KN Balagopal, KB ganesh kumar and other candidates of Kollam constituency
Kerala Assembly Election 2026 Kollam constituencySpecial Arrangement

കൊല്ലം: കൈവിട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ എല്‍ഡിഎഫ്, അടിയൊഴുക്കില്‍ പ്രതീക്ഷ വച്ച് യുഡിഎഫ്

2021 ല്‍ കുണ്ടറയും, കരുനാഗപ്പള്ളിയും എല്‍ഡിഎഫിനെ കൈവിട്ടു.
Published on

പതിനൊന്ന് മണ്ഡലങ്ങള്‍, രണ്ടെണ്ണം യുഡിഎഫ്, ഒന്‍പതില്‍ എല്‍ഡിഎഫ്. എറിയും കുറഞ്ഞും ഇതേനിലയില്‍ ചുവന്ന മണ്ണാണ് കൊല്ലത്തിന്. 2016 ല്‍ ജില്ലയിലെ മുഴുവന്‍ സീറ്റും നേടി ഇടതുപക്ഷത്തിന് ഒപ്പം നിന്നു. 2011 ല്‍ ചവറയും പത്തനാപുരവും യുഡിഎഫിന് ഒപ്പം നിന്നും. 2021 ല്‍ എത്തിയപ്പോള്‍ കുണ്ടറയും, കരുനാഗപ്പള്ളിയും എല്‍ഡിഎഫിനെ കൈവിട്ടു.

കരുനാഗപ്പള്ളി-

ആലപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലം. ഇടതുപക്ഷത്ത് സിപിഐയും യുഡിഎഫില്‍ കോണ്‍ഗ്രസും മത്സരിക്കുന്ന മണ്ഡലം 1957 ലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജിയിപ്പിച്ചത് 2021 ല്‍ ആയിരുന്നു.

സിറ്റിങ് എംഎല്‍എ ആയിരുന്ന ആര്‍ രാമചന്ദ്രനെ ആയിരുന്നു സി ആര്‍ മഹേഷ് അട്ടിമറിച്ചത്. 29208 വോട്ടുകള്‍ക്കായിരുന്നു ജയം.

2006, 11 തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനും, 2016 ല്‍ ആര്‍ രാമചന്ദ്രനുമായിരുന്നു കരുനാഗപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്.

ചവറ-

കേരളത്തില്‍ ആര്‍എസ്പിയുടെ ശക്തി കേന്ദ്രമാണ് ചവറ. 2011 എല്‍ഡിഎഫിലും യുഡിഎഫിലെയും ആര്‍എസ്പി വിഭാഗങ്ങള്‍ മത്സരിച്ച മണ്ഡലം. അന്ന് വിജയം യുഡിഎഫിന് ഒപ്പം നിന്നു. 2016 ല്‍ എല്‍ഡിഎഫ് വിജയിച്ചു. ആര്‍എസ്പി യുഡിഫില്‍ എത്തിയതോടെ എല്‍ഡിഎഫില്‍ സിഎംപി മത്സരിച്ച മണ്ഡലത്തില്‍ എന്‍ വിജയന്‍ പിള്ള വിജയം നേടി.

2021 ല്‍ സുജിത്ത് വിജയന്‍ പിള്ള എല്‍ഡിഫ് സ്ഥാനാര്‍ഥിയായി വിജയം നേടി. 1096 വോട്ടുകള്‍ക്കായിരുന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെ സുജിത്ത് വിജയന്‍പിള്ള പരാജയപ്പെടുത്തിയത്.

കുന്നത്തൂര്‍-

കൊല്ലം ജില്ലയിലെ പട്ടിക ജാതി സംവരണ മണ്ഡലം. 2001 മുതല്‍ ആര്‍എസ്പിയുടെ കോവൂര്‍ കുഞ്ഞമോന്‍ തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലം. 1987 മുതല്‍ എല്‍ഡിഎഫിന് ഒപ്പമാണ് മണ്ഡലം.

ആര്‍എസ്പിയും ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ച സീറ്റില്‍ യുഡിഎഫിലെ ഉല്ലാസ് കോവൂറിനെ 2790 വോട്ടുകള്‍ക്കാണ് കോവൂര്‍ കുഞ്ഞുമോന്‍ പരാജയപ്പെടുത്തിയത്.

കൊട്ടാരക്കര-

കേരള കോണ്‍ഗ്‌സ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ഉറച്ച മണ്ഡലമായിരുന്നു കൊട്ടാരക്കര. 1977 മുതല്‍ 2011 വരെ ആര്‍ ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയില്‍ നിന്ന് വിജയിച്ചു. 2006ല്‍ ഐഷ പോറ്റിയിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. 2016 വരെ ഐഷ പോറ്റി വിജയം തുടര്‍ന്നു. 2021 ല്‍ കെ എന്‍ ബാലഗോപാല്‍ കൊട്ടാരക്കരുയുടെ ജനപ്രതിനിധിയായി. കോണ്‍ഗ്‌സ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ രശ്മിയെ 10814 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് കെ എന്‍ ബാലഗോപാല്‍ പരാജയപ്പെടുത്തിയത്.

പത്തനാപുരം-

2001 മുതല്‍ കേരള കോണ്‍ഗ്രസ് ബിയുടെ ഉറച്ച സീറ്റാണ് പത്തനാപുരം. കെ ബി ഗണേഷ് കുമാര്‍ 2001 മുതല്‍ തുടര്‍ച്ചയായി വിജയിച്ച് വരുകയും ചെയ്യുന്നു. യുഡിഎഫിലും എല്‍ഡിഎഫിലും സ്ഥാനാര്‍ഥിയായിട്ടുള്ള കെ ബി ഗണേഷ് കുമാര്‍ 2021 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജ്യോതി കുമാര്‍ ചാമക്കാലയെ ആണ് തോല്‍പ്പിച്ചത്. ഭൂരിപക്ഷം 14336.

പുനലൂര്‍

1996 മുതല്‍ സിപിഐയുടെ സിറ്റിങ് മണ്ഡലമാണ് പുനലൂര്‍. 2006, 11, 16, 21 തെരഞ്ഞെടുപ്പുകളില്‍ കെ രാജു മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2021 ല്‍ പി എസ് സുപാല്‍ വിജയം നേടി.

യുഡിഎഫില്‍ മുസ്ലീം ലീഗ് മത്സരിക്കുന്ന സീറ്റില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയായിരുന്നു 2021 ല്‍ സ്ഥാനാര്‍ഥി. 37057 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് പി എസ് സുപാല്‍ വിജയം നേടിയത്.

ചടയമംഗലം

2006 തെരഞ്ഞെടുപ്പ് മുതല്‍ സിപിഐ മത്സരിക്കുന്ന മണ്ഡലമാണ് ചടയമംഗലം. 2006, 11, 16 തെരഞ്ഞെടുപ്പുകളില്‍ മുല്ലക്കര രത്‌നാകരന്‍ വിജയം നേടി. 2021 ല്‍ ജെ ചിഞ്ചു റാണിയും മണ്ഡലത്തില്‍ നിന്നും വിജയിച്ചു. കോണ്‍ഗ്രസിന്റെ എം എം നാസറിനെ 13678 വോട്ടുകള്‍ക്കാണ് ചിഞ്ചു റാണി പരാജയപ്പെടുത്തിയത്.

കുണ്ടറ

2006, 2011 തെരഞ്ഞെടുപ്പുകളില്‍ എം എ ബേബി വിജയിച്ച മണ്ഡലം. 2016 ല്‍ ജെ മേഴ്‌സിക്കുട്ടിയമ്മയും വിജയിച്ചു. 2021 ല്‍ മണ്ഡലം എല്‍ഡിഎഫിനെ കൈവിട്ടു. കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് മണ്ഡലം പിടിച്ചെടുത്തു. 4523 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയത്.

കൊല്ലം-

ഇടത് മനസാണ് കൊല്ലത്തിന്റേത്. 2006, 2011 തെരഞ്ഞെടുപ്പുകളില്‍ പി കെ ഗുരുദാസന്‍ ആയിരുന്നു വിജയിച്ചത്. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ എം മുകേഷ് വിജയം നേടി.

കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ 2072 വോട്ടുകള്‍ക്കായിരുന്നു മുകേഷ് പരാജയപ്പെടുത്തിയത്.

ഇരവിപുരം-

യുഡിഎഫില്‍ ആര്‍സ്പി മത്സരിക്കുന്ന മണ്ഡലം. 2011 ല്‍ എഎ അസീസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു.

2016 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്‍എസ്പിയില്‍ എ എ അസീസ് വീണ്ടും സ്ഥാനാര്‍ഥിയായി. മണ്ഡലം എം നൗഷാദിലൂടെ സിപിഎം പിടിച്ചെടുത്തു. 2021 ല്‍ നൗഷാദ് വിജയം ആവര്‍ത്തിച്ചു. 28803 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം.

ചാത്തന്നൂര്‍-

2011 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനായി ജി എസ് ജയലാല്‍ മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് ചാത്തന്നൂര്‍.

കൊല്ലത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം കൂടിയാണ് ചാത്തന്നൂര്‍. 17206 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് ബിജെപി സ്ഥാനാര്‍ഥി ബിബി ഗോപകുമാറിനെ ജി എസ് ജയലാല്‍ പരാജയപ്പെടുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് കൊല്ലം

ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫ് നേടിയത്. വോട്ട് നില അനുസരിച്ച് കുണ്ടറ, പത്തനാപുരം, കരുനാഗപ്പള്ളി. ചവറ, ഇരവിപുരം, കൊല്ലം മണ്ഡലങ്ങളില്‍ യുഡിഎഫ് ആണ് മുന്നില്‍. എന്നാല്‍ ജില്ലയില്‍ 40.98 ശതമാനം വോട്ടു വിഹിതവുമായി എല്‍ഡിഎഫ് തന്നെയാണ് മുന്‍പില്‍ നില്‍ക്കുന്നത്.

2020 ല്‍10 സീറ്റുണ്ടായിരുന്ന യു ഡി എഫ് 27 ഡിവിഷനില്‍ വിജയിച്ച് ചരിത്രത്തില്‍ ആദ്യമായി കോര്‍പറേഷന്‍ ഭരണം പിടിച്ചു. കഴിഞ്ഞ തവണ 38 ഡിവിഷനില്‍ വിജയിച്ച എല്‍ ഡി എഫ് ഇത്തവണ 16 ല്‍ ഒതുങ്ങി. 12 ഡിവിഷനുകളില്‍ ബിജെപി വിജയിച്ചു.

ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയം നേടി. 17 ഡിവിഷനുകള്‍ എല്‍ഡിഎഫിന് ഒപ്പം നിന്നും. യുഡിഎഫ് 10 ഡിവിഷനുകള്‍ വിജയിച്ചു.

ജില്ലയിലെ നാല് മുന്‍സിപാലിറ്റികളില്‍ മൂന്നിലും എല്‍ഡിഎഫ് വിജയം നേടി. ഒരു നഗരസഭ യുഡിഫ് സ്വന്തമാക്കി.

11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 എണ്ണം എല്‍ഡിഫ് സ്വന്തമാക്കി. മൂന്ന് എണ്ണം യുഡിഫ് നേടിയപ്പോള്‍ ഒരു ബ്ലോക്ക് പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകളില്‍ 33 എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ 32 എണ്ണം യുഡിഎഫ് സ്വന്തമാക്കി. കണ്ട് പഞ്ചായത്തുകള്‍ എന്‍ഡിഎ ഭരണം നേടി.

Summary

Kerala Assembly Election 2026: Previous Election results from constituencies of Kollam district and the local body results 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com