

കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനായ മലയാള ചലച്ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി'യിൽ അനുവാദമില്ലാതെ തന്റെ സ്വകാര്യ മൊബൈൽ നമ്പർ ഉപയോഗിച്ചെന്ന യുവാവിന്റെ പരാതിയിൽ കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. വ്യക്തിവിവര മോഷണം, സ്വകാര്യതയുടെ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് നിർമ്മാതാക്കളായ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ, നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യ, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്, മെറ്റ ടെക്നോളജി പ്ലാറ്റ്‌ഫോംസ്, വാട്സാപ്പ്, ഭാരതി എയർടെൽ നോഡൽ ഓഫീസർമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
പരാതി അന്വേഷണത്തിനായി പൊലീസിന് കൈമാറാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. ഷംനാദ് ഉത്തരവിട്ടു. പരാതി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറുകയാണെന്നും, കുറ്റകൃത്യം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
2025 ഫെബ്രുവരിയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് മാർച്ചിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുകയും സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ വിവിധ ഭാഷകളിലായി ആഗോളതലത്തിൽ സിനിമ പ്രേക്ഷകരിലേക്ക് എത്തി. ചിത്രത്തിലെ ഒരു വനിതാ ഡോക്ടറുടെ കഥാപാത്രം ഉപയോഗിക്കുന്ന ഫോൺ നമ്പറായി തന്റെ സ്വകാര്യ മൊബൈൽ നമ്പറാണ് ഉപയോഗിച്ചിരുന്നതെന്ന് അടുത്തിടെയാണ് അറിഞ്ഞതെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
ഇതിന് പിന്നാലെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപരിചിതരിൽ നിന്ന് അശ്ലീലവും ഭീഷണിപ്പെടുത്തുന്നതുമായ നിരവധി കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിക്കാൻ തുടങ്ങിയെന്ന് പരാതിയിൽ പറയുന്നു. 2014 മുതൽ താൻ ഉപയോഗിക്കുന്നതും ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ളതുമായ നമ്പറാണ് സിനിമയിൽ അനുമതിയില്ലാതെ പ്രദർശിപ്പിച്ചത്. അനാവശ്യ കോളുകൾ തുടർച്ചയായി വന്നതോടെ വലിയ തോതിൽ മാനസിക വിഷമവും ബുദ്ധിമുട്ടും നേരിടേണ്ടിവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ കൊച്ചി സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും ക്രിമിനൽ നടപടികൾ ആരംഭിക്കാൻ അധികാരപരിധിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. തുടർന്ന് ഡിഐജിക്കും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ല. ചലച്ചിത്ര പ്രവർത്തകരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് സ്വകാര്യ അന്യായവുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
മൊബൈൽ നമ്പർ മറച്ചുവെക്കാതെ പ്രദർശിപ്പിച്ചതിലൂടെ തന്റെ സ്വകാര്യതയ്ക്കുള്ള അവകാശവും മറ്റ് മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ടുവെന്ന് പരാതിക്കാരൻ വാദിച്ചു. കൂടാതെ, ഐടി നിയമങ്ങൾ (2021) പ്രകാരമുള്ള ബാധ്യതകളും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെമാർഗ്ഗനിർദ്ദേശങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും മെറ്റയും ലംഘിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates