

കൊച്ചി: എറണാകുളം ജില്ലയിലെ കണ്ണമാലിയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. ആന്റണീസ് ഫൊറോന ദേവാലയമാണ് കണ്ണമാലി പള്ളി. ദക്ഷിണേന്ത്യയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമാണ് കണ്ണമാലി പള്ളി. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നേര്‍ച്ചസദ്യ മാര്‍ച്ച് 19നാണ്.
ഒട്ടേറെ അത്ഭുതസംഭവങ്ങള്‍ക്ക് വേദിയായ ഈ തീര്‍ഥാടനകേന്ദ്രം കൊച്ചി രൂപതയുടെ അധികാരപരിധിയിലാണ്. മാര്‍ച്ച് 10 മുതല്‍ 19 വരെയാണ് പ്രധാന തിരുനാള്‍. മാര്‍ച്ച് 19ന് കേരളത്തിന് അകത്തും പുറത്തും നിന്നുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ നേര്‍ച്ച സദ്യ ഭക്ഷിക്കുവാനും വഴിപാടുകള്‍ നിറവേറ്റുവാനും ഇവിടെ എത്തിച്ചേരുന്നു.
നേര്‍ച്ചസദ്യയുടെ പിന്നിലെ ഐതീഹ്യം
വിശുദ്ധ യൗസേപ്പിതാവിന്റെ അത്ഭുതതീര്‍ത്ഥാടനകേന്ദ്രം എന്നാണ് ഇത് അറിയപ്പെടുന്നത്.1905 ല്‍ കൊച്ചിയില്‍ ശക്തമായി ഉണ്ടായ കടലാക്രമണത്തില്‍ ആയിരക്കണക്കിന് വീടുകളും ആരാധനാലായങ്ങളും നശിപ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് മഹാമാരിയായ കോളറ പടരുകയും നിരവധി മനുഷ്യര്‍ മരിക്കുകയും ചെയ്തു. കന്നുകാലികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. സെമിത്തേരിയില്‍ സ്ഥലം തികയാതെ വന്നപ്പോള്‍ പുറത്ത് കുഴിയെടുത്ത് മണ്ണിട്ട് മൂടേണ്ട അവസ്ഥ വരെ വന്നു. ദേവാലയങ്ങളില്‍ പോലും വിശുദ്ധ കുര്‍ബാനയ്ക്ക് ആളുകള്‍ വരാതെ ആയി. കാരണം വലിയൊരു ജനതയെ തന്നെ കോളറ നീക്കം ചെയ്തിരുന്നു.
ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് കൂടുതല്‍ ആളുകളും മരിച്ചിരുന്നത്. അന്നത്തെ കണ്ണമാലി പള്ളി വികാരിക്ക് മാര്‍ച്ച് 18 അര്‍ധരാത്രി ഉണ്ടായ ദിവ്യ ദര്‍ശനത്തില്‍ നിന്നുമാണ് ആ വലിയ അത്ഭുതത്തിന് തുടക്കമാവുന്നത്. മാര്‍ച്ച് 19 യൗസേപ്പിതാവിന്റെ തിരുനാളിന് വൈദികന്‍ വിശ്വാസികളോട് വീടുകളില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ പറഞ്ഞു. എങ്കിലും അച്ചന്റെ വാക്ക് കേട്ട് ആകെ 12 വിശ്വാസികളാണ് വിശുദ്ധ ബലിക്ക് വേണ്ടി കണ്ണമാലി പള്ളിയില്‍ എത്തിയത്.
ജീവിച്ചിരിക്കുന്നവരുടെ എണ്ണം അത്രയ്ക്ക് കുറഞ്ഞിരുന്നു. 'ഇന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാകണം. ഒന്നുകില്‍ ഈ ഭക്ഷണം കഴിക്കുന്നതോടെ നാം മരിക്കും. അല്ലെങ്കില്‍ വിശുദ്ധ യൗസേപ്പിതാവ് നമ്മെ രക്ഷിക്കും'- അച്ചന്‍ അവരോടായി പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ചേര്‍ന്ന് ബലി അര്‍പ്പിക്കുകയും വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപം വഹിച്ചു പ്രദക്ഷിണം നടത്തുകയും അതേ തുടര്‍ന്ന് അവര്‍ തന്നെ വീടുകളില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം ആശീര്‍വദിക്കുകയും ചെയ്തു. എങ്കിലും കഴിക്കാന്‍ ആളുകള്‍ ഭയന്നു.
അതിനാല്‍ ആദ്യം വികാരി അച്ചന്‍ തന്നെ ഭക്ഷിച്ചു. അച്ചന് പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ മറ്റുള്ള 12 പേരും ഭക്ഷിച്ചു. അവര്‍ക്കും ഒന്നും സംഭവിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഈ ഭക്ഷണത്തിന്റെ പങ്കുകള്‍ വീടുകളിലേക്കും മരണത്തോട് മല്ലിടുകയും ചെയ്തിരുന്ന മനുഷ്യരുടെ അടുക്കലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് കഴിച്ച മാത്രയില്‍ കോളറ ശര വേഗത്തില്‍ വിട്ടകലുകയും വീണ്ടും സമൃദ്ധിയിലേക്ക് ആ പ്രദേശം ഉയരുകയും ചെയ്തു. ഈ മഹാ അത്ഭുതത്തെ തുടര്‍ന്ന് എല്ലാ വര്‍ഷവും മാര്‍ച്ച് 19 ന് യൗസേപ്പിതാവിന്റെ തിരുനാള്‍ ഗംഭീരമായി ആഘോഷിക്കുവാന്‍ തീരുമാനിക്കുകയും നേര്‍ച്ച സദ്യ ആരംഭിക്കുകയും ചെയ്തു. അന്ന് മുതല്‍ ഇന്ന് വരെ കണ്ണമാലി നാനാജാതി മധ്യസ്ഥരുടെ അഭയകേന്ദ്രമാണ്. ലക്ഷക്കണക്കിന് വിശ്വാസികളാണ് അന്നേദിവസം നേര്‍ച്ചസദ്യ കഴിക്കാന്‍ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates