തിരുവനന്തപുരം: കേരള ബ്രാഹ്മണ സഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മെറിറ്റ് ഈവനിങ്' സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എൻ. ശേഷാദ്രിനാഥൻ ഉദ്ഘാടനം ചെയ്തു. തന്റെ അഭിഭാഷക ജീവിതത്തിൻറെ ആദ്യകാലങ്ങളിൽ കോഴിക്കോട്ട് പ്രവർത്തിക്കുമ്പോൾ കേരള ബ്രാഹ്മണ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായ കാര്യങ്ങൾ അദ്ദേഹം പ്രസംഗത്തിൽ അനുസ്മരിച്ചു. അക്കാലത്ത് മുൻ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷന് കോഴിക്കോട് തളിയിൽ സഭ നൽകിയ സ്വീകരണത്തിൽ പറഞ്ഞ വാക്കുകൾ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംവരണ ഇതര വിഭാഗങ്ങൾക്ക് അമ്പത് ശതമാനം മെറിറ്റ് അടിസ്ഥാനത്തിൽ വിദ്യഭ്യാസ-തൊഴിൽ മേഖലകളിൽ അവസരമുണ്ടെന്നും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നുമായിരുന്നു ടിഎൻ ശേഷൻ അന്ന് ഓർമ്മിപ്പിച്ചത്.
വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള മേഖലകളിൽ വളരാൻ മാതാപിതാക്കളും രക്ഷാകർത്താക്കളും പൂർണ്ണ പിന്തുണ നൽകണമെന്ന് എൻ. ശേഷാദ്രിനാഥൻ ഉപദേശിച്ചു. കല, കായിക, സാംസ്കാരിക രംഗങ്ങളിൽ കഴിവ തെളിയിക്കുന്നവരെ ആ വഴിക്ക് മുന്നേറാൻ അനുവദിക്കണം. മറിച്ച് സ്വന്തം ആഗ്രഹങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിച്ച് ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം സ്ഥാനത്തിനായി മത്സരിക്കണമെന്നും അതിന് സാധിച്ചില്ലെങ്കിലും ആദ്യ പത്ത് റാങ്കുകളിൽ ഉൾപ്പെടാൻ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.സഭയിലെ സ്കൂൾ, കോളേജ്, പ്രൊഫഷണൽ രംഗങ്ങളിൽ തിളങ്ങിയ അറുപതിലധികം പ്രതിഭകളെ ചടങ്ങിൽ സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി ആദരിച്ചു.
ബ്രാഹ്മണ സഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ടി.എസ്. മണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. സുരേഷ് സ്വാഗതം ആശംസിച്ചു. സഭയുടെ മാസികയായ 'വിപ്രധ്വനി' മുഖ്യ പത്രാധിപർ കെഎസ് വെങ്കിടസുബ്രഹ്മണ്യൻ മുഖ്യാതിഥിയെ സദസിന് പരിചയപ്പെടുത്തി. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച് ഗണേശ്, ഫോർട്ട് വാർഡ് കൗൺസിലർ ഹരികുമാർ, വനിതാ വിഭാഗ് സംസ്ഥാന പ്രസിഡന്റ് ശാന്തി മഹാദേവൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാധാ രംഗൻ, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ആർ എസ് ഹരിഹരൻ, ഫോർട്ട് സൗത്ത് ഉപസഭാ പ്രസിഡന്റ് എൻ ഗോപാലകൃഷ്ണ ശർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. യുവജന വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് എസ് അശ്വിൻ അവതാരകനായി. ജില്ലാ ട്രഷറർ എസ് ഹരിഹരൻ നന്ദി രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates