

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം മലപ്പുറം മണ്ഡലത്തിൽ നിന്നു മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സ്വന്തമാക്കിയപ്പോൾ അര ലക്ഷത്തിനു പുറത്ത് ഭൂരിപക്ഷം ഉയർത്തിയ നിരവധി പേരുണ്ട് ഇത്തവണ. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്. കുഞ്ഞാലിക്കുട്ടിയടക്കം 9 പേരാണ് ഇത്തവണ ഭൂരിപക്ഷം അര ലക്ഷം കടത്തിയത്.
കുഞ്ഞാലിക്കുട്ടിക്കു പുറമേ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയവരിൽ രണ്ടും മൂന്നും സ്ഥാനവും ലീഗ് സ്ഥാനാർഥികൾക്കു തന്നെ. 63,387 വോട്ടിന്റെ ഭൂരിപക്ഷവുമായി പിഎംഎ സമീർ (തിരൂരങ്ങാടി), 62,638 വോട്ടിന്റെ ഭൂരിപക്ഷവുമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മൂവരുമടക്കം ലീഗിലെ ആറ് പേർക്കാണ് അമ്പതിനായിരത്തിനു മുകളിൽ ഇത്തവണ ഭൂരിപക്ഷം കിട്ടിയത്. കോൺഗ്രസിലെ മൂന്ന് പേർക്കും അര ലക്ഷത്തിനു മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. അഡ്വ. എം റഹ്മത്തുല്ല (മഞ്ചേരി) 57,887, ടിപി അഷ്റഫ് അലി (കൊണ്ടോട്ടി) 56,017, ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ) 54, 851, ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) 52,907, ടിവി ഇബ്രാഹിം (വള്ളിക്കുന്ന്) 51,289, ഉമ തോമസ് (തൃക്കാക്കര) 50,211 എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുള്ളവർ.
നേരത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ കെകെ ശൈലജയാണ്. മട്ടന്നൂരില്‍ 60,963 വോട്ടിനാണ് ശൈലജ ജയിച്ചു കയറിയത്. കുഞ്ഞാലിക്കുട്ടിയും സമീറും ആബിദ് ഹുസൈൻ തങ്ങളും ഈ റെക്കോർഡ് മറികടന്നു. ഇത്തവണ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ പിടിച്ചത് 130666 വോട്ടാണ്. തൊട്ടടുത്ത എതിര്‍ സ്ഥാനര്‍ഥിയായ എന്‍സിപിയിലെ കെടി മുജീബ് റഹ്മാന്‍ നേടിയത് 45934 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി ആശ്വതി 9030 വോട്ടുകളാണ് നേടിയത്.
തലനാരിഴയുടെ ഭൂരിപക്ഷം
ഇത്തവണ ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയ സ്ഥാനാർഥി സിപിഎമ്മിന്റെ പ്രൊഫ. സി രവീന്ദ്രനാഥാണ്. മണലൂരിൽ ടിഎൻ പ്രതാപനെ വീഴ്ത്തിയത് വെറും 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അഴീക്കോട് ജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെവി സുമേഷിന്റെ ഭൂരിപക്ഷം 349, കഴക്കൂട്ടത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നപ്പോൾ വി മുരളീധരൻ ജയിച്ചു കയറിയത് 428 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ.
സഭാചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി ജയിച്ചയാള്‍ ആര്‍എസ്പിയുടെ എഎ അസീസ് ആണ്. 2001-ല്‍ ഇരവിപുരം മണ്ഡലത്തില്‍നിന്ന് 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മുസ്ലിം ലീഗിന്റെ ടിഎ മുഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയത്. പെരിന്തല്‍മണ്ണയില്‍നിന്ന് നജീബ് കാന്തപുരം 38 വോട്ടിനാണ് നിയമസഭയിലേക്ക് ജയിച്ചത്. ഇത് രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെ വിജയമാണ്. ഇടതുസ്വതന്ത്രനായിരുന്ന കെപിഎം. മുസ്തഫയായിരുന്നു എതിരാളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates