തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശനവുമായി (കീം) ബന്ധപ്പെട്ട് സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കി മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് അംഗീകാരം. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മോഡല്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. മാര്‍ക്ക് ഏകീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അഞ്ച് തരം മാറ്റങ്ങളാണ് നിര്‍ദേശിച്ചത്. അതില്‍ ഒന്ന് സ്വീകരിച്ച് എന്‍ട്രന്‍സ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.
ഹയര്‍ സെക്കന്‍ഡറി മാര്‍ക്കും കീമിലെ സ്‌കോറും ചേര്‍ത്താണ് നിലവിലെ ഏകീകരണം. എന്നാല്‍ ഈ രീതി കേരള സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മാറ്റം കൊണ്ട് വരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചു വരികയാണ്. ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ് എന്നി വിഷയങ്ങളിലെ മാര്‍ക്കും കീമിന്റെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം നടത്തുന്നത്. ഈ രീതിയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയാന്‍ കാരണമാകുന്നു എന്നതാണ് വ്യാപക പരാതിക്ക് ഇടയാക്കുന്നത്.
പരാതികള്‍ ശക്തമായതോടെ ഏകീകരണ ഫോര്‍മുല പരിഷ്‌കരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. മാര്‍ക്ക് ഏകീകരണത്തില്‍ അഞ്ച് തരം മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് വിദഗ്ധ സമിതി മാര്‍ച്ചില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നീറ്റ് ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കീം ഫലം വരാത്തതില്‍ വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലിരിക്കെയാണ് മാര്‍ക്ക് ഏകീകരണ ഫോര്‍മുല സര്‍ക്കാര്‍ അംഗീകരിച്ചത്.
മാര്‍ക്ക് ഏകീകരണ സമയത്ത് സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധത്തിലുള്ള ഫോര്‍മുലയ്ക്കാണ് അംഗീകാരം നല്‍കിയത്. പുതിയ ഫോര്‍മുല അനുസരിച്ച് സിബിഎസ്ഇ കുട്ടികള്‍ക്ക് ആയാലും സംസ്ഥാന സിലബസ് കുട്ടികള്‍ക്ക് ആയാലും ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായാലും പരീക്ഷയുടെ മൊത്തം മാര്‍ക്ക് ചേര്‍ത്ത് കൊണ്ടായിരിക്കും ഏകീകരണം ഉണ്ടാക്കുക.യോഗ്യത പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാലും ഏകീകരണത്തില്‍ കുറയാത്ത വിധമാണ് ഫോര്‍മുല. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ കീം ഫലം വരുമെന്നാണ് വിലയിരുത്തല്‍.
keam 2025: mark consolidation formula approved; entrance results soon
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
