

ഏറെ പ്രതീക്ഷകളോടെയാണ് 2018ല്‍ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഏഴ് വര്‍ഷമാകുമ്പോഴെക്കും നഷ്ടത്തില്‍ നഷ്ടത്തിലേക്ക് വിമാനത്താവളം കൂപ്പുകൂത്തുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ വിമാനത്താവളത്തിന്റെ നഷ്ടം 742.77 കോടിയാണ്. പോയിന്റ് ഓഫ് കോള്‍ പദവി കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തതാണ് സാമ്പത്തിക തിരിച്ചടിക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയന്നത്.
ഇതുവരെയുള്ള നഷ്ടം 742.77കോടിയാണെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ മുന്നേറ്റമുണ്ടാകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. '2025-26 ആകുമ്പോഴേക്കും, ഏകദേശം 70 കോടി രൂപയുടെ കരുതല്‍ ധനത്തോടെ 250 കോടി രൂപയുടെ വിറ്റുവരവ് ഞങ്ങള്‍ ലക്ഷ്യമിടുന്നു'- കണ്ണൂര്‍ വിമാനത്താവള മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍ സി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പോയിന്റ് ഓഫ് കോള്‍ പദവിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 'കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ഞങ്ങള്‍ പതിവായി ചര്‍ച്ചകള്‍ നടത്തിവരികയാണ്, തീരുമാനം ഉടന്‍ ഉണ്ടായേക്കും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, 2023 കലണ്ടര്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാത്രക്കാരുടെ എണ്ണം 7% വര്‍ധനവുണ്ടായി, അന്താരാഷ്ട്ര സര്‍വീസുകളില്‍ 14% വര്‍ദ്ധനവ് രേഖപ്പെടുത്തി,' ദിനേശ് പറഞ്ഞു.
അതേസമയം, പോയിന്റ് ഓഫ് കോള്‍ പദവി നേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ഇടപെടല്‍ നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 'എല്ലാ സമ്മേളനങ്ങളിലും എംപിമാര്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പു മന്ത്രിയെയും മുഖ്യമന്ത്രി നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. പോയിന്റ് ഓഫ് കോള്‍ പദവി നേടിയാല്‍ മാത്രമേ കണ്ണൂര്‍ വിമാനത്താവളത്തിന് അതിന്റെ പൂര്‍ണ്ണ ശേഷി കൈവരിക്കാന്‍ കഴിയൂ, അത് സുരക്ഷിതമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രമം'- മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റ സമീപനത്തിനെതിരെ സിപിഎമ്മും നിരവധി പ്രവാസി ഗ്രൂപ്പുകളും രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. മോദി സര്‍ക്കാര്‍ കേരളത്തിനെതിരെ സാമ്പത്തിക യുദ്ധം നടത്തുകയാണെന്നും ഇത് ശുദ്ധ രാഷ്ട്രീയ പ്രതികാരമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും, കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2025-26 ബജറ്റില്‍, 526.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്, അതില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വികസനത്തിനും മറ്റുമായി 75.51 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നിലവില്‍, കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിദിനം ശരാശരി 35 സര്‍വീസുകളാണുള്ളത്. ഇതില്‍ 14-15 എണ്ണം അന്താരാഷ്ട്ര സര്‍വീസുകളാണ്. ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ബംഗളൂരുവിലേക്കാണ്. ദിവസേന മൂന്ന് സര്‍വിസുകളാണ് ഉള്ളത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates