ഇന്ത്യയിലാദ്യം: സഹകരണ മേഖലയിൽ വിമാന സർവീസ്; അനുമതി നൽകി സംസ്ഥാന സർക്കാർ

സഹകരണ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി
VD Satheesan
VD Satheesan
Edited By:
Updated on: 
1 min read

കോഴിക്കോട്: രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കേരള സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഇതിനായുള്ളഅനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. കോഴിക്കോട് കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംവിആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണന്റെ നേതൃത്വത്തിലാണ് പുതിയ ഏവിയേഷൻ സംരംഭം യാഥാർത്ഥ്യമാകുന്നത്. എംവിആർ കാൻസർ സെന്ററും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും വിജയകരമായി പടുത്തുയർത്തിയ വിദഗ്ദ്ധ സംഘമാണ് പുതിയ വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ മാതൃകയിൽ സഹകരണ മേഖലയിൽനിന്ന് ഒരു വിമാന സർവീസ് ആരംഭിക്കുക എന്ന വലിയ സ്വപ്നത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിന് മുന്നിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ യഥാർത്ഥ കരുത്തും മുന്നേറ്റവും അടയാളപ്പെടുത്തുന്ന ചരിത്രപരമായ പദ്ധതിയായി ഇത് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമ-നഗര സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ മേഖല. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും ബഹുമുഖ വികസന സംരംഭങ്ങളിലും സൊസൈറ്റികൾ നടത്തുന്ന മുന്നേറ്റം നാടിന്റെ പുരോഗതിയുടെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ നടത്തുന്ന എല്ലാ നിക്ഷേപങ്ങൾക്കും സർക്കാർ പൂർണ്ണ ഗ്യാരണ്ടി നൽകും. ദേശസാൽകൃത-ഷെഡ്യൂൾഡ് ബാങ്കുകളിൽ പണം നിക്ഷേപിക്കുന്ന ഇടപാടുകാർക്ക് ലഭിക്കുന്ന അതേ സുരക്ഷിതത്വവും ഉറപ്പും സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്കും ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള ഒരു അഴിമതിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. സാധാരണക്കാരുടെ വിയർപ്പായ പണം വെട്ടിക്കുന്നവർ എത്ര ഉന്നതരായാലും അവർക്ക് അർഹമായ സ്ഥാനം ജയിലിലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Summary

In a historic move, the Kerala government has granted permission to the Kerala Civil Aviation Development Cooperative Society to operate passenger flight services, Chief Minister V.D. Satheesan announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com