

കണ്ണൂർ: കണ്ണൂരിൽ കെ സുധാകരൻ അനുകൂലികൾ പന്തം കൊളുത്തി പ്രകടനവുമായി തെരുവിലിറങ്ങി. കെ സുധാകരന് നിയമസഭാ സീറ്റ് നൽകണമെന്ന് ആവശ്യപ്പെടുക്കൊണ്ടായിരുന്നു ഡിസിസി പരിസരത്ത് നിന്ന് പ്രകടനം സംഘടിപ്പിച്ചത്. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്'- എന്നെല്ലാം മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു രാത്രിയിലെ പന്തം കൊളുത്തി പ്രകടനം.
സുധാകരനെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതോടെ കണ്ണൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിലും നിറയെ സുധാകരൻ അനുകൂല ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.
കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ എട്ടോളം ഫ്ലക്സ് ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. 'നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്നാണ് ഫ്ലക്സുകളിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
നേരത്തെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും സമാനമായ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ സുധാകരനെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
എംപി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടിൽ പാർട്ടി നേതൃത്വം ഉറച്ചു നിൽക്കുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. പുറത്തുവന്ന കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ സീറ്റില്ല. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല. സുധാകരനെ പോലെ അടൂർ പ്രകാശും മത്സരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates