കോഴിക്കോട്: കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കി. കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷന്‍ ചുണ്ടപ്പുറത്ത് നിന്ന് തന്നെയാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്. കൊടുവള്ളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് പത്രിക നല്‍കിയ ശേഷം കാരാട്ട് ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാദമായതിനെ തുടര്‍ന്ന് ഫൈസലിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് നീക്കി പകരം ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒപി റഷീദിനോട് മത്സരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസല്‍ തീരുമാനിക്കുകയായിരുന്നു.
ആരോപണങ്ങളുടെ നിഴലില്‍നിന്ന വ്യക്തിയെ പൊതുജനവികാരമോ വിവാദങ്ങളോ മാനിക്കാതെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയത് സംസ്ഥാനതലത്തില്‍ ചര്‍ച്ചയായതോടെയാണ് സിപിഎം നേതൃത്വം ഫൈസലിനോട് മത്സര രംഗത്ത് നിന്നും മാറാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാരാട്ട് ഫൈസല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ നേരത്തെ തന്നെ തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
ഫൈസല്‍ മത്സരരംഗത്ത് എത്തിയതോടെ ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഡമ്മി സ്ഥാനാര്‍ഥിയായെന്നാണ് രാഷ്ട്രീയ എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം എതിരാളികള്‍ വലിയ വിവാദമാക്കിയതോടെയാണ് ഫൈസലിനെ നീക്കണമെന്ന് സിപിഎം ഐഎന്‍എല്ലിനോട് ആവശ്യപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates