

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ( Karuvannur Bank Fraud Case) എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് ( E D) അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി, എം എം വര്‍ഗീസ് എന്നിവരും പ്രതികളാണ്. സിപിഎമ്മിനേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന് പുറമേ, അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 83 ആയി. കൊച്ചി പിഎംഎല്‍എ കോടതിയിലാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.
സഹകരണ ബാങ്ക് തട്ടിപ്പു വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പ്രതികളുടെ സ്വത്തുവകകളില്‍ നിന്ന് ഇഡി 128 കോടി രൂപ കണ്ടുകെട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ കുറ്റപത്രത്തില്‍ പ്രതിയാക്കി കൂട്ടിച്ചേര്‍ത്തിട്ടുള്ളവരില്‍ എട്ടുപേര്‍ രാഷ്ട്രീയ നേതാക്കളാണ്. വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ മധു അമ്പലപുരം 64-ാംമ പ്രതിയാണ്. 67-ാം പ്രതിയായി മുന്‍ മന്ത്രിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ എസി മൊയ്തീനെ പ്രതി ചേര്‍ത്തിട്ടുണ്ട്.
68 -ാം പ്രതിയായിട്ടാണ് സിപിഎമ്മിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 69-ാം പ്രതി സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസാണ്. മുന്‍ മന്ത്രിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണന്‍ എംപിയാണ് കേസില്‍ 70-ാം പ്രതി. 71-ാം പ്രതിയായി സിപിഎം പുറത്തുശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ ആര്‍ പീതാംബരനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പുറത്തുശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എംബി രാജുവിനെ 72-ാം പ്രതിയാക്കിയിട്ടുണ്ട്.
സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ സി പ്രേമരാജനാണ് 73-ാം പ്രതി. ഇതടക്കം 83 പേരുടെ പ്രതിപ്പട്ടിക ഉള്‍പ്പെടുന്ന അന്തിമ കുറ്റപത്രമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പി കെ ബിജു, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. സിപിഎം കൗണ്‍സിലര്‍ അനീപ് ഡേവിസ് കാടയെയും പ്രതി ചേര്‍ത്തിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ഇവരെ നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
