

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ തല്‍പ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇതാണ് മറ്റു പ്രവര്‍ത്തകരോട് പറയാനുള്ളത്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുക. അതിനപ്പുറമൊന്നുമില്ല. കേരളത്തിലെ നേതാക്കള്‍ ശാന്തരാണ്. കെ സുധാകരന്‍ എന്നല്ല, ആരായാലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ വട്ടപ്പൂജ്യമാണെന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞു. കഴിഞ്ഞ പത്തുകൊല്ലമായി ഇതു കേള്‍ക്കുകയാണ്. അവരാണ് തീരുമാനിക്കുന്നതെങ്കില്‍, അവര്‍ തീരുമാനിക്കട്ടെ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഞാനടക്കം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളരെ യോജിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ ഉരുള്‍പൊട്ടലുണ്ടാകും, കലാപം ഉണ്ടാകും എന്നൊക്കെ ചിലര്‍ പറഞ്ഞു. എന്നാല്‍ ഒന്നുമുണ്ടായില്ല. വളരെ സ്മൂത്തായി കാര്യങ്ങള്‍ നടന്നു. അതുപോലെ സ്മൂത്തായി ഇതും തീരുമാനിക്കും. പാര്‍ട്ടിക്ക് ലീഡര്‍ഷിപ്പുണ്ട്, വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. നേതാക്കന്മാരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം മാത്രമാണ്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഡീലിമിറ്റേഷനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. ചര്‍ച്ച മുഴുവന്‍ കോണ്‍ഗ്രസിനുള്ളിലേക്കാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അന്തസത്തയെ ബാധിക്കുന്ന ബില്ലിനെ മാധ്യമങ്ങള്‍ എത്രത്തോളം ഗൗരവമായി കണ്ടിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. 2023 ല്‍ വനിതാ സംവരണ ബില്‍ പാസ്സാക്കിയിട്ട് മൂന്നുവര്‍ഷത്തോളം അതു വെച്ചുകൊണ്ടിരുന്ന കേന്ദ്രസര്‍ക്കാരിന് ഒരു കുഴപ്പവുമില്ല. കോണ്‍ഗ്രസിനെയാണ് വിമര്‍ശിക്കുന്നത്. എന്തുകൊണ്ട് 543 അംഗ സഭയില്‍ വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കാതിരുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
പ്രസ്താവന അനുചിതം: സുധാകരനെ തള്ളി സണ്ണി ജോസഫ്
കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തള്ളിപ്പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ അനുചിതമാണ്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമായില്ല. നാലാം തീയതി ഫലം വരട്ടെ. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന് നടപടിക്രമമുണ്ട്. ജയിച്ചുവന്ന എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ആരായും. അതിനുശേഷം ആലോചിച്ച് ഹൈക്കമാന്‍ഡ് ഒരു തീരുമാനം പറയും. ആ തീരുമാനം കോണ്‍ഗ്രസിലെ എല്ലാവരും അംഗീകരിക്കും. അതാണ് കീഴ് വഴക്കം. അതിനായിട്ട് കാത്തു നില്‍ക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ചില സോഷ്യല്‍ മീഡിയ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തില്‍ പേരുകള്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. അതില്‍ ആരും കുടുങ്ങരുത്. വ്യത്യസ്ത പേരുകളുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതൊക്കെ തക്ക വേദിയില്‍ പറയുക. അതല്ലാതെ ഇത്തരം ചര്‍ച്ചകളിലേക്ക് പോകേണ്ട കാര്യമില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, പറയേണ്ട വേദിയില്‍ പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ അല്ല പ്രതികരിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates