മന്ത്രിമാർ അറിയാതെ ഒന്നും നടക്കില്ല; ബാർ വിവാദത്തിൽ അന്വേഷണം നടക്കട്ടെ: കെസി വേണുഗോപാൽ

എക്സൈസ് മന്ത്രിക്ക് ബാർ ഉടമയുമായി പരിചയമുണ്ടായിക്കൂടേയെന്നും വേണുഗോപാൽ
kc venugopal mp
kc venugopal mp
Edited By:
Updated on: 
1 min read

ആലപ്പുഴ: സംസ്ഥാനത്ത് മന്ത്രിമാർ അറിയാതെ ഒരു കാര്യവും നടക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കുമെന്നും വിവാദങ്ങൾക്ക് അമിതപ്രാധാന്യം നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്സൈസ് മന്ത്രിക്ക് ബാർ ഉടമയുമായി പരിചയമുണ്ടായിക്കൂടേയെന്നും ലോകത്ത് എത്രയോ ബാർ ഉടമകളുണ്ടെന്നും വേണുഗോപാൽ ചോദിച്ചു. മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ അത് ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ തന്നെ ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സാംബശിവ റാവുവിന്റെ റിപ്പോർട്ട് അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിനെ പരാതിയായി പരിഗണിച്ച് അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ തലത്തിലെ വിഷയങ്ങളിൽ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ജനങ്ങളുടെ വോട്ടവകാശം ഇല്ലാതായാൽ മറ്റ് ആനുകൂല്യങ്ങൾക്കും വികസന ചർച്ചകൾക്കുമെല്ലാം എന്ത് പ്രസക്തിയാണുള്ളതെന്ന് ചോദിച്ചു. മുൻപ് ഔദ്യോഗിക രേഖകളുമായി ബന്ധപ്പെടുത്തി ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഇനി വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കുമെന്ന തരത്തിലുള്ള കാര്യങ്ങളാണ് ഉയർന്നുവരുന്നത്. അങ്ങനെയെങ്കിൽ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെടുന്നവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

രാജ്യത്തെ പാവപ്പെട്ടവരുടെയും യുവാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണിതെന്ന് വേണുഗോപാൽ പറഞ്ഞു. എത്ര പ്രതിസന്ധികളുണ്ടായാലും പോരാട്ടത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ആ സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ ഒന്ന് മുതൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പഞ്ചായത്ത് തലത്തിൽ 'വോട്ട് ബജാവോ, ദേശ് ബജാവോ' ക്യാമ്പയിൻ സംഘടിപ്പിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Summary

AICC General Secretary and Alappuzha MP K.C. Venugopal stated that nothing happens in the state without the knowledge of ministers, while addressing the bar controversy, former excise commissioner's remarks, and expressing concerns over linking voter IDs with welfare benefits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER