങ്കുവച്ചു.
ആഗ്രഹങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗുരുവായൂരില്‍ പോയി ഏതെങ്കിലുമൊരു മൂലയിലിരുന്ന് നാമം ജപിക്കാന്‍ ആഗ്രഹമുണ്ടെന്നായി ജയചന്ദ്രന്‍. ഇങ്ങനെയൊരു കൂടിക്കാഴ്ച മനസ്സില്‍ തോന്നിച്ചതു ഗുരുവായൂരപ്പനാണെന്നായിരുന്നു കലാമണ്ഡലം ഗോപിയുടെ മറുപടി. രണ്ടു പാട്ടുകാര്‍ക്കിടയില്‍ ഒരു വേഷക്കാരന്‍ വന്ന് ഇങ്ങനെയിരിക്കണമെന്നത് ഒരു നിയോഗമാകും- ഗോപിയാശാന്‍ മന്ദഹസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates