

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏറെനാളായി ആശമാര്‍ സമരത്തിലാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വര്‍ധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വര്‍ധിപ്പിക്കും. ഗസ്റ്റ് ലക്ച്ചറര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വര്‍ധിപ്പിക്കും.
റബര്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന താങ്ങുവില കിലോക്ക് 200 രൂപയാക്കി ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ഡിഎ, ഡിആര്‍ കുടിശിക രണ്ട് ഗഡു ഈ വര്‍ഷം അനുവദിച്ചിരുന്നു.
ഈ വര്‍ഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറില്‍ വിതരണം ചെയ്യുന്ന പെന്‍ഷന്‍, ശമ്പളം എന്നിവയ്‌ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും. കുടുംബശ്രീ എഡിഎസിന് പ്രവര്‍ത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപ (19,470) നല്‍കും.
സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപയായി വര്‍ധിപ്പിച്ചു. പ്രതിവര്‍ഷം 5 കോടി അഞ്ച് ലക്ഷം രൂപയാണ് അധികമായി ചെലവാകുക. ഇതുവരെയുള്ള കുടിശിക മുഴുവനായും തീര്‍ക്കും. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ലഭ്യമാക്കും.
നെല്ലിന്റെ സംഭരണവില 28.20 രൂപ. ഇത് 30 രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.ഈ പ്രഖ്യാപനങ്ങളെല്ലാം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഇത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പട്ടികജാതിവിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അധികധനസഹായം, 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടിരൂപ ഒറ്റത്തവണയായും അധികധനസഹായമായി 220.25 കോടിരൂപയും അനുവദിക്കും.പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 40.35 കോടിരൂപ ഒറ്റത്തവണയായി അനുവദിക്കും.
മത്സ്യതൊഴിലാളി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് 25 കോടിരൂപ അനുവദിക്കും. ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി നൽകുന്നതിന് പണം അനുവദിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കാസ്പ്, കെബിഎഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കുടിശ്ശിക നിവാരണത്തിനായി അധികം വേണ്ട തുക കൂടിചേർത്ത് ഐബിഡിഎസ് മുഖേന പണം അനുവദിക്കും.
Kerala CM announces ₹1000 hike in ASHA worker honorarium
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
