ആശാ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ ആശ്വാസ ധനസഹായം; വികസനത്തിന് മുന്‍തൂക്കം നല്‍കി കണ്ണൂര്‍ കോര്‍പറേഷന്‍ ബജറ്റ്

കണ്ണൂരിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ കൊടുക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചത്
kannur corporation
വികസനത്തിന് മുന്‍തൂക്കം നല്‍കി കണ്ണൂര്‍ കോര്‍പറേഷന്‍ ബജറ്റ്വീഡിയോ ദൃശ്യത്തിൽ നിന്ന്
Updated on
2 min read

കണ്ണൂര്‍: സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കണ്ണൂര്‍ കോര്‍പറേഷന്‍. കോര്‍പറേഷന്‍ പരിധിയിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് നാലു മാസത്തിലൊരിക്കല്‍ 2000 രൂപ ഇന്‍സെന്റീവായി നല്‍കുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ ബജറ്റ് അവതരണത്തിനിടെ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര അറിയിച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും ഇന്‍സെന്റീവ് അനുവദിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് കണ്ണൂര്‍ കോര്‍പറേഷനും ഇന്‍സെന്റീവ് അനുവദിച്ചത്.

കണ്ണൂരിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ കൊടുക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചത്. 475,76, 15, 412 രൂപ വരവും 45, 66,35,018 രൂപ ചെലവും 83,97, 31, 711 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ 2025-26 വര്‍ഷത്തിലേക്ക് അവതരിപ്പിച്ചത്. നഗരത്തില്‍ മള്‍ട്ടിപര്‍പ്പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി 40 കോടി മരക്കാര്‍ കണ്ടിയില്‍ വ്യാപാര സമുച്ചയത്തിനായി ഒരു കോടി, ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ്‌ലി ഏബിള്‍ഡ് ആര്‍ട്ട് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി പത്തുലക്ഷം രൂപ, പള്ളിയാംമൂല സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സ് നിര്‍മ്മിക്കാനായി 20 ലക്ഷം, മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി നാല് കോടി , പട്ടിക വര്‍ഗ വികസനത്തിന് 40 ലക്ഷം, ബാല സൗഹൃദ അങ്കണവാടിക്കായി ഒരു കോടി, ആനിമല്‍ ക്രിമിറ്റേറിയം നിര്‍മ്മിക്കുന്നതിനായി 65 ലക്ഷം, നെല്‍കൃഷി പുത്തരി കണ്ടത്തില്‍ നൂറുമേനി പദ്ധതിക്ക് 50 ലക്ഷം, ഹാപ്പി ഹോം, സായംപ്രഭ ഹോം നിര്‍മ്മാണത്തിനായി 2.50 കോടി രൂപ എന്നിവയാണ് പ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഫണ്ട് വകയിരുത്തിയത്.

നഗര സൗന്ദര്യവല്‍ക്കരണത്തിന് ഒരു കോടി രൂപയും നെറ്റ് മാര്‍ക്കറ്റിന് ഒരു കോടി രൂപയും മിനി ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റ് വിപുലീകരണത്തിന് 10 ലക്ഷം രൂപയും താഴെ ചൊവ്വ ബൈപ്പാസിന് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 2.50 കോടി രൂപയും വകയിരുത്തി. വനിതകളെ ഹെവി ഡ്രൈവിങ് പഠിപ്പിക്കുന്നതിനായി ആറ് ലക്ഷം രൂപയും കണക്റ്റിങ് യൂത്ത് എംപ്‌ളോയബിലിറ്റി സെന്ററിന് വേണ്ടി അഞ്ചുലക്ഷം രൂപയും സമാജ് വാദി നഗര്‍ വിപുലീകരണത്തിന് വേണ്ടി അഞ്ചുകോടി രൂപയും മുഴുവന്‍ സ്‌കൂളുകളിലും ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനു വേണ്ടി 16 ലക്ഷം രൂപയും ചെരുപ്പ് -തുന്നല്‍ തൊഴിലാളികള്‍ക്ക് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഏഴര ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചയാളുകളെ ആദരിക്കുന്നതിന് വേണ്ടി മൂന്ന് പേര്‍ക്ക് നഗരശ്രീ അവാര്‍ഡ് നല്‍കും. ഓരോ വര്‍ഷവും നല്‍കുന്ന ഈ അവാര്‍ഡിനായി ഒരു ലക്ഷം രൂപ നീക്കിവെച്ചു. ഭരണഘടന ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കറിന്റെ പൂര്‍ണകായ പ്രതിമ നിര്‍മ്മിക്കുന്നതിനായി 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ഓപ്പണ്‍ സ്റ്റേജ് നവീകരിക്കുന്നതിന് വേണ്ടി 20 ലക്ഷം രൂപയും കാവുകള്‍ നവീകരിക്കുന്നതിതായി 20 ലക്ഷവും വകയിരുത്തി. വനവല്‍ക്കരണത്തിനായി ഹരിത വളന്റിയേഴ്‌സെന്ന പേരില്‍ സേന ഉണ്ടാക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപയും കണ്ണൂര്‍ ദസറ സംഘടിപ്പിക്കാന്‍ വേണ്ടി 10 ലക്ഷം രൂപയും വൃക്ക രോഗികള്‍ക്ക് ഡയാലിസ സ് ചെയ്യുന്നതിനായി 50 ലക്ഷം രൂപയും നീക്കിവെച്ചു.

ആത്മസാക്ഷാത്കാരം എന്റെ ആഗ്രഹമാണ് അതിനുള്ള ഉപാധി സേവനമാണെന്ന ഗാന്ധിയന്‍ വചനത്തോടുകൂടിയാണ് അഡ്വ. പി. ഇന്ദിര ബഡ്ജറ്റ് അവതരണം തുടങ്ങിയത്. പ്രമുഖ ആംഗലേയ കവി റോബര്‍ട്ട് ഫ്രോസ്റ്റില്‍ മൈല്‍ സ്ടൂ ഗോ ഐസ്‌ളീപ്പെന്ന പ്രശസ്തമായ വരികളും നെഹ്രുവിനെ അനുസ്മരിച്ച് ഉദ്ധരിച്ചു. കെ. സ്മാര്‍ട്ട് സോഫ്റ്റ് വെയറിലാണ് ഇക്കുറി ബഡ്ജറ്റ് അവതരണം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com