'വാഴേങ്കട ശൈലി'യുടെ അവസാന കണ്ണി; കഥകളി ആചാര്യൻ വാഴേങ്കട വിജയൻ അന്തരിച്ചു

കലാമണ്ഡലം മുൻ പ്രിൻസിപ്പലും ദീർഘ കാലം വടക്കൻ വേഷ വിഭാ​ഗത്തിന്റെ വേധാവിയും
വാഴേങ്കട വിജയൻ
വാഴേങ്കട വിജയൻ ഫെയ്സ്ബുക്ക്
Updated on
1 min read

പാലക്കാട്: കഥകളിയിലെ വാഴേങ്കട ശൈലിയുടെ അവസാന കണ്ണികളിലൊരാളും അരങ്ങിലും കളരിയിലും സവിശേഷമായ കൈയൊപ്പു ചാർത്തിയ ആചാര്യനുമായ വാഴേങ്കട വിജയൻ (83) അന്തരിച്ചു. കലാമണ്ഡലം മുൻ പ്രിൻസിപ്പലും ദീർഘ കാലം വടക്കൻ വേഷ വിഭാ​ഗത്തിന്റെ വേധാവിയുമായിരുന്നു.

കഥകളി ആചാര്യനും കലാമണ്ഡലത്തിന്റെ പ്രഥമ പ്രിൻസിപ്പലുമായിരുന്ന വാഴേങ്കട കുഞ്ചു നായരുടെ രണ്ടാമത്തെ മകനും ശിഷ്യരിൽ പ്രമുഖനുമാണ് വിജയൻ. മാർച്ച് നാലിനു ശതാഭിഷേകത്തിനൊരുങ്ങുന്നതിനിടെയാണ് വിയോ​ഗം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം.

മൃതദേഹം വെള്ളിനേഴി ഞാളാക്കുറുശ്ശിയിലെ വീട്ടിൽ. സംസ്കാരം ഔദ്യോ​ഗിക ബ​ഹുമതികളോടെ ഇന്ന് രാവിലെ പത്തിനു വീട്ടുവളപ്പിൽ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1953ൽ അച്ഛൻ വാഴേങ്കട കുഞ്ചു നായരുടെ കീഴിൽ കോട്ടയ്ക്കൽ പിഎസ്‍വി നാട്യസംഘത്തിലാണ് വിജയൻ കഥകളി പഠനം ആരംഭിച്ചത്. 1960ൽ കുഞ്ചു നായർ കലാമണ്ഡലത്തിൽ പ്രഥമ പ്രിൻസിപ്പലായി ചുമതലയേറ്റതോടെ വിജയനും നാട്യസംഘം വിട്ട് കലാമണ്ഡലത്തിൽ കുഞ്ചു നായരുടെ കീഴിൽ പഠനം തുടർന്നു.

ബാലി വിജയം, ബാലി വധം, തോരണ യുദ്ധം കഥകളിലെ രാവണൻ, കൃഷ്ണൻ, നളൻ, ഭീമൻ, കല്യാണ സൗ​ഗന്ധികം, ലവണാസുര വധം, തോരണ യുദ്ധം കഥകളിലെ ഹനുമാൻ തുടങ്ങി സുപ്രധാന വേഷങ്ങളിലെല്ലാം തിളങ്ങി.

മുംബൈ കലാമണ്ഡലം, എഫ്എസിടി കഥകളി സ്കൂൾ എന്നിവിടങ്ങളിൽ താത്കാലിക അധ്യാപകനായി. പിന്നീട് 1971ൽ കലാമണ്ഡലത്തിൽ അധ്യാപകനായി ചേര്‍ന്നു. ദീർഘ കാലം വടക്കൻ വേഷ വിഭാ​ഗം മേധാവിയും മൂന്ന് വർഷം കലാമണ്ഡലം പ്രിൻസിപ്പലുമായി. 1996 മാർച്ച് 31നു അദ്ദേഹം വിരമിച്ചു.

വിരമിച്ച ശേഷം കലാമണ്ഡലം ഭരണ സമിതി അം​ഗവും പരീക്ഷാ ബോർഡ് അം​ഗവുമായി. വിപുലമായ ശിഷ്യ സമ്പത്തിനും ഉടമയാണ് വാഴേങ്കട വിജയൻ.

വാഴേങ്കട വിജയൻ
'മുറിയില്‍ നിന്ന് ഇറങ്ങിപ്പോടാ'; മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി, പരാതി

കേന്ദ്ര, കേരള സം​ഗീത നാടക അക്കാദമി അവാർഡുകൾ, സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്കാരം, കലാമണ്ഡലം അവാർഡ്, ഫെലോഷിപ്പ്, പട്ടികാംതൊടി പുരസ്കാരം, വെള്ളിനേഴ് ​ഗ്രാമ പഞ്ചായത്തിന്റെ നിവാപം പുരസ്കാരം തുടങ്ങി അനേകം ബഹുമതികളും നേടി.

പിതാവിന്റെ പേരിൽ തന്നെയുള്ള കഥകളിയിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നുമായ വാഴേങ്കട കുഞ്ചു നായർ സംസ്തുതി സമ്മാൻ ആണ് അദ്ദേഹം അവസാനം ഏറ്റുവാങ്ങിയ പുരസ്കാരം. ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.

അമ്മ: പരേതയായ വാഴേങ്കട പടിഞ്ഞാറേ വെളിങ്ങോട്ട് നാണിക്കുട്ടിയമ്മ. ഭാര്യ: സി രാജലക്ഷ്മി. മക്കൾ: ശൈലജ, ശ്രീകല, പ്രസീദ. മരുമക്കൾ: പിഎസ് കൃഷ്ണ കുമാർ (വിമുക്ത ഭടൻ), സന്തോഷ് കുമാർ (ചളവറ ​ഗ്രാമ പഞ്ചായത്ത് മുൻ അം​ഗം), ശിവദാസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com