

കേരളത്തിലെ ഉറച്ച കമ്യൂണിസ്റ്റ് കോട്ട എന്ന് നിശേഷം പറയാവുന്ന ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് കാസര്‍കോട്. രാഷ്ട്രീയ അടിയൊഴുക്കുകളില്‍ ഇടതുപക്ഷം കടപുഴകിയ ചരിത്രവുമുണ്ട് ഈ മണ്ഡലത്തിന്. 'പാവങ്ങളുടെ പടത്തലവന്‍' എകെജിയില്‍ തുടങ്ങി രാജ്മോഹന്‍ ഉണ്ണിത്താന്റെ കന്നിവിജയം വരെ നീളുന്നതാണ് കാസര്‍കോട് മണ്ഡലത്തിന്റെ ചരിത്രം.
സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പിലാണ് കാസര്‍കോട് ലോക്സഭാ മണ്ഡലം രൂപീകരിക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ ഏറ്റവും വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് കാസര്‍കോട്. ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോക്സഭാ മണ്ഡലം.
1957ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ സിപിഐയ്ക്കൊപ്പം നിന്ന മണ്ഡലമാണ് കാസര്‍കോട്. സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് എകെജി ആയിരുന്നു മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച വിജയനായകന്‍. 1957, 1962, 1967 വര്‍ഷങ്ങളില്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും എകെജി തോല്‍വി അറിയാതെ പാര്‍ലമെന്റിലെത്തി. സ്വതന്ത്രനായി മത്സരിച്ച ബി അച്യുത ഷേണായിയെ അയ്യായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചായിരുന്നു ആദ്യവിജയം. രണ്ടാം തവണ ഭൂരിപക്ഷം 83,000 ആയി ഉയര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന ശേഷം നടന്ന 1967 ലെ പൊതുതെരഞ്ഞെടുപ്പിലും എകെജി തന്നെ മത്സരരംഗത്ത്. സിപിഎമ്മിന്റെ അഭിമാനപ്പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടിവിസി നായരെ ഒരുലക്ഷത്തില്‍പ്പരം വോട്ടിന് തോല്‍പ്പിച്ച് കാസര്‍കോട് മണ്ഡലത്തെ ആര്‍ക്കും തകര്‍ക്കാനാവാത്ത ചെങ്കോട്ടയാക്കി എകെജി. അന്ന് നേടിയ ഭൂരിപക്ഷം മറികടക്കാന്‍ ഇന്നോളം ആര്‍ക്കും കഴിഞ്ഞിട്ടില്ല
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1971ല്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, യുവതുര്‍ക്കിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ സിപിഎം സ്ഥാനാര്‍ഥി ഇകെ നായനാരെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാക നാട്ടി. 28,404 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കടന്നപ്പള്ളിയുടെ കന്നി ജയം. കെഎസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയായിരുന്നു കടന്നപ്പള്ളി ലോക്‌സഭയില്‍ എത്തിയത്
1977- ലെ പൊതുതെരഞ്ഞെടുപ്പിലും കടന്നപ്പള്ളി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്റെ എം. രാമണ്ണ റൈ ആയിരുന്നു എതിരാളി. വിജയം കടന്നപ്പള്ളിക്കൊപ്പം നിന്നു. കടന്നപ്പള്ളിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ രാമണ്ണ റൈയ്ക്കായി.
80ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി ഒ രാജഗോപാലിനെ പരാജയപ്പെടുത്തി. എം രാമണ്ണറൈയിലുടെ സിപിഎം ഇടുതുകോട്ട തിരിച്ചുപിടിച്ചു. 84-ല്‍ ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്ന് ആഞ്ഞുവിശീയ സഹതാപ തരംഗത്തില്‍ വീണ്ടും മണ്ഡലം സിപിഎമ്മിന് നഷ്ടമായി. ഇ ബാലാനന്ദനെ 11,369 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാമ റായിയുടെ വിജയം.
1989-ല്‍ സിപിഎം മുന്‍ എംപി രാമണ്ണ റായിയെ തന്നെ മണ്ഡലം തിരിച്ചു പിടിക്കാന്‍ കളത്തിലിറക്കി. കോണ്‍ഗ്രസിന്റെ ഐ രാമ റായിയെ പരാജയപ്പെടുത്തി രാമണ്ണ റായ് വീണ്ടും എംപിയായി. 1991-ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വധത്തെതുടര്‍ന്നുണ്ടായ സഹതാപ തരംഗത്തിലും കാസര്‍ഗോഡ് ഇടതിനൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ കെ.സി. വേണുഗോപാലിനെ തോല്‍പ്പിച്ച് രാമണ്ണ റായ് വീണ്ടും ലോക്സഭയിലെത്തി.
1996- ല്‍ ടി ഗോവിന്ദനായിരുന്നു സിപിഎം സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് ഐ റാമറായിയെ തന്നെ വീണ്ടും നിര്‍ത്തെയെങ്കിലും വിജയക്കൊടി പാറിയില്ല. 74,730 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗോവിന്ദന്റെ വിജയം. 1998- ലും ടി ഗോവിന്ദന്‍ വിജയം ആവര്‍ത്തിച്ചു. 1999- ലെ വിജയത്തോടെ എകെജിയ്ക്ക് ശേഷം മണ്ഡലത്തിലെ ഹാട്രിക് വിജയം ഗോവിന്ദന്‍ പേരിനൊപ്പം ചേര്‍ത്തു .
2004-ല്‍ എകെജിയുടെ മകളുടെ ഭര്‍ത്താവും സിപിഎം നേതാവുമായ കരുണാകരനായിരുന്നു സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ എംഎ മുഹമ്മദിനെ ഒരുലക്ഷത്തില്‍പ്പരം വോട്ടിന് തോല്‍പ്പിച്ചായിരുന്നു കരുണാകരന്റെ കന്നിവിജയം. 2009 ലും 2014 ലും കരുണാകരന്‍ ജയം ആവര്‍ത്തിച്ചു.
ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും ഇടതുപക്ഷത്തിനാണ് ഭൂരിപക്ഷം. കാസര്‍കോഡും മഞ്ചേശ്വരവും ഒഴിച്ചുനിര്‍ത്തിയാല്‍ കാസര്‍കോഡ് ബിജെപിക്ക് കാര്യമായ അടിത്തറില്ല. കഴിഞ്ഞ തവണ രവീശ തന്ത്രി കുണ്ടാര്‍ പിടിച്ച 1,76,049 വോട്ടാണ് ബിജെപിയുടെ ഏറ്റവും വലിയ വോട്ട് നില. 84 മുതലാണ് ബിജെപി മണ്ഡലത്തില്‍ മത്സരിച്ച് തുടങ്ങിയത്. കെജി മരാര്‍ ആദ്യമത്സരത്തില്‍ തന്നെ 59,021 വോട്ടുകള്‍ നേടി. പിന്നീട് ഇങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം കാസര്‍കോട് മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് ക്രമാതീതമായി ഉയര്‍ന്നു. ഇത്തവണ രണ്ട് ലക്ഷം കടക്കാനാവുമെന്ന് ബിജെപിയുടെ കണക്ക് കൂട്ടല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates