ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

ദളിത്, പിന്നാക്ക വിഭാഗങ്ങളെ ഒതുക്കിയതിൽ കോൺഗ്രസ് അധ്യക്ഷന് കടുത്ത അതൃപ്തി. എപി അനിൽകുമാറിനും എം ലിജുവിനും പ്രമുഖ വകുപ്പുകൾ നിഷേധിച്ചതിൽ തർക്കം
സതീശൻ സത്യപ്രതിജ്ഞ
സതീശൻ സത്യപ്രതിജ്ഞ
Updated on
2 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെച്ചൊല്ലി മുന്നണിയിലും കോൺഗ്രസിനുള്ളിലും ഹൈക്കമാൻഡ് തലത്തിലും കടുത്ത ഭിന്നതയും പൊട്ടിത്തെറിയും. ചരിത്രത്തിലാദ്യമായി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പോലും മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിക്കളഞ്ഞതായാണ് പുറത്തുവരുന്ന സൂചനകൾ.

സതീശൻ സത്യപ്രതിജ്ഞ
സതീശൻ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി; അന്തിമ പട്ടിക ഗവർണർക്ക് കൈമാറി

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്റെ പ്രധാന നയമായ സാമൂഹിക നീതിയും ബഹുസ്വരതയും അട്ടിമറിച്ചുകൊണ്ട് ദളിത്-പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാർക്ക് പ്രാധാന്യമില്ലാത്ത വകുപ്പുകൾ നൽകിയതിലുള്ള തന്റെ കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. എ പി അനിൽകുമാറിന് മുൻപ് ഉറപ്പുനൽകിയിരുന്ന ആരോഗ്യവും ദേവസ്വവും, എം ലിജുവിന് നൽകാനിരുന്ന സഹകരണ വകുപ്പും വെട്ടിമാറ്റിയതിൽ ഖാർഗെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ ഈ നിർദ്ദേശങ്ങൾക്ക് മുന്നിൽ വഴങ്ങാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറാകാതിരുന്നതോടെ, എഐസിസി നേതൃത്വം തുടർന്നുള്ള ചർച്ചകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ്.

സതീശൻ സത്യപ്രതിജ്ഞ
'വീട്ടിൽ നിന്നുപോലും വിമർശനമുണ്ട്, ശരീരഭാഷ മാറ്റും'; എം വി ഗോവിന്ദൻ

ലീഗിനെതിരെ ലത്തീൻ-സീറോ മലബാർ സഭകൾ

വകുപ്പ് വിഭജന ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് സംസ്ഥാനത്തെ രണ്ട് പ്രമുഖ ക്രൈസ്തവ സഭകൾ മുസ്ലിം ലീഗിനെതിരെ പരസ്യമായി രംഗത്തുവന്നത് പുതിയ സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിന് ഫിഷറീസ്, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ നൽകുന്നതിനെതിരെ ലത്തീൻ കത്തോലിക്കാ സഭയും സീറോ മലബാർ സഭയും കടുത്ത മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു. കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിൽ തങ്ങളുടെ സമുദായത്തിന് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന അമർഷത്തിനിടയിലാണ്, മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് കൈമാറരുതെന്ന് ലത്തീൻ സഭ ആവശ്യപ്പെടുന്നത്. ലീഗിന് ഫിഷറീസ് നൽകിയാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് ലത്തീൻ അതിരൂപതയുടെ മുന്നറിയിപ്പ്.

സതീശൻ സത്യപ്രതിജ്ഞ
രാഷ്ട്രീയത്തിൽ വ്യക്തിവൈരാഗ്യത്തിന് സ്ഥാനമില്ല; പിണറായി വിജയനും തന്നെപ്പോലെ ഒരു എംഎൽഎ മാത്രമെന്ന് ജി സുധാകരൻ

മറുഭാഗത്ത്, മുസ്ലിം ലീഗ് തങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് തിരികെ വേണമെന്ന കർശന നിലപാടിലാണ്. ലീഗിന്റെ ഈ നീക്കത്തിനെതിരെ സീറോ മലബാർ സഭയും അതിന്റെ പോഷക സംഘടനയായ കാത്തലിക് കോൺഗ്രസും ശക്തമായി രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്നും ഇത് റോജി എം. ജോണിന് നൽകണമെന്നുമാണ് സഭയുടെ ആവശ്യം. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ക്രൈസ്തവ സമൂഹത്തിന്റെ പങ്കിനെ അവഗണിക്കരുതെന്നും, വിദ്യാഭ്യാസം, വനം, ന്യൂനപക്ഷ ക്ഷേമം എന്നീ നിർണ്ണായക വകുപ്പുകൾ കോൺഗ്രസ് തന്നെ ഭരിക്കണമെന്നും കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കാവിയിൽ പരസ്യമായി ആവശ്യപ്പെട്ടു. മുൻകാല സംഭവങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും സഭ മുന്നോട്ടുവെക്കുന്നു.

സതീശൻ സത്യപ്രതിജ്ഞ
തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിക്കാന്‍ ചാണ്ടി ഉമ്മന്‍; പുതുപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര

മന്ത്രിമാർക്കിടയിലും പുകയുന്ന അതൃപ്തി; സി.പി. ജോണിന്റെ അനുനയ നീക്കം

ഘടകകക്ഷികളും സഭകളും തമ്മിലുള്ള തർക്കങ്ങൾക്ക് പുറമെ കോൺഗ്രസിലെ യുവമന്ത്രിമാർക്കിടയിലും വകുപ്പുകളെച്ചൊല്ലി കടുത്ത അമർഷം പുകയുകയാണ്. തങ്ങൾക്ക് വളരെ ചെറിയ വകുപ്പുകളാണ് മാറ്റിവെച്ചിരിക്കുന്നതെന്ന ആക്ഷേപവുമായി ടി. സിദ്ധിഖ്, എം. ലിജു എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. ടി. സിദ്ധിഖിന് ആദ്യം വനംവകുപ്പ് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് അത് ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് കൈമാറുകയായിരുന്നു. എം. ലിജുവിന് എക്സൈസ് വകുപ്പ് മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. ഇതിൽ ലിജു തികഞ്ഞ അതൃപ്തിയിലാണ്.

പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സിഎംപി നേതാവ് സി.പി. ജോൺ ചൊവ്വാഴ്ച രാത്രി വൈകി ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ ഈ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സഭകളുടെ അനാവശ്യമായ ഇടപെടലുകൾക്കെതിരെ മുസ്ലിം ലീഗ് അണികൾക്കിടയിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വകുപ്പ് വിഭജന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനോ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നത് കോൺഗ്രസിനുള്ളിലെ തർക്കത്തിന്റെ ആഴം വ്യക്തമാക്കുന്നു.

Summary

Satheesan defies Kharge as portfolio row dampens UDF victory euphoria

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com