

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യാത്രയയപ്പ് ചടങ്ങിലുണ്ടായ അപ്രതീക്ഷിത സംഭവത്തിന് ശേഷം കലക്ടറുടെ ചേംബറില്‍ നവീന്‍ ബാബുവുമായി സംസാരിച്ചുവെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വ്യക്തമാക്കി. പത്തനംതിട്ട സബ് കലക്ടര്‍ നേരിട്ടെത്തി കണ്ണൂര്‍ കലക്ടറുടെ കത്ത് നവീന്റെ കുടുംബത്തിന് കൈമാറുകയായിരുന്നു.
പ്രിയപ്പെട്ട നവീന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. പത്തനംതിട്ടയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഇതെഴുതുന്നത്. നവീന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിയുന്നതുവരെ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്നു മാത്രമാണ്. മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല.
ഇന്നലെ വരെ എന്റെ തോളോട് തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീന്‍. ഏതു കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകന്‍. സംഭവിക്കാന്‍ പാടില്ലാത്ത, നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപോലെ പങ്കുചേരാന്‍ മനസ്സ് വെമ്പുമ്പോഴും, നവീന്റെ വേര്‍പാടില്‍ എനിക്കുള്ള വേദനയും നഷ്ടബോധവും പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.
എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ. പിന്നീട് ഒരവസരത്തില്‍ നിങ്ങളുടെ അനുവാദത്തോടെ, ഞാന്‍ വീട്ടിലേക്ക് വരാമെന്നും കത്തില്‍ കണ്ണൂര്‍ കലക്ടര്‍ പറയുന്നു. കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യ അഴിമതി ആരോപിച്ച് നടത്തിയ അധിക്ഷേപ പ്രസംഗത്തെത്തുടര്‍ന്നാണ് മനംനൊന്ത് നവീന്‍ബാബു ജീവനൊടുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates