

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയം സ്റ്റാർ പദവി അപേക്ഷകൾ നിരസിച്ച ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ ഇനി പുതുക്കി നൽകില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു . ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളിലും സർക്കാരിന്റെ നിലപാട് ഇത് തന്നെയായിരിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്റ്റാർ പദവി ലഭിക്കാത്ത ചില ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബാർ ലൈസൻസ് പുതുക്കുന്നതിന് സ്റ്റാർ പദവി നിർബന്ധമാണെന്നും കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇത് നൽകുന്നതെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം സ്റ്റാർ പദവിക്കുള്ള അപേക്ഷകൾ പരിശോധിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ അനുമതിയോടെ ബാർ ലൈസൻസുകൾ പുതുക്കി നൽകാൻ സർക്കാർ തയ്യാറായത്. എന്നാൽ കേന്ദ്ര ടൂറിസം മന്ത്രാലയം അപേക്ഷ നിരസിച്ച സ്ഥാപനങ്ങളുടെ കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും, നിരസിക്കപ്പെട്ട ഹോട്ടലുകളുടെ പട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപേക്ഷ വൈകുന്നതിന് അപേക്ഷകരെ കുറ്റപ്പെടുത്താനാകില്ലെന്നും, എന്നാൽ കേന്ദ്ര മന്ത്രാലയം തന്നെ അപേക്ഷ നിരസിച്ചാൽ അത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദവി ലഭിക്കാത്ത ഹോട്ടലുകളുടെ വിവരങ്ങൾ ഇതുവരെ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും, വിവരങ്ങൾ ലഭിച്ചാലുടൻ അർഹമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരുകളുടെ കാലത്തും കേന്ദ്ര മന്ത്രാലയത്തിന്റെ കാലതാമസം കാരണം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഇടവരുത്തരുതെന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന്റെ സ്ഥലംമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം ഭരണപരമായ മാറ്റങ്ങൾ കേരളത്തിൽ പുതിയതല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates